കണ്ണൂർ: വടകര പാർലമെന്റ് മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാറ്റും പൊടിയും അടങ്ങിയിട്ടും വർഗീയ പ്രചരണങ്ങൾ നടക്കുന്നു വെന്ന ആരോപണങ്ങൾ അന്തരീക്ഷത്തിൽ നിലനിൽക്കുമ്പോഴും നിർധന കുടുംബത്തിന് തലചായ്ക്കാൻ ഇടം നൽകി പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ പാർട്ടികൾ. സി.പിഎമ്മും ബിജെപിയും മുസ്ലിം ലീഗുമാണ് രാഷ്ട്രീയം മറന്ന് ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാൻ കൈ മെയ് മറന്ന് ഒന്നിച്ചത്.

കതിരൂരിലെ സവിതക്കും മക്കൾക്കും വീടൊരുക്കാൻ കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചത് നാടിന് ആശ്വാസമേകിയിട്ടുണ്ട്.എല്ലാത്തിനും മുകളിലാണ് മനുഷ്യനെന്നും ബുദ്ധിമുട്ടിൽ കൂടെയുള്ളവരെ ചേർത്ത് നിർത്തുന്നതാണ് എറ്റവും വലിയ രാഷ്ട്രീയമെന്നും മനുഷ്യത്വമാണ് മതമെന്നും ഈ പ്രവൃത്തിയിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഏഴു വർഷം മുൻപാണ്ഓട്ടോ ഡ്രൈവറായിരുന്ന സവിതയുടെ ഭർത്താവ് പ്രദീപന്റെ മരണം. രണ്ട് കുട്ടികളുമായി എന്തു ചെയ്യണമെന്നറിയാതെ ഇവർ നിരാലംബമായി നിൽക്കുകയായിരുന്നു.

തട്ടിക്കൂട്ടിയ കാറ്റിലും മഴയിലും ചായുകയും ചെരിയുകയും ചെയ്യുന്നകൂരയിൽ ഉറപ്പില്ലാത്ത ജീവിതമായിരുന്നു ഇത്രയും കാലം. ഇവരുടെ ദുരിതം കണ്ടറിഞ്ഞ് വീടൊരുക്കാൻ നാട്ടുകാർ രാഷ്ട്രീയ ഭേദമന്യേജനകീയ കമ്മിറ്റിയുണ്ടാക്കി. നിരവധിപേർ സഹായവുമായി രം?ഗത്തെത്തി. പ്രദേശത്തെ ബിജെപിവർത്തകർ വീടിന്റെ കോൺക്രീറ്റ് ഏറ്റെടുത്തു. സിപിഎമ്മിന്റെ പി. കൃഷ്ണപിള്ള സാംസ്‌കാരിക കേന്ദ്രം ടൈൽസ് സ്‌പോൺസർ ചെയ്തു. നാട്ടുകാരനായ വി.പി.സമദ് ചുമര് തേയ്ക്കാനുള്ള പണം നൽകി.

വയർമെൻ അസോസിയേഷൻ സൗജന്യമായി ഇലക്ട്രിക്കൽ ജോലികൾ ചെയ്തു. കതിരൂർ സഹകരണ ബാങ്ക് മുതൽ കെഎസ്ഇബി വരെ ഒപ്പം നിന്നു. എട്ട് മാസം കൊണ്ട് എട്ട് ലക്ഷം ചെലവിൽ സവിതക്ക് തണലൊരുങ്ങുകയായിരുന്നു. നാടാകെ തന്നെ ഏറ്റെടുത്തിരിക്കുകയാണ് ഇവരുടെ ഗൃഹപ്രവേശം.