- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി പിന്തുണാ വിഷയത്തിൽ കത്തോലിക്കാ സഭയ്ക്കുള്ളിൽ ഏകാഭിപ്രായമില്ല; ക്രൈസ്തവർ സുരക്ഷിതരെന്ന ആലഞ്ചേരിയുടെ നിലപാടിനെതിരെ എറണാകുളം - അങ്കമാലി അതിരൂപതാ മുഖപത്രം; മതപീഡനങ്ങൾ പരിഗണിക്കാതെ നിലപാടാണ് സഭാ തലവന്മാർക്കെന്ന് വിമർശനം; നിഴലിക്കുന്നത് വിഭാഗീയത തന്നെ
കൊച്ചി: ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ കത്തോലിക്കാ സഭയ്ക്കുള്ളിൽ രണ്ട് അഭിപ്രായം. കർദിനാൽ ജോർജ്ജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഈ വിഷയത്തിലും രണ്ട് ചേരിയിലാണ്. സഭയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ തന്നെയാണ് ഈവിഷയത്തിൽ ഏക അഭിപ്രായം രൂപം കൊള്ളാതിരിക്കാനും കാരണം. ബിജെപി അനുകൂല നിലപാട് സ്വകരിച്ച മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വിമർശനവുമായി എറണാകുളംഅങ്കമാലി അതിരൂപത മുഖപത്രം 'സത്യദീപം' രംഗത്തുവന്നു.
ക്രൈസ്തവസഭാ തലവന്മാരുടേത് ബിജെപി പ്രീണനമാണെന്നാണ് സത്യദീപം വിമർശിക്കുന്നത്. രാജ്യത്ത് ക്രൈസ്തവർ സുരക്ഷിതരാണെന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിലപാടിനെയും 'സത്യദീപം' മുഖപ്രസംഗത്തിൽ വിമർശിച്ചു. മതപീഡനങ്ങൾ പരിഗണിക്കാതെ നിലപാടാണ് സഭാ തലവന്മാരുടേതെന്ന് സത്യദീപം ചൂണ്ടിക്കാട്ടി. വിജയിച്ച രാഷ്ട്രീയ നേതാവായി മോദിയെ അഭിനന്ദിക്കുന്ന അഭിമുഖത്തിൽ, ബിജെപിയുടെ കേരളത്തിലെ സ്വീകാര്യത വർധിക്കുന്നതായി അദ്ദേഹം വിലയിരുത്തുന്നുണ്ടെന്ന് മുഖപ്രസംഗത്തിലുണ്ട്.
ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ ഇന്ത്യയിൽ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കർദ്ദിനാളിന്റെ പരാമർശം, പക്ഷേ, സമകാലീക ക്രിസ്ത്യൻ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവൽക്കരിക്കുന്ന പ്രസ്താവനയായി ചെറുതായിപ്പോയെന്ന വിമർശനം എല്ലായിടത്തുനിന്നുമുണ്ടായെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. 2023 ഫെബ്രുവരി 20ന് ഡൽഹിയിലെ ജന്തർ മന്ദിർ ജനസാത്രമായത് എന്തിനാണെന്ന കാര്യം കർദ്ദിനാൾ മറന്നുപോയതാകുമെന്ന് മുഖപ്രസംഗം വിമർശിച്ചു. രാജ്യമാകെ തുടരുന്ന ക്രൈസ്തവ വേട്ടയിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രത്യക്ഷ സമരത്തിന്റെ കാര്യവും മുഖപ്രസംഗം എടുത്തുപറയുന്നുണ്ട്.
''2022ൽ മാത്രം 598 അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരെ നടന്നുവെന്നാണ് യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ കണ്ടെത്തൽ. ഛത്തീസ്‌ഗഡിലെ നാരായൺപുരിൽ നിന്നും ആയിരത്തോളം പേരാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടിയത്. മധ്യപ്രദേശിലെ ജാബുവാ രൂപതയിലെ വിവിധ പള്ളികളിൽ പൊലീസ് സംരക്ഷണയിലാണ് വിശുദ്ധ വാരാചാരണം പൂർത്തിയാക്കിയത്. മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കർദ്ദിനാൾ കാണാതെ പോയതെന്തെന്ന ചോദ്യവും വിമർശകർ ഉന്നയിക്കുന്നുണ്ട്. ബിജെപിക്ക് സമ്പൂർണാധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങൾ അരക്ഷിതരാകുമെന്ന് ഇപ്പോൾ കരുതാനാകില്ലെന്ന് കർദിനാൾ ആവർത്തിക്കുമ്പോഴും, കേരളത്തിനു പുറത്ത് ക്രൈസ്തവർക്ക് കാര്യങ്ങൾ ശുഭകരമല്ലെന്ന് തന്നെയാണ് വസ്തുതകൾ വ്യക്തമാക്കുന്നത്.' മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
''രാജ്യത്ത് ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് കോടതി, ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് അടിയന്തര റിപ്പോർട്ട് തേടിയെന്ന വാർത്ത ഇതിനോടു ചേർത്തുവായിക്കണം. ആൾക്കൂട്ടാക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കോടതി തേടുകയുണ്ടായി. ഛത്തീസ്‌ഗഡിൽ മാത്രം 600 അതിക്രമങ്ങൾ നടന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാർത്ഥനാ സമ്മേളനങ്ങൾ തടസപ്പെടുത്തിയും, വ്യാജ എഫ്‌ഐആർ രജിസ്റ്റർ ചെയ്തും അതിക്രമങ്ങൾ തുടരുന്ന സാഹചര്യം അതീവഗുരുതരമെന്നാണ് ഹർജിയിലുള്ളത്. വിദ്വേഷ പ്രസംഗങ്ങൾ തുടരുന്ന നേതാക്കളെ നിയന്ത്രിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഒന്നും ചെയ്യുന്നില്ല. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതെല്ലാം നിഷേധിക്കുന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്' മുഖപ്രസംഗം വിമർശിക്കുന്നു.
