- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പിലൂടെ ചോർത്തിയ സംഭവത്തിൽ സസ്പെൻഷനിലായ അദ്ധ്യാപകന് പിന്തുണ പ്രഖ്യാപിച്ച് സ്‌കൂൾ അധികൃതർ; സ്‌കൂൾ വാർഷികത്തിൽ ആദരം; വെൽവിഷർ അവാർഡ് നൽകിയത് സ്കൂളിന് വേണ്ടി യത്നിച്ചതിന്
പത്തനംതിട്ട: പത്താം ക്ലാസ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായി പരാതി ഉയർന്നതിനെ തുടർന്ന് സസ്പെൻഷനിലായ അദ്ധ്യാപകന് പഠിപ്പിച്ച സ്‌കൂളിന്റെ ആദരം. മുട്ടത്തുകോണം എസ്എൻഡിപി എച്ച്എസ്എസിലെ മുൻ ഹെഡ്‌മാസ്റ്റർ എസ്. സന്തോഷിനെയാണ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചത്. 2021 ഏപ്രിൽ 19 ന് നടന്ന കണക്കു പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്.
പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളിൽ ചോദ്യ പേപ്പർ പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു. സ്വന്തം സ്‌കൂൾ ഗ്രൂപ്പിലെ കണക്ക് ടീച്ചർമാർക്ക് വേണ്ടി ഇട്ടു കൊടുത്തതാണെന്നും ചോദ്യങ്ങൾ സോൾവ് ചെയ്ത് ഉത്തരം വാങ്ങി കുട്ടികൾക്ക് നൽകാൻ വേണ്ടിയാണ് ചോദ്യ പേപ്പർ ചോർത്തിയതെന്നും ആരോപണമുയർന്നു. 126 ഹെഡ്‌മാസ്റ്റർമാരാണ് ഗ്രൂപ്പിലുള്ളത്. ഇവരിൽ ചിലർ അപ്പോൾ തന്നെ ഡിഇഓയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
9.40 നാണ് കുട്ടികളെ പരീക്ഷയ്ക്കായി ക്ലാസിൽ കയറ്റുന്നത്. 10 മണിക്ക് കുട്ടികൾക്ക് ചോദ്യപേപ്പർ നൽകും. 12 മണിക്ക് കുട്ടികൾ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതു വരെ ചോദ്യപേപ്പർ അതീവ രഹസ്യ സ്വഭാവമുള്ള രേഖയാണ്. 10 മണിക്ക് ചോദ്യപേപ്പർ നൽകി 10.30 ആയപ്പോഴാണ് ഡിഇഓയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചോദ്യപേപ്പറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. പ്രയാസമേറിയ ചോദ്യങ്ങൾ സോൾവ് ചെയ്ത് ഉത്തരം നൽകുന്നതിന് വേണ്ടിയാകണം ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത് അയച്ചതെന