റിയാദ്: വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് സൗദി അറേബ്യ. കഴിഞ്ഞ ഒരു വർഷത്തിനിടെ മുന്നൂറിലധികം പേരുടെ വധശിക്ഷയാണ് രാജ്യം നടപ്പാക്കിയത്. ഈ വർഷം ഇതുവരെ കുറഞ്ഞത് 347 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോർട്ട്. ഇതോടെ, സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി മാറി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിലാണ് ശിക്ഷാനടപടികളുമായി സൗദി അറേബ്യ മുന്നോട്ട് പോകുന്നത്

തുടർച്ചയായ രണ്ടാം വർഷമാണ് 300-ൽ അധികം പേരെ സൗദി വധശിക്ഷയ്ക്ക് വിധേയരാക്കുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വധശിക്ഷാ വിരുദ്ധ സംഘടനയായ റിപ്രൈവ് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ. കണക്കുകൾ പ്രകാരം, മയക്കുമരുന്ന് കടത്ത്, കൊലപാതകം, തീവ്രവാദം എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെയാണ് ഭൂരിഭാഗം വധശിക്ഷകളും നടപ്പാക്കിയിരിക്കുന്നത്. 2024-ൽ മാത്രം ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് മനുഷ്യാവകാശ സംഘടനയായ 'ആംനസ്റ്റി ഇന്റർനാഷണൽ' ചൂണ്ടിക്കാട്ടുന്നു.

2022-ൽ ഒരു ദിവസം തന്നെ 81 പേരുടെ വധശിക്ഷ നടപ്പാക്കിയത് ലോകമെമ്പാടും വലിയ ചർച്ചയായിരുന്നു. ആ റെക്കോർഡും ഭേദിക്കുന്ന രീതിയിലേക്കാണ് ഇപ്പോഴത്തെ കണക്കുകൾ വിരൽ ചൂണ്ടുന്നത്. ഈ വർഷം വധശിക്ഷയ്ക്ക് വിധേയരായവരിൽ മൂന്നിൽ രണ്ട് ഭാഗവും മയക്കുമരുന്നുമായി ബന്ധപ്പെട്ടതോ മാരകമല്ലാത്ത മറ്റ് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരോ ആണ്. ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് റിപ്രൈവ് ചൂണ്ടിക്കാട്ടുന്നു.

അവസാനമായി വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരിൽ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പാകിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നു. വധശിക്ഷ നടപ്പാക്കപ്പെട്ടവരിൽ ഒരു മാധ്യമപ്രവർത്തകനും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. സൗദിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് യുവാക്കളും ഈ പട്ടികയിലുണ്ട്; അറസ്റ്റിലാവുമ്പോൾ ഇവർ പ്രായപൂർത്തിയാകാത്തവരായിരുന്നു എന്നതും ശ്രദ്ധേയമാണ്. മയക്കുമരുന്ന് കേസുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും വിദേശികളാണ്. റിപ്പോർട്ട് പ്രകാരം, 96 വധശിക്ഷകൾ ഹാഷിഷുമായി മാത്രം ബന്ധപ്പെട്ട കേസുകളിലാണ്.

പാകിസ്ഥാൻ, ഈജിപ്ത്, സിറിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ഭൂരിഭാഗവും. മയക്കുമരുന്ന് കടത്തു കേസുകളിലാണ് വിദേശികൾ കൂടുതലായും ശിക്ഷിക്കപ്പെടുന്നത്. വർഷാവർഷം സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. പ്രത്യേകിച്ച്, 2022 മുതൽ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ നടപ്പാക്കുന്നത് വലിയ തോതിൽ വർധിച്ചു. മനുഷ്യാവകാശ സംഘടനകൾ ഈ വിഷയത്തിൽ സൗദി അറേബ്യയെ നിരന്തരം വിമർശിച്ചുവരികയാണ്.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത് സൗദി അറേബ്യ കുറച്ചു കാലത്തേക്ക് നിർത്തിവെച്ചിരുന്നു. എന്നാൽ 2022 അവസാനത്തോടെ ഈ വിലക്ക് നീക്കി വീണ്ടും കടുത്ത ശിക്ഷാനടപടികൾ ആരംഭിക്കുകയായിരുന്നു. രാജ്യത്തെ യുവതലമുറയെ മയക്കുമരുന്നിൽ നിന്ന് സംരക്ഷിക്കുന്നതിനും ക്രിമിനൽ സംഘങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിനുമാണ് വധശിക്ഷ നടപ്പാക്കുന്നതെന്നാണ് സൗദി ഭരണകൂടത്തിന്റെ നിലപാട്.