ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിനാശംസ. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം എത്തിയത്. ഇത് വിവാദമായി മാറിയിട്ടുണ്ട്. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെയാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ഇല്ലെന്നതും ശ്രദ്ധേയമാണ്.

''നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍, നമുക്ക് ഓര്‍മിക്കാം - ഐക്യത്തിലൂടെയും, സഹാനുഭൂതിയിലൂടെയും, പ്രവര്‍ത്തിയിലൂടെയും നാം പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നത്'' എന്നാണ് ചിത്രം പങ്കുവച്ച് മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ എഴുതിയിരിക്കുന്നത്. ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് സഹമന്ത്രി.

'സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷന്‍' എന്നാണ് പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കുറിപ്പ്. പോസ്റ്ററില്‍ നെഹ്‌റുവിനെ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിനെതിരേ വലിയതോതില്‍ വിമര്‍ശനമാണ് ഉയരുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കാളിത്തവുമില്ലെന്ന് മാത്രമല്ല ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞ വ്യക്തിയാണ് സര്‍വര്‍ക്കറെന്ന വിമര്‍ശനം ബിജെപിക്കെതിരെ പ്രതിപക്ഷം നിരന്തരം ഉയരുമ്പോഴാണ് ഈ പോസ്റ്റര്‍ വരുന്നത്. ഈ വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ വിമര്‍ശനവും വന്നു. ഇതിന് ശേഷമാണ് പുതിയ പോസ്റ്റര്‍ വരുന്നത്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പോസ്റ്റര്‍ പെട്രോളിയം മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് പിന്‍വലിച്ചിട്ടില്ല. സവര്‍ക്കറെ ഗാന്ധിജിക്ക് മുകളില്‍ പ്രതിഷ്ഠിച്ചത് ചരിത്രപരമായി അനുചിതമാണെന്നും സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ അവഗണിക്കുന്നതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.