- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുപോകാം; സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്; ഹര്‍ജികളില്‍ ഇടപെടാനില്ല; ഹൈക്കോടതി വിധി ദുരുപയോഗം ചെയ്യപ്പെടാമെന്ന എതിര് വാദം തള്ളി; വിഷയങ്ങള്‍ ഹൈക്കോടതി പരിഗണിക്കട്ടെയെന്നും സുപ്രീംകോടതി
ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുപോകാം
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസമേകി കൊണ്ട് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി. ഹര്‍ജികളില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയങ്ങള്‍ കേരള ഹൈക്കോടതി പരിഗണിക്കട്ടെയെന്നാണ് കോടതി പറഞ്ഞത്.
സംഗമത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കരുതെന്നും, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പരാതികളുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം. ഹൈക്കോടതിയുടെ നിബന്ധനകള്‍ക്ക് വിധേയമായി സംഗമം നടത്തണം.
ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി നല്‍കിയ അനുമതിയെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.. ഈ അനുമതി അപകടകരമായ കീഴ്വഴക്കമാണെന്നും, ഇത് സര്‍ക്കാരുകള്‍ക്ക് മതപരമായ ചടങ്ങുകളുടെ മറവില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ വഴിയൊരുക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഹൈക്കോടതിയിലെ ഹര്‍ജിക്കാര്‍ ആയിരുന്ന വി.സി. അജികുമാര്‍, ഡോ. പി.എസ്. മഹേന്ദ്ര കുമാര്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സംഗമം നടത്തുന്നതെന്നും, പമ്പാ തീരത്ത് ഇത് നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും അജികുമാറിന്റെ ഹര്‍ജിയില്‍ വാദിച്ചു. പ്രാഥമിക കാര്യങ്ങള്‍ പോലും പരിശോധിക്കാതെയാണ് ഹൈക്കോടതി ഈ തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അജികുമാറിന് വേണ്ടി ടോം ജോസഫ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഡോ. പി.എസ്. മഹേന്ദ്ര കുമാറിന്റെ ഹര്‍ജിയില്‍, പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായും ആരോപിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമം തടഞ്ഞില്ലെങ്കില്‍, ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് ഇത്തരം ചടങ്ങുകളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ സാധിക്കുമെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടാമെന്നും ഹര്‍ജിയില്‍ വാദിച്ചു. എം.എസ്. വിഷ്ണു ശങ്കര്‍ ആണ് മഹേന്ദ്ര കുമാറിന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ, ചില വ്യവസ്ഥകള്‍ക്ക് വിധേയമായി സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പമ്പയുടെ പരിശുദ്ധി സംരക്ഷിക്കണം, പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കരുത്, സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം, സംഗമം കഴിഞ്ഞ് 45 ദിവസത്തിനകം ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം, സാധാരണ തീര്‍ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍, ഹൈക്കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന വാദം പരിഗണനയ്ക്ക് വന്നെങ്കിലും സംഗമം ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്നും ഹര്‍ജിക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.