കോഴിക്കോട്: കാർഷിക ലോണുകാരിൽനിന്നും പ്രോസസ്സിങ് ഫീസ് കമ്മീഷൻ എന്ന പേരിൽ 12,000 രൂപവരെ ബാങ്കുകൾ അമിത പണം ഈടാക്കുന്നതായി പരാതി. വഞ്ചിക്കുന്നത് കർഷകർക്ക് നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ്(നബാർഡ്) മുഖേന ലഭിക്കുന്ന വായ്‌പ്പാ പദ്ധതിയിൽനിന്നെന്ന് കർഷകനും പരാതിക്കാരനുമായ കോടഞ്ചേരി കാളംപറമ്പിൽ വീട്ടിൽ ദേവസ്യ.

തന്റെ കയ്യിൽനിന്നും ഇത്തരത്തിൽ എസ്.ബി.ഐ കോടഞ്ചേരി ബ്രാഞ്ച് 11,050രൂപ അമിതമായി ആവശ്യപ്പെട്ടുവെന്നും സമാനമായ വിവിധ ബാങ്കുകളിൽനിന്നും ഇത്തരത്തിൽ അമിത പണം ഈടാക്കുന്നുണ്ടെന്നും ദേവസ്യ പറയുന്നു. ഇത്തരത്തിൽ ബാങ്കുകാർ നടത്തുന്നത് തട്ടിപ്പാണെന്നും ഇതിനെതിരെ പ്രതികരിക്കാൻ സമാനമായ പണം നഷ്ടപ്പെട്ടവർ അടുത്ത ദിവസം ഒത്തുചേരുന്നുണ്ടെന്നും ഇതിനെതിരെ നിയമ-പ്രത്യക്ഷ നടപടികളെ കുറിച്ചു അന്നേദിവസം ചർച്ചചെയ്യുന്നുമെന്നും ദേവസ്യ പറയുന്നു.

കർഷകർക്ക് നബാർഡ് മുഖേന ബാങ്കുകൾ വഴി ലഭിക്കുന്ന വായ്‌പ്പയിലാണു ഇത്തരത്തിൽ തട്ടിപ്പുനടക്കുന്നത്. തന്റെ പണം നഷ്ടപ്പെട്ടതിനെ കുറിച്ച് താൻ നബാർഡ് മാനേജർ റിയാസ്, കോഴിക്കോട് ലീഡ് ബാങ്കായ കനറാബാങ്കിന്റെ മാനേജർ മരളീധരൻ എന്നിവർക്കും തിരുവനന്തപുരം എസ്.ബി.ഐ ജനറൽ മാനേജർക്കും പരാതി നൽകിയിരുന്നു. ഇതിനു ഒന്നരമാസം മുമ്പു കോടിഞ്ചേരി ബാങ്കിനും പരാതി നൽകി. എന്നാൽ ഒരു നടപടിയുമുണ്ടായില്ല.

കർഷകർക്കു നബാർഡ് മുഖേനയുള്ള കാർഷിക ലോൺ ഏഴു ശതമാനം പലിശക്ക് ലഭിക്കുന്നത്. തുടർന്നു ഇവ കൃത്യമായി അടക്കുന്നവർക്കു മൂന്നുശതമാനം സബ്സിഡിയും ലഭിക്കുന്നുണ്ട്. ഇത്തരം കർഷകർ നാലുശതമാനം മാത്രം പലിശ അടച്ചാൽ മതി. ഈ ലോൺ പണം എടുക്കുന്നവരുടെ കയ്യിൽനിന്നാണ് പ്രോസസ്സിങ് ഫീസ് കമ്മീഷൻ എന്ന പേരിൽ വലിയ തുക ഈടാക്കുന്നതെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി. എന്നാൽ ഇത്തരത്തിൽ പരാതി ഉയർന്ന തിരുവമ്പാടി എസ്.ബി.ഐയിലെ ബ്രാഞ്ചിൽിനന്നും പ്രാസസ്സിങ് ഫീസ് കമ്മീഷൻ എന്ന പേരിൽ വാങ്ങിയ 11,300രൂപ വാഴേപ്പറമ്പിൽ ജോർജ് എന്ന കർഷകന് തിരിച്ചു നൽകിയിരുന്നു. ഇത് തട്ടിപ്പാണെന്നതിന് തെളിവാണു ഒരു ബാങ്കിൽനിന്നും പിടിച്ച പണം തിരിച്ചു നൽകിയതെന്നും ദേവസ്യ ആരോപിക്കുന്നു.

