- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലവ്യഞ്ജനവും പച്ചക്കറിയും പാചകവാതകവും ഉൾപ്പെടെയുള്ള ചെലവുകൾക്ക് ഒരു കുട്ടിക്ക് നൽകുന്നത് വെറും എട്ട് രൂപ; കടം വാങ്ങിയും പിരിവെടുത്തും സാധനം വാങ്ങി മുടിഞ്ഞ് അദ്ധ്യാപകർ; സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വേണ്ടത് അടിയന്തര സർക്കാർ ഇടപെടൽ
കോട്ടയം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പ്രതിസന്ധിയിലാകുന്നത് അദ്ധ്യാപകർ. പദ്ധതിയുടെ തുക വർധിപ്പിക്കാത്തതിനാലും അത് സമയത്ത് ലഭിക്കാത്തതിനാലും അദ്ധ്യാപകർ കടംകയറി മുടിയുകയാണ്. കുട്ടിക്ക് എട്ടുരൂപയാണ് സർക്കാർ നൽകുന്നത്. ഇതുകൊണ്ട് എന്നും ചോറും കറിയും നൽകണം. ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും കൊടുക്കണം. അരി സപ്ലൈക്കോവഴി ലഭിക്കും. സാധനങ്ങൾക്ക് വില കൂടുമ്പോൾ എട്ട് രൂപയ്ക്ക് എങ്ങനെ ഉച്ചഭക്ഷണം കൊടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
പലവ്യഞ്ജനവും പച്ചക്കറിയും പാചകവാതകവും ഉൾപ്പെടെ ബാക്കി ചെലവുകൾക്ക് തുക മതിയാകില്ലെന്നതാണ് വസ്തുത. സർവീസിൽനിന്ന് വിരമിക്കാൻ പോകുന്ന പ്രഥമാധ്യാപകരിൽ പലരും കടക്കാരാണ്. വർഷങ്ങൾക്കുമുൻപാണ് ഒരു കുട്ടിക്ക് എട്ടുരൂപയെന്ന് നിശ്ചയിച്ചത്. സാധനങ്ങളുടെ വില വർധിച്ചിട്ടും വിഭവങ്ങൾ കൂടിയിട്ടും തുക ഉയർത്തിയില്ല. ഉച്ചഭക്ഷണം കൊടുത്തില്ലെങ്കിൽ അദ്യാപകർ സർക്കാരിന്റെ കണ്ണിലെ കരടാകും. അതുകൊണ്ട് കടകളിൽ നിന്നും കടം വാങ്ങി അവർ ഉച്ചഭക്ഷണം കൊടുക്കുന്നു.
12 രൂപയെങ്കിലും ഒരു കുട്ടിക്ക് ചെലവാകും. ശരാശരി 250 കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാൻ ഒരു ഗ്യാസ് സിലിൻഡർ നാലുദിവസത്തേക്കേ കാണൂ. പ്രതിമാസച്ചെലവും വിവരങ്ങളും ആദ്യവാരത്തിൽത്തന്നെ സർക്കാരിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. പക്ഷേ പണം കൃത്യസമയത്ത് കിട്ടത്തുമില്ല. ഉച്ചഭക്ഷണവിതരണം മുടങ്ങിയാലുണ്ടാകുന്ന പ്രതിസന്ധിയും പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് പലരും കിട്ടുന്ന ശമ്പളത്തിന്റെ ഒരുഭാഗം ഇതിനായി ചെലവഴിക്കുന്നത്.
പാചകത്തൊഴിലാളികൾക്ക് ഡിസംബറിനുശേഷം ശമ്പളം കിട്ടിയില്ല. ഇവർക്ക് ചെറിയ സാമ്പത്തികസഹായങ്ങൾ നൽകിയും മറ്റുമാണ് പല സ്‌കൂളുകളും ഉച്ചഭക്ഷണവിതരണം നടത്തുന്നത്. ശരാശരി 600 രൂപയാണ് ഒരു പാചകത്തൊഴിലാളിക്ക് നൽകേണ്ട ദിവസ വേതനം. ഹോട്ടലിൽ ജോലിക്ക് പോകുന്നവർക്ക് 1500 രൂപ ശരാശരി കിട്ടും. അതുകൊണ്ട് തന്നെ പാചകത്തൊഴിലാളിയെ കണ്ടെത്തുന്നതുപോലും വെല്ലുവിളിയാണ്.
പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്നാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. ആദ്യം കൂലി കിട്ടട്ടെ, പിന്നെയാകാം ഇതൊക്കെ എന്ന് പാചകത്തൊഴിലാളികൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