തിരുവനന്തപുരം: യൂട്യൂബർ സായ് കൃഷ്ണയ്‌ക്കെതിരെ കേട്ടാലറ‌യ്ക്കുന്ന ഭാഷയിൽ ഒന്നിലധികം കുറിപ്പുകളുമായി നർത്തകിയും കലാകാരിയുമായ കലാമണ്ഡലം സത്യഭാമ. അച്ചായൻസ് ഗോൾഡ് ഉടമ ടോണി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ വിമർശിക്കുകയും ചിലത് വ്യാജമാണെന്ന് ആരോപിക്കുകയും ചെയ്തതിനെ തുടർന്നാണ് സത്യഭാമയുടെ പ്രതികരണം.

സായ് കൃഷ്ണയെ സോഷ്യൽ അനിമൽ എന്ന് വിശേഷിപ്പിച്ച സത്യഭാമ, അയാൾക്ക് നിരവധി നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടെന്നും ആരോപിച്ചു. ഈ മുതുവാഴയുടെ മോന്ത കണ്ടാൽ എല്ലാവർക്കും മനസിലാകുമെന്നും പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്നുണ്ട്. സായി കൃഷ്ണയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സത്യഭാമയുടെ പ്രതികരണം. ഇവന് ഒരു മിഠായി എങ്കിലും ആർക്കേലും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് കുറിപ്പില്‍ സത്യഭാമ ചോദിക്കുന്നു.

ടോണിയെ പിന്തുണച്ചുകൊണ്ടുള്ള തന്റെ കുറിപ്പുകളിൽ, സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കി മറ്റൊരാളെ സഹായിക്കാൻ സായ് കൃഷ്ണയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നും സത്യഭാമ ചോദിച്ചു. കേട്ടാലറ‌യ്ക്കുന്ന ഭാഷയിൽ ഒന്നിൽ കൂടുതൽ കുറിപ്പുകളാണ് സായ് കൃഷ്ണയ്‌ക്കെതിരെ അവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. അച്ചായൻസ് ഗോൾഡ് ഉടമ ടോണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സത്യഭാമ ഇദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.

ടോണിയെ വ്യക്തിപരമായി അറിയില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ നിരവധി വിഡിയോകൾ കണ്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സ്വന്തം പണമെടുത്തു മറ്റൊരാളെ സഹായിക്കുന്ന ഒരാൾക്ക് എത്ര വിമർശനം വന്നാലും തല താഴ്ത്തേണ്ടി വരില്ലെന്ന് സത്യഭാമ പറഞ്ഞു. ഇങ്ങനെയുള്ള മനുഷ്യരെ എന്തിനാണ് ചെളി വാരിയെറിയുന്നതെന്നും, ടോണിയെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. മറ്റൊരു കുറിപ്പിൽ സായ്‌ക്കെതിരെ അസഭ്യ വർഷമാണ് സത്യഭാമ നടത്തുന്നത്.

നേരത്തെ അച്ചായൻസ് ഗോൾഡ് ഉടമ ടോണിക്കെതിരെ രൂക്ഷവിമർശനവുമായി സായ് കൃഷ്ണ രം ഗത്തെത്തിയിരുന്നു. അച്ചായൻസ് ഗോൾഡ് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കേവലം പി.ആർ. ഗിമ്മിക്കുകളാണെന്ന ആരോപണവുമായി സായ് കൃഷ്ണ നടത്തിയത്. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീട്, താൻ പാവപ്പെട്ടവർക്ക് വെച്ചുനൽകിയതാണെന്ന് പറഞ്ഞ് ടോണി വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം.

തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു ദമ്പതികൾക്ക് ടോണി തന്റെ '40 കട 40 വീട്' പ്രൊജക്റ്റിന്റെ ഭാഗമായി 31-ാമത്തെ വീട് നൽകിയെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ, ഈ വീട് യഥാർത്ഥത്തിൽ കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം ലഭിച്ചതാണെന്ന് മറ്റൊരു യൂട്യൂബറുടെ (രജനീഷ്) വീഡിയോ തെളിവായി നിരത്തി സീക്രട്ട് ഏജന്റ് ആരോപിക്കുന്നു.

നവംബറിൽ ടോണി പാലുകാച്ചൽ നടത്തി താക്കോൽ കൈമാറിയ അതേ വീട്ടിൽ, ഡിസംബറിൽ എത്തിയ രജനീഷ് എന്ന യൂട്യൂബറോട് ആ വീട്ടുടമസ്ഥർ പറഞ്ഞത് ഇത് പഞ്ചായത്ത് നൽകിയ സ്ഥലത്ത് ലൈഫ് മിഷൻ വഴി ലഭിച്ച വീടാണെന്നാണ്. പണി പൂർത്തിയാകാത്ത വീടിന് മുന്നിൽ വെച്ചാണ് അവർ സർക്കാരിനോടുള്ള നന്ദി രേഖപ്പെടുത്തുന്നത്. എന്നാൽ ഇതിന് മുൻപേ അച്ചായൻ അവിടെയെത്തി താൻ നിർമ്മിച്ച വീടാണെന്ന് പറഞ്ഞ് വീഡിയോ ഷൂട്ട് ചെയ്തത് എങ്ങനെയെന്ന് സീക്രട്ട് ഏജന്റ് ചോദിക്കുന്നു.

തന്റെ വീഡിയോകളിൽ താൻ ദൈവതുല്യനാണെന്നും തന്നെ ദൈവം അയച്ചതാണെന്നും ടോണി പറയുന്ന ഡയലോഗുകൾ തികഞ്ഞ നാടകമാണെന്ന് സീക്രട്ട് ഏജന്റ് പറയുന്നു. കുട്ടികൾക്ക് പണം നൽകുന്ന വീഡിയോകളിൽ പോലും വലിയ തോതിലുള്ള ഡ്രാമയാണ് നടക്കുന്നത്.

പൊതുഖജനാവിലെ പണം ഉപയോഗിച്ച് നിർമ്മിച്ച ലൈഫ് മിഷൻ വീട് സ്വന്തം പേരിൽ ക്ലെയിം ചെയ്ത ടോണിക്കെതിരെ സർക്കാർ കേസെടുക്കണമെന്നും ലൈഫ് മിഷൻ അധികൃതർ ഇത് അന്വേഷിക്കണമെന്നും യൂറ്റൂബർ ആവശ്യപ്പെടുന്നു. ഈ വീഡിയോയ്ക്ക് മറുപടിയായാണ് സത്യഭാമ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ ,നടി സനേഹ ശ്രീകുമാറിനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയിരുന്നു. മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ സ്‌നേഹ പ്രതികരിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്നേഹയെയും സത്യഭാമ ആക്ഷേപിച്ചിരിക്കുന്നത്.

സ്നേഹക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയും വ്യക്തിപരമായും, കുടുംബത്തെയും ഉൾപ്പെടെ ആക്ഷേപിച്ചുമാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ സത്യഭാമയുടെ പ്രതികരണം. ‘‘പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വിഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ.’’വിഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു അധിക്ഷേപ പോസ്റ്റുമായി സത്യഭാമ വീണ്ടും രംഗത്തെത്തിയിയിരിക്കുന്നത്.