- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്‌ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
കൊച്ചി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് പിടിയിലായി ജാമ്യം ലഭിച്ച സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ സ്വീകരണം. സവാദിനെ ആലുവ സബ് ജയിലിൽ നിന്ന് ഹാരം അണിയിച്ച് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറാണ് സ്വീകരിച്ചത്. നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശിയായ സവാദിന് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വലിയൊരു മാധ്യമപ്പട തന്നെ സവാദ് പുറത്തിറങ്ങുന്നതും, സ്വീകരണം നൽകുന്നതും ചിത്രീകരിക്കാൻ ഉണ്ടായിരുന്നു.
തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസിൽ വച്ച് സവാദ് നഗ്‌നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ കണ്ടക്ടർ ഇടപെട്ട് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇന്നത്തെ സ്വീകരണം കൊണ്ട് മരണത്തെ മുന്നിൽ കണ്ട് വരുന്ന അദ്ദേഹം മാറണമെന്നും അന്തസായി ജീവിക്കാൻ പറ്റുമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കണമെന്നും വട്ടിയൂർക്കാവ് അജിത് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സവാദിന് എതിരെ വ്യാജ പരാതിയാണെന്നും ഇൻസ്റ്റഗ്രം ഫോളോവേഴ്സിനെ കൂട്ടാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നും അജിത് കുമാർ ആരോപിച്ചു. സെലിബ്രിറ്റിയാകാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അജിത്തിന്റെ പ്രതികരണം നടത്തിയത്. കള്ളപരാതിയാണെന്ന് ആരോപിച്ച് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകി.
'ആത്മഹത്യ മുന്നിൽ കണ്ടാണ് സവാദ് ജയിലിൽ നിന്നിറങ്ങുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനു പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുള്ളിക്കാരൻ ആകെ തകർന്ന് വല്ലാത്തൊരവസ്ഥയാണ്. ഞാനവിടെ കാണാൻ പോയിരുന്നു. നിരാശയാണ്. ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാൽ ആള് എന്തും ചെയ്യാം. ആ മാനസികാവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. ഒരുപാട് അംഗങ്ങൾ വരും. ഞങ്ങളൊക്കെ കൂടി സ്വീകരിച്ച് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യം'- അജിത് കുമാർ പറഞ്ഞു.
''ഞാൻ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറാണ്. ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ സവാദ് വിഷയവുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങൾ പറയാനാണ് വന്നിരിക്കുന്നത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം, സവാദ് എന്ന് പറയുന്ന ഒരു യുവാവ് നിരപരാധി ആയ യുവാവ്, തെറ്റു ചെയ്യാത്ത ഒരാൾ ഒത്തിരി ദിവസമായി ജയിലിൽ കിടക്കുകയാണ്. ഒരു തെളിവും ഇല്ലാത്ത, ഒരു തെളിവും ഹാജരാക്കാൻ പറ്റാത്ത കേസിലാണ് അദ്ദേഹം ജയിലിൽ കിടക്കുന്നത്.'
''ഒരു നിരപരാധി ആയ ഒരു പുരുഷനെ ഒരു പെണ്ണിന്റെ, അവൾ സെലിബ്രിറ്റി ആകാൻ വേണ്ടി കാണിച്ച കുതന്ത്രത്തിന്റെ അടിസ്ഥാനത്തിൽ, അവൾ കൊടുത്ത വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു യുവാവ് ജയിലിൽ കിടക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബം ഇന്ന് വീട് ഉപേക്ഷിച്ച് വേറെ എവിടെയോ പോയി ഒളിവിൽ താമസിക്കുകയാണ്. സമൂഹത്തിൽ പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ.
ഇന്ന് ഇത് സവാദിനാണെങ്കിൽ നാളെ ഇത് എന്നെ കേൾക്കുന്ന നിങ്ങൾക്കോ എനിക്കോ വരാം. എനിക്ക് ഏതു നിമിഷവും വരാനുള്ള സാഹചര്യമുണ്ട്. കാരണം ഒത്തിരി സ്ത്രീകളുടെ കോളുകൾ വരുന്നുണ്ട്. വിഡിയോ കോളിൽ അവർ വളരെ മോശം വിഡിയോ അവരുടെ ശരീര ഭാഗങ്ങൾ കാണിച്ചുകൊണ്ട് വിഡിയോ ചെയ്യാറുണ്ട്. അപ്പോൾ ഇതിൽ നമ്മൾ വീഴാതിരിക്കുക എന്നതാണ് വലിയ കാര്യം. പുരുഷന്മാരുടെ ലൈംഗിക ദാരിദ്യം, കേരളത്തിൽ നല്ലവരായിട്ടുള്ള വലിയൊരു വിഭാഗം പുരുഷന്മാർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അതിനെ സ്ത്രീകൾ ദുരുപയോഗം ചെയ്യുകയാണ്. അതിനെ മുതലെടുത്താണ് ഈവക കാര്യങ്ങളെല്ലാം നടക്കുന്നത്.
ആ പെൺകുട്ടി തന്നെ ഈ വിഷയം ഉണ്ടായതിനു ശേഷം ലൈവിൽ വന്നിരുന്ന് പറയുന്നത് കേട്ടാലറിയാം. സാധാരണ ഗതിയിൽ വേദനയോടും ഞെട്ടലോടും കൂടിയാകും ഇത്തരം വിഷയങ്ങൾ പെൺകുട്ടികൾ ലൈവിൽ പറയുക. ഇവിടെ ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടുകയായിരുന്നു ആ പെൺകുട്ടിയുടെ ലക്ഷ്യം. ഒരു സെലിബ്രിറ്റിയാകുക. ഏതു മേഖലയിലും അവൾക്ക് എത്തിപ്പെടണം. മോഡലായതുകൊണ്ടുതന്നെ ഫിലിമിലോ ബിഗ് ബോസിലോ ഒക്കെ എത്തിപ്പെടാൻ വേണ്ടി ഒരു എടുത്തുചാട്ടമാണ് നടത്തിയത്. അതുപക്ഷേ, ഒരു കുഴിയിലേക്ക് ആയിപ്പോയി.'
''പുറത്തിറങ്ങിയാൽ സ്വന്തം വാപ്പയുടെയും ഉമ്മയുടെയും പെങ്ങളുടെയും മുഖത്ത് എങ്ങനെ നോക്കും എന്നൊരു മാനസികാവസ്ഥ അദ്ദേഹത്തിനുണ്ട്. ഒരുപക്ഷേ, ആത്മഹത്യ മുന്നിൽ കണ്ടുകൊണ്ടായിരിക്കാം അദ്ദേഹം ജയിലിൽനിന്ന് ഇറങ്ങാൻ പോകുന്നത്. അപ്പോൾ അതുകൊണ്ട് നമ്മൾ അദ്ദേഹത്തിന് ആലുവ സബ് ജയിലിൽനിന്ന് ഇറങ്ങുന്നതിന്റെ അന്ന് സ്വീകരണം കൊടുക്കുകയാണ്. ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹാരം അണിയിച്ച് സ്വീകരണം കൊടുത്ത് അദ്ദേഹത്തെ നമ്മൾ കൊണ്ടുവരും.; - അജിത് കുമാർ പറഞ്ഞു.
ഈ മാസം 16 ന് ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. സിനിമാപ്രവർത്തകയായ തൃശ്ശൂർ സ്വദേശിനി ഷൂട്ടിങ്ങിനായി കെ.എസ്.ആർ.ടി.സി. ബസിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലിയിൽ നിന്നാണ് സവാദ് ഈ ബസിൽ കയറിയത്. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലിയിൽനിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാൻ തുടങ്ങി.
കൈ കൊണ്ട് യുവതിയെ ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി സീറ്റിൽനിന്ന് ചാടി എഴുന്നേറ്റു പരാതി പറഞ്ഞു. ഉടൻ ഓടിയെത്തിയ കണ്ടക്ടർ നിങ്ങൾക്ക് പരാതിയുണ്ടോ? എന്ന ചോദ്യം ചോദിക്കുന്നത്. ഉടൻ തന്നെ പരാതിയുണ്ടെന്ന് യുവതി അറിയിച്ചു. ഇതോടെ ബസിന്റെ വാതിലുകൾ തുറക്കരുതെന്ന് ഡ്രൈവർക്ക് കണ്ടക്ടർ നിർദ്ദേശം നൽകി. എന്നാൽ,അത്താണി സിഗ്‌നലിൽ ബസ് നിർത്തിയപ്പോൾ സവാദ് പുറത്തേക്ക് ഇറങ്ങിയോടി.
തുടർന്ന് കണ്ടക്ടർ യുവാവിനെ പടിച്ചു നിരത്താൻ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും യുവതി പുറത്തുവിട്ട വീഡിയോയിൽ കാണാവുന്നതാണ്. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു.
ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്ന് യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.