കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി അബ്ദുള്‍ സനൂഫ് കേരളം വിട്ടു. ഇതിന് സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജില്‍ എത്തിയതും പിന്നീട് മുങ്ങിയതും. പ്രതിയുടെ സുഹൃത്തിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.

മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഫസീലയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഫസീലയ്ക്കൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന അബ്ദുള്‍ സനൂഫിനെ തേടി പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കാറിന്റെ വിവരങ്ങള്‍ കിട്ടുന്നത്. തൃശൂര്‍ തിരുവല്ലാമല്ല സ്വദേശിയാണ് അബ്ദുള്‍ സനൂഫ്. പ്രതിക്ക് പാസ്പോര്‍ട്ട് ഇല്ലെന്നും പൊലീസ് കണ്ടെത്തി.

35കാരിയായ ഫസീലയും സനൂഫും ഞായറാഴ്ച രാത്രി 11 മണിക്കാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മൂന്ന് ദിവസത്തേക്ക് മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതി മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോയി. മുറിയെടുക്കുന്ന സമയത്ത് സനൂഫ് നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമായിരുന്നു. പ്രതിക്കായി തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്.

സനീഫ് വന്ന കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. സനൂഫിന്റെ പേരില്‍ ഫസീല നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം. രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൊലപ്പെടുത്തിയശേഷം സനൂഫ് കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സനൂഫ് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. സനൂഫിനെതിരെ ഫസീല ഒറ്റപ്പാലത്ത് പീഡനക്കേസ് നല്‍കുകയും 89 ദിവസത്തോളം ഇയാള്‍ ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയശേഷം വീണ്ടും ഇരുവരും സൗഹൃദം തുടര്‍ന്നു. ഞായറാഴ്ച ഇരുവരും കോഴിക്കോടെത്തി മുറിയെടുത്തു. ഒരു ദിവസത്തേക്കായിരുന്നു മുറിയെടുത്തത്. എന്നാല്‍, തിങ്കളാഴ്ചയും ഇവര്‍ ഇവിടെ താമസിച്ചു. കൂടുതല്‍ ദിവസം മുറി ആവശ്യമുണ്ടെന്നും പണം ഒരുമിച്ച് തരാമെന്നും സനൂഫ് പറഞ്ഞിരുന്നുവത്രേ. എന്നാല്‍, ചൊവ്വാഴ്ച ലോഡ്ജ് ജീവനക്കാരന്‍ എത്തിയപ്പോള്‍ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീണ്ടും എത്തി മുറി തുറന്നപ്പോഴാണ് ഫസീലയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

സനൂഫ് ഉപയോഗിച്ച മറ്റൊരു ഫോണ്‍ നമ്പര്‍ സംബന്ധിച്ച വിവരം സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ്, കമീഷണറുടെയും അസി.കമീഷണറുടെയും ക്രൈം സ്‌ക്വാഡ്, സൈബര്‍ ടീം എന്നിവരാണ് കേസന്വേഷിക്കുന്നത്.