ദേവസ്യ നൽകിയ പരാതിയിൽ പറയുന്ന മറ്റുകാര്യങ്ങൾ ഇങ്ങിനെയാണ്....താൻ ഏറെകാലമായ എസ്.ബി.ഐ കോടഞ്ചേരി ബ്രാഞ്ചിൽനിന്നും കൃഷി ആവശ്യത്തിന് ലോൺ എടുക്കുന്ന വ്യക്തിയാണ്. 2021ൽ അഞ്ചുവർഷത്തേക്ക് ലോൺ വീണ്ടും പുതുക്കിയതായിരുന്നു. കെ.സി.സി ക്രെഡിറ്റ് കാർഡും ഉണ്ട്. ഇന്നുവരെ ഒരു തവണപോലും അവധി തെറ്റാതെ വായ്പ പുതുക്കി വരുന്നുണ്ട്. എന്നാൽ എന്നെ അറിയിക്കാതെ എന്റെ സ്ഥലത്തിന്റെ കുടിക്കടം ബാങ്ക് തന്നെ എടുപ്പിച്ച് 150 രൂപയുടെ സ്ഥാനത്ത് 400രൂപ എന്റെ എസ്.ബി അക്കൗണ്ടിൽനിന്നും പിൻവലച്ചു. ഇത്തരത്തിൽ മുമ്പു ഉണ്ടായിട്ടില്ല.

എന്നാൽ ഈ വർഷം എന്റെ ലോൺ പ്രൊസസിങ് കമ്മീഷൻ എന്ന കണക്കിൽ 2022 സെപ്റ്റംബറിൽ 1050 രൂപയും 2022 ഒക്ടോബർ മാസത്തിൽ 10,000രൂപയും പലിശക്കു പുറമെ പാസ്ബുക്കിൽ ചേർത്തതായും കാണുന്നു. കുത്യമായി ലോൺ അടക്കുന്ന കാർഷിക ലോണിന് ഏഴൂ ശതമാനം പലിശക്കുനൽകുന്ന വായ്പക്കു മൂന്നു ശതമാനം പലിശ സബ്സിഡി ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോ ഞാനെടുത്ത ലോണിന് എട്ടുശതമാനത്തിലധികം പലിശ(പോസസിങ് കമ്മീഷൻ ഉൾപ്പെടെ) വരുന്ന സഹചര്യമാണ്. ഇത് കർഷകർക്ക് താങ്ങാൻ കഴിയുന്നതല്ല. കാർഷിക വിളകൾക്ക് എല്ലാത്തിനും വിലതകർച്ച മൂലം നട്ടം തിരിയുന്ന കർഷകരോട് ഇങ്ങിനെ ചെയ്യുന്നത് അനീതിയാണെന്നുമാണ് പരാതിയിൽ പറയുന്നത്.

അതേ സമയം നബാർഡ് പോലുള്ള കേന്ദ്ര ധനകാര്യ സ്ഥാപനങ്ങൾ കർഷകർക്കും ഗ്രൂപ്പുകൾക്കും വഴി കാട്ടാനും കാലാനുസൃതമായ ധനകാര്യ വഴികൾ കാട്ടാനും സന്നദ്ധരായി രംഗത്തുള്ളത്. കർഷകർക്ക് നേരിട്ടും അല്ലാതെയും കൃഷി വികസനത്തിനും ക്ഷീരമേഖലയിലെ വളർച്ചയ്ക്കും മത്സ്യബന്ധന രംഗത്തെ സംരംഭങ്ങൾക്കുമെല്ലാം സഹായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ നബാർഡിന്റെ ഓഫിസിൽ കയറിച്ചെന്ന് ലോൺ തരുമോ, വായ്പ തരുമോ എന്നു ചോദിച്ചാൽ അവർ കൈമലർത്തുകയേ ഉള്ളൂ. കാരണം നേരിട്ട് ഒരു ധനസഹായവും നബാർഡ് ചെയ്യുന്നില്ല.

അംഗീകൃത ബാങ്കുകൾ വഴിയും സഹകരണ സ്ഥാപനങ്ങൾ വഴിയുമൊക്കെയാണ് നബാർഡിന്റെ കർഷക സഹായ ഫണ്ടുകൾ വിതരണം ചെയ്യുന്നത്. അവ തന്നെ കർഷകർ വിവിധ കാർഷിക പദ്ധതികൾക്കായി എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ്, സബ്സിഡി തുടങ്ങിയവ വഴി. കർഷകർക്ക് നേരിട്ട് കൊടുക്കാതെ അവരുടെ അക്കൗണ്ടിൽ ലോൺ തിരിച്ചടവിനു സമാനമായാണ് ഫണ്ട് നൽകുക. വിവിധ രൂപങ്ങളിൽ നബാർഡിന്റെ ഫിനാൻഷ്യൽ സപ്പോർട്ടോടുകൂടി കൃഷി മേഖലയുടെ വളർച്ചയ്ക്ക് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.