- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം: പാഠപുസ്തക രചയിതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചു; യാത്രപ്പടിയോ അലവന്‍സോ നല്‍കാതെ എസ്സിഇആര്‍ടിയുടെ ഒളിച്ചു കളി; അധ്യാപക സഹായികളുടെ രചനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അധ്യാപകര്‍ വിട്ടു നില്ക്കുന്നു: കുട്ടികളുടെ ഭാവി തുലാസില്‍
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം
തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിപരിഷ്‌കരണത്തിന്റെ ഭാഗമായി 2023-24 അധ്യയനവര്‍ഷം മുതല്‍ ആരംഭിച്ച പാഠപുസ്തകരചനയില്‍ പങ്കെടുത്ത അധ്യാപകര്‍, വിഷയവിദഗ്ദ്ധര്‍, പാഠപുസ്തകക്കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക് യാത്രപ്പടിയോ അലവന്‍സോ നല്‍കാതെ എസ്സിഇആര്‍ടിയുടെ ഒളിച്ചു കളി. വന്‍ തുകയാണ് ഓരോരുത്തര്‍ക്കും ലഭിക്കാനുള്ളത്. ഇതോടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബാധിക്കുന്നത് കുട്ടികളെയാണ്. കുഞ്ഞുങ്ങളുടെ ഭാവി തുലാസിലായിട്ടും സര്‍ക്കാര്‍ ചെയ്ത ജോലിയുടെ കൂലി കൊടുക്കാന്‍ തയാറല്ല. ഇടത് അധ്യാപക സംഘനകളില്‍പ്പെട്ടവരാണ് പാഠപുസ്തക രചനയില്‍ പങ്കെടുത്തിട്ടുള്ളത്. സംഘടനയുടെ വിലക്ക് വരുമെന്ന ഭയന്ന് ഇവര്‍ ഇക്കാര്യം തുറന്നു പറയാനോ പരസ്യമായി എതിര്‍ക്കാനോ തയാറല്ല. ഇവര്‍ ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളില്‍ പലരും പ്രതിഷേധം പരസ്യമാക്കി സര്‍ക്കാരിനെതിരേ ആഞ്ഞടിക്കുകയാണ്. വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പക്ഷേ, ആര് കൊടുക്കുമെന്നതാണ് ചോദ്യം.
വിവിധ ജില്ലകളില്‍നിന്നായി എണ്ണൂറില്‍ അധികം അധ്യാപകരാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി പാഠപുസ്തകരചനയില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതേ അംഗങ്ങള്‍ തന്നെയാണ് അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം, അധ്യാപക പരിശീലനത്തിനുള്ള മൊഡ്യൂള്‍ എന്നിവ തയ്യാറാക്കുന്നതും സംസ്ഥാനതലം മുതല്‍ അധ്യാപകപരിശീലനത്തിന് നേതൃത്വം വഹിക്കുന്നതും. ഓരോരുത്തരും പങ്കെടുത്ത പകുതി പോലും ശില്പശാലകളുടെ ആനുകൂല്യങ്ങള്‍ ഇതുവരെ കൊടുത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചു് അധ്യാപകര്‍ അധ്യാപക സഹായികളുടെ രചനാപ്രവര്‍ത്തനങ്ങളില്‍ വിട്ടുനില്‍ക്കുകയാണ് . അതിനാല്‍ യഥാസമയം ഇവ അധ്യാപകരില്‍ എത്തിക്കാന്‍ സാധിക്കാത്തത് അധ്യാപക ശാക്തീകരണത്തെയും വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഗുണനിലവാരത്തെയും ബാധിച്ചിരിക്കുകയാണ്.
ഒന്നാം ടേമില്‍ പത്താംക്ലാസില്‍ പഠിപ്പിക്കേണ്ടിയിരുന്ന അഞ്ചുയൂണിറ്റ് ഗണിതശാസ്ത്രത്തിന്റെ മൂന്നു യൂണിറ്റ് അധ്യാപക സഹായി മാത്രമേ എസ്സിഇആര്‍ടി പ്രസിദ്ധീകരിച്ചിട്ടുള്ളൂ. പലവിഷയങ്ങള്‍ക്കും ഈ വീഴ്ച സംഭവിച്ചിട്ടുണ്ട്. അക്കാദമികവര്ഷം പകുതിയോടടുക്കുമ്പോഴും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
പാഠപുസ്തകരചയിതാക്കളുടെ യാത്രപ്പടിയും മറ്റാനുകൂല്യങ്ങളും വൈകുന്നതുമൂലം അധ്യാപകര്‍ വിട്ടുനില്‍ക്കുന്നതും തന്മൂലം അക്കാദമികപ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതും അധികൃതര്‍ ഗൗരവമായെടുക്കുന്നില്ല. യഥാസമയം ഫണ്ട് വാങ്ങിയെടുക്കുന്നതില്‍ എസ്സിഇആര്‍ടി കാണിച്ച അലംഭാവവും ഇതുവരെ അനുവദിക്കപ്പെട്ട ഫണ്ടിന്റെ വരവുചെലവുകണക്കും വിനിയോഗ സര്‍ട്ടിഫിക്കറ്റും ധനവകുപ്പില്‍ യഥാസമയം നല്‍കാത്തതും ഫണ്ട് ചെലവഴിക്കുന്നതില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതും കൂടുതലായി ആവശ്യപ്പെട്ട തുക അനുവദിച്ചുകിട്ടുന്നതില്‍ തടസമായിട്ടുണ്ട്. ഇതുവഴി ഏതാണ്ട് അഞ്ചുകോടി രൂപയാണ് കുടിശിക വരുത്തിയിരിക്കുന്നത് .