ഗോൾ വാർക്കറുടെ 'വിചാരധാര'യിൽ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളും, മുസ്ലിങ്ങളും, കമ്മ്യൂണിസ്റ്റുകാരും ഇന്നും മാറ്റമില്ലാതെ തുടരുമ്പോൾ സഭ നേതൃത്വത്തിന്റെ വിചാരധാരയിൽ അടിയന്തര മാറ്റമുണ്ടായതിന്റെ അടിസ്ഥാനം എന്തെന്നതിൽ വിശ്വാസികൾ അത്ഭുതപ്പെടുകയാണെന്ന് സത്യദീപം വാരികയുടെ മുഖപത്രത്തിൽ പറയുന്നു. ക്രൈസ്ത സമൂഹത്തിനെതിരായ പീഡനങ്ങൾ ഇന്ത്യയിൽ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കർദിനാളിന്റെ പരാമർശം സമകാലിക ക്രിസ്ത്യൻ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവത്കരിക്കുന്ന പ്രസ്താവനയായി വിമർശനമുയരുകയാണ്.
മതംമാറ്റ നിരോധന നിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കർദിനാൾ കാണാതെ പോയതെന്തെന്ന ചോദ്യവും വിമർശകർ ഉന്നയിക്കുന്നുണ്ടന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നു. ബിജെപിക്ക് സമ്പൂർണാധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങൾ അരക്ഷിതരാകുമെന്ന് ഇപ്പോൾ കരുതാനാകില്ലെന്ന് കർദിനാൾ ആവർത്തിക്കുമ്പോഴും കേരളത്തിന് പുറത്ത് ക്രൈസ്തവർക്ക് കാര്യങ്ങൾ ശുഭകരമല്ലെന്ന് തന്നെയാണ് വസ്തുതകൾ വ്യക്തമാക്കുന്നത്.രാജ്യത്ത് ക്രൈസ്തവരെ അടിച്ചമർത്തുന്ന അതിക്രമങ്ങൾക്കെതിരെ ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ച് കൊണ്ട് കോടതി ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടിയെന്ന വാർത്ത ഇതിനോട് ചേർത്ത് വായിക്കണം. ആൾക്കൂട്ടാക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കോടതി തേടുകയുണ്ടായി.
ഛത്തീസ്‌ഗഡിൽ മാത്രം 600 അതിക്രമങ്ങൾ നടന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാർത്ഥന സമ്മേളനങ്ങൾ തടസപ്പെടുത്തിയും വ്യാജ എഫ്‌ഐആർ രജിസ്റ്റർ ചെയ്തും അതിക്രമങ്ങൾ തുടരുന്ന സാഹചര്യം അതീവ ഗുരുതരമെന്നാണ് ഹർജിയിലുള്ളത്. വിദ്വേഷ പ്രസംഗങ്ങൾ തുടരുന്ന നേതാക്കളെ നിയന്ത്രിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഒന്നും ചെയ്യുന്നില്ല.കർണാടക സർക്കാർ 2023-ൽ പാസാക്കിയ മതം മാറ്റ നിരോധന നിയമം ആർട്ടിക്കിൾ 25ന്റെ നഗ്‌നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആർച്ച് ബിഷപ്പ് കോടതിയിലെത്തിയത്. ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതം പ്രസംഗിക്കാനോ, പ്രചരിപ്പിക്കാനോ അനുവദിക്കാത്ത വകുപ്പുകൾ കൊണ്ട് സമൃദ്ധമായ പ്രസ്തുത നിയമം പാവങ്ങൾക്ക് വേണ്ടി എന്തു ചെയ്താലും അതെല്ലാം മതം മാറ്റ നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയെന്നത് പിൻവലിക്കണമെന്നാണ് ആർച്ച് ബിഷപ് മച്ചാഡോയുടെ ആവശ്യം.
ഭാരതീയ കതോലിക്ക സഭയിലെ ഉത്തരവാദിത്തപ്പെട്ട ആർച്ച് ബിഷപ്പ് നയിക്കുന്ന അതീവ ഗുരുതരമായ ഇത്തരം ആശങ്കകളെ അവഗണിച്ച് കൊണ്ട് ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരാണെന്ന് കർദിനാൾ പറയുമ്പോൾ സുരക്ഷിതത്വത്തിന്റെ അർഥവും അത് ഏതാനും പേരുടെ മാത്രമെന്ന അനർഥവും തമ്മിൽ വല്ലാതെ കൂടിക്കുഴയുന്നുണ്ട്. ഇക്കാര്യത്തിൽ അഖിലേന്ത്യ മെത്രാൻ സമിതിയുടെ നിലപാട് എന്തെന്ന് അറിയാൻ താത്പര്യമുണ്ടെന്നും സത്യദീപത്തിന്റെ മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്. മത രാജ്യമായി മാറിപ്പോകാമായിരുന്ന ഭാരതത്തെ മതേതര രാജ്യമായി പുതുക്കിപ്പണിത നെഹ്റുവിയൻ കാലത്തെ അവഗണിച്ച് കൊണ്ട് ഹൈന്ദവികതയെ തീവ്രദേശീയതയായി മാറ്റിപ്പണിയുന്ന മോദികാലം ക്ഷേത്ര നിർമ്മാണത്തെ രാഷ്ട്ര നിർമ്മാണമായി അവതരിപ്പിക്കുകയാണന്ന രൂക്ഷ വിമർശനവും സത്യദീപം ഉന്നയിക്കുന്നു. സവർക്കറുടെ 'ആരാണ് ഹിന്ദു'വെന്ന ചോദ്യത്തിന് 'ഇന്ത്യയെ മാതൃരാജ്യമായും പുണ്യസ്ഥലമായും പരിഗണിക്കുന്നയാൾ' എന്ന ഉത്തരത്തിനുള്ളിൽ ഹിന്ദുത്വവും ദേശീയതയും ഒന്നായുള്ളടങ്ങുന്നുവെന്ന അപകടമുണ്ട്.
ഈസ്റ്റർ ദിനത്തിൽ ഏതാനും ക്രിസ്ത്യൻ വീടുകളിലും അരമനകളിലും ബിജെപി നേതാക്കൾ നടത്തിയ സന്ദർശനം രാഷ്ട്രീയ പ്രേരിതമല്ലായിരുന്നുവെന്ന് സമർഥിക്കുമ്പോഴും സന്ദർശനത്തിലെ രാഷ്ട്രീയം മതേതര കേരളത്തിന് മനസിലാകുന്നുണ്ട്. വിരുന്ന് വന്നവരോട് സ്റ്റാൻസ്വാമി കൊല്ലപ്പെട്ടതെങ്ങനെയെന്നും കാന്ദമാലിൽ ഇപ്പോഴും നീതി വൈകുന്നതെന്തുകൊണ്ടെന്നും ചോദിക്കാതെ തങ്ങളുടെ 'രാഷ്ട്രീയ മര്യാദ' മെത്രാന്മാർ കാണിച്ചു.ക്രൈസ്തവർക്കെതിരെ രാജ്യത്താകെ പെരുകുന്ന ആൾക്കൂട്ടാക്രമങ്ങളെ അപലപിക്കാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രിയെ ഈസ്റ്റർ ദിനത്തിൽ ഡൽഹി കത്തീഡ്രലിൽ പ്രാർത്ഥാനാഗീതം കേൾപ്പിച്ച് മടക്കിയ സഭ നേതൃത്വം അതേ കുറ്റത്തിൽ നിശബ്ദ പങ്കാളിയായെന്നും സത്യദീപം വ്യക്തമാക്കുന്നു. ഏകശിലാത്മകമായ ഭൂരിപക്ഷാധിത്യം ഏകാധിത്യ പ്രവണതകളോടെ ഭാരതത്തിൽ ചുവടുറപ്പിക്കുന്ന പുതിയ കാലത്ത് ജനാധിപത്യവും മതേതരത്വവും അപരിചിതമാകുന്ന അപകട സാധ്യതകളെ കുറിച്ച് പുറത്ത് പറയുകയെന്ന ഉത്തരവാദിത്വം നിസാര നേട്ടങ്ങൾക്ക് വേണ്ടി നിറവേറ്റാതിരുന്നാൽ കാലം മാപ്പ് തരില്ല. സഭ നേതൃത്വം ഇത് മറന്ന് പോകരുതെന്ന മുന്നറിയിപ്പും സത്യദീപം നൽകുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