- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് വീണത് അഞ്ചു മാസം മുമ്പ്; ചെറു കുന്ന് ഇടിച്ചപ്പോഴുണ്ടായ വലിയ ഉറവകൾ അന്ന് ഉയർത്തിയതും ആശങ്ക; എല്ലാം പരിഹരിച്ച് ഡിസംബറിൽ വിമാനം ഇറങ്ങൽ; എയർസ്ട്രിപ്പിന്റെ ഉറപ്പിൽ സംശയം തുടരുമ്പോഴും ചെറുവിമാനത്താവളം ഇടുക്കിയുടെ പ്രതീക്ഷയ്ക്ക് കരുത്ത്; പുൽമേട് വഴി സന്നിധാനത്തേക്ക് എത്താനും അതിവേഗമാകും; ശബരിമല വിമാനത്താവളം ഇനി അനിവാര്യമോ? സത്രം എയർസ്ട്രിപ്പ് എത്തുമ്പോൾ
പീരുമേട്: ആകാശത്തെ തൊടാനുള്ള ഇടുക്കിയുടെ സ്വപ്നങ്ങൾക്ക് ചിറകായി സത്രം എയർസ്ട്രിപ് എത്തുമ്പോൾ ആശങ്കയും സംശയങ്ങളും തീരുന്നില്ല. എയർസ്ട്രിപ്പിൽ ആദ്യമായി വിജയകരമായി വിമാനമിറക്കി. ഇടുക്കി ജില്ലയിൽ ചെറുവിമാനങ്ങൾ ഇറങ്ങാനുള്ള ആദ്യത്തെ എയർസ്ട്രിപ്പാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കോട്ടയത്തിനും പത്തനംതിട്ടയ്ക്കും അടുത്താണ് ഈ ചെറു വിമാനത്താവളം. പ്രത്യേകിച്ച് ശബരിമലയ്ക്ക്.
എൻ.സി.സി. കേഡറ്റുകൾക്ക് പരിശീലനം നൽകാൻ നിർമ്മിച്ച വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ റൺവേയോടുചേർന്ന ഭാഗം ഇടിഞ്ഞുപോയത് വലിയ ചർച്ചയായിരുന്നു. ഇതോടെ, കോടികൾ മുടക്കിയ പദ്ധതി യാഥാർഥ്യമാകുമോ എന്ന ആശങ്കയും ശക്തമായി. റൺവേ പരിസരത്തെ മഴവെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയ ക്രമീകരണങ്ങൾ ഒരുക്കാത്തതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്. ഇത് പരിഹരിച്ചാണ് ഇപ്പോൾ റൺവേ ഒരുക്കിയത്. അഞ്ചു മാസം മുമ്പാണ് സത്രം എയർ സ്ട്രിപ്പിൽ മണ്ണിടിഞ്ഞ് ആശങ്ക ഉയർന്നത്. അതിന് ശേഷം അതിവേഗം എല്ലാം പരിഹരിച്ചുവെന്നാണ് അവകാശ വാദം.
അന്ന് അൻപതടിയോളം താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞത്. സംസ്ഥാന സർക്കാർ 13 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 90 ശതമാനവും പൂർത്തിയാകാറായിരുന്നു. റൺവേയിൽ ഏപ്രിലിലും ജൂണിലും ചെറുവിമാനമിറക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഇതേത്തുടർന്ന് റൺവേയുടെ മുന്നിലെ ചെറുകുന്ന് ഇടിച്ചുതാഴ്‌ത്തണമെന്ന നിർദ്ദേശം വന്നു. പൊതുമരാമത്ത് വകുപ്പ് ഈ പ്രവൃത്തി നടത്തിവരുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. റൺവേയോടുചേർന്ന് വലിയ ഉറവകൾ രൂപപ്പെടുകയും ചെയ്തു. ഇതെല്ലാം പരിഹരിച്ചാണ് വിമാനം എത്തിയത്. എയർ സട്രിപ്പിന് നല്ല ഉറപ്പുണ്ടെന്നാണ് ഔദ്യോഗിക വാദം,
സത്രം എയർസ്ട്രിപ് റൺവേയുടെ നീളം 650 മീറ്ററാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ വ്യോമസേനാ വിമാനങ്ങളും ഹെലികോപ്റ്ററുകളും എയർസ്ട്രിപ്പിൽ ഇറക്കാൻ കഴിയുമെന്നത് ഇടുക്കി ജില്ലയ്ക്ക് ഏറെ സഹായകരമാകും. ചെറുവിമാനങ്ങൾ, എയർഫോഴ്‌സ് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എയർസ്ട്രിപ്പിലേക്കുള്ള വഴി: കോട്ടയം-കുമളി റോഡിൽ വണ്ടിപ്പെരിയാറിൽ നിന്ന് 15 കിലോമീറ്റർ അകലെ. പത്തനംതിട്ടയിൽ നിന്ന് സീതത്തോട് - ആങ്ങമൂഴി - ഗവി വഴി വള്ളക്കടവിൽ എത്തി എയർസ്ട്രിപ്പിലേക്കു പോകാം. ശബരിമലയുടെ തൊട്ടു മുകളിലാണ് സത്രം. പുൽമേട് പാതയിലൂടെ സത്രം വിമാനത്താവളത്തിലെത്തുന്നവർക്ക് സന്നിധാനത്ത് അതിവേഗം എത്താം.
അതുകൊണ്ട് തന്നെ ചെറു വിമാനങ്ങൾ ഉപയോഗിച്ച് തീർത്ഥാടകർക്കും സന്നിധാനത്ത് എത്താം. ശബരിമലയിലെ നിർദ്ധിഷ്ട വിമാനത്താവളം ആവശ്യമാണോ എന്ന ചർച്ച പോലും ഇതോടെ ഉയരും. ശതകോടികൾ മുടക്കി എരുമേലിയിലെ ചെറുവള്ളിയിൽ വിമാനത്താവളം ശബരിമല തീർത്ഥാടകർക്ക് വേണ്ടി ഇനി ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ എന്ന ചർച്ചയാണ് ഉയുന്നത്.
സുരക്ഷാ ആശങ്കകളും പൂർണ്ണമായും പരിഹരിച്ചാൽ ഇടുക്കിക്ക് ആകെ നേട്ടായി സത്രം എയർസ്ട്രിപ്പ് മാറും. ഇതിനൊപ്പം പത്തനംതിട്ടയുടെ മലയോരത്തിനും. കോട്ടയവും ഇടുക്കിയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾക്കും ഈ വിമാനത്താവളം ഗുണം ചെയ്യും. ഇന്നലെ രാവിലെ 9.30നു കൊച്ചിയിൽ നിന്ന് പറന്നുയർന്ന വൈറസ് എസ്ഡബ്യു80 എന്ന ചെറുവിമാനമാണ് 10.30നു സത്രം എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്തത്. മിഗ് 21 ഫൈറ്റർ വിമാനങ്ങൾ പറത്തിയിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ എ.കെ.ശ്രീനിവാസ അയ്യരും ഉദയരവിയും ആണ് വിമാനം നിയന്ത്രിച്ചത്.
എൻസിസിക്കു വേണ്ടി സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് എയർസ്ട്രിപ് നിർമ്മിച്ചത്. എൻസിസി കെഡറ്റുകൾക്ക് പരിശീലനം നൽകുന്നതിന് 2017ൽ ആണ് സത്രം എയർസ്ട്രിപ്പിന്റെ നിർമ്മാണം തുടങ്ങിയത്. 4 ചെറുവിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനു വേണ്ടിയുള്ള ഹാംഗറിന്റെ നിർമ്മാണം, 50 എൻസിസി വിദ്യാർത്ഥികൾക്ക് പരിശീലനത്തിനു വേണ്ട സൗകര്യം എന്നിവ ഇവിടെ പൂർത്തിയായിക്കഴിഞ്ഞു. പെരിയാർ കടുവാസങ്കേതത്തിൽ നിന്ന് 630 മീറ്റർ അകലത്തിലാണ് എയർസ്ട്രിപ്.
മറുനാടന് മലയാളി ബ്യൂറോ