രണ്ടുവര്‍ഷമായി ആയിരക്കണക്കിനുരൂപ ഓരോ അധ്യാപകരും കയ്യില്‍ നിന്നുചെലവഴിച്ചിട്ടും, യാത്രപ്പടി കൊടുക്കാന്‍ പോലും എസ്സിഇആര്‍ടി തയ്യാറാകുന്നില്ല. വിവിധ ശില്പശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ ക്രമത്തിലും സമയബന്ധിതമായും തീര്‍പ്പാക്കുന്നതില്‍ എസ്സിഇആര്‍ടിയിലെ ഫിനാന്‍സ് വിഭാഗത്തിന്റെ അലംഭാവവും നിരുത്തരവാദിത്വവും അംഗീകരിക്കാവുന്നതല്ല. അവധിക്കാല അധ്യാപക പരിശീലനത്തിനു മുന്നോടിയായിട്ടുള്ള മൊഡ്യൂള്‍ നിര്‍മ്മാണത്തിനും സംസ്ഥാന മേഖലാതല ശില്പശാലകള്‍ക്കും സര്‍വ്വ ശിക്ഷ അഭിയാന്‍ വഴി സ്റ്റാര്‍സ് പ്രോജെക്ടില്‍ നിന്നും അനുവദിച്ച രണ്ടേകാല്‍ കോടി രൂപ പോലും വിതരണം പൂര്‍ത്തിയാക്കുന്നതിന്, കഴിഞ്ഞ അഞ്ചുമാസമായി ഫിനാന്‍സ് വിഭാഗം വീഴ്ച വരുത്തിയിരിക്കുകയാണ്.
അധ്യാപകപരിശീലനത്തിന്റെ മൊഡ്യൂള്‍ നിര്‍മാണവും തുടര്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കുമെന്ന സൂചന നല്‍കിയതിനെ തുടര്‍ന്ന്, കഴിഞ്ഞ ഏപ്രിലില്‍ അതുവരെയുള്ള കുടിശിക ഘട്ടം ഘട്ടമായി തന്നുതീര്‍ക്കും എന്ന് എസ്സിഇആര്‍ടി ഡയറക്ടര്‍ ഉറപ്പുനല്‍കിയിട്ട് അഞ്ചുമാസം പിന്നിട്ട സാഹചര്യത്തില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്കും നിയമനടപടികളിലേക്കും പോകാന്‍ ഒരുങ്ങുകയാണ് പാഠപുസ്തകരചനയില്‍ പങ്കെടുത്ത അധ്യാപകര്‍.
ടി.എ ഫോമും അക്വിറ്റന്‍സും ആദ്യമേ തന്നെ ഒപ്പിട്ടു വാങ്ങി പണം ബാങ്കിലേക്ക് വരുമെന്ന് പറഞ്ഞാണ് അധ്യാപകരെ പറ്റിക്കുന്നത്. പണം കൈപ്പറ്റിയതായി ഒപ്പിട്ടു കൊടുത്തിരിക്കുന്നതിനാല്‍ അത് കിട്ടിയില്ലെന്ന് പറയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. 25 ശില്‍പശാലകളില്‍ പങ്കെടുത്തവര്‍ക്ക് അതില്‍ രണ്ടെണ്ണത്തിന്റെ മാത്രം ആനുകൂല്യമാണ് ലഭിച്ചിട്ടുള്ളത്.
കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലില്‍ 13 ക്ലാസ് എടുത്ത അധ്യാപകന് രണ്ടെണ്ണത്തിന് മാത്രമാണ് പ്രതിഫലം ലഭിച്ചത്. വീഡിയോ എഡിറ്റിങ്, ഷൂട്ടിങ് എന്നിവ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കിയവരാണ് അതു പോലും തിരിച്ചു കിട്ടാതെ കടക്കെണിയിലായിരിക്കുന്നത്. വിക്ടേഴ്്സ് ചാനലില്‍ 18 എപ്പിസോഡ് ക്ലാസെടുത്ത അധ്യാപകന് സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവായത് 75,000 രൂപയോളമാണ്. ഒറ്റപ്പൈസ പോലും എസ്സിഇആര്‍ടി അനുവദിച്ചിട്ടില്ല. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കിയും കുട്ടികളുടെ ഭാവിയോര്‍ത്തുമാണ് രണ്ടു വര്‍ഷത്തോളം സഹകരിച്ചതെന്നും ഇപ്പോള്‍ അത് അബദ്ധമായിപ്പോയെന്ന് തോന്നുവെന്നും അധ്യാപകര്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കണക്ക് സമര്‍പ്പിക്കാത്ത 15 സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുവിദ്യാഭ്യാസവും ഉള്‍പ്പെടുന്നു. ഇവര്‍ക്കുള്ള ഫണ്ട് തടയുമെന്ന് എ.ജി മുന്നറിയിപ്പും നല്‍കിയിരുന്നു. വിവിധ വകുപ്പുകള്‍ വരവ് ചെലവ് കണക്ക് സമര്‍പ്പിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ കടമെടുപ്പ് വരെ പ്രതിസന്ധിയിലാണ്.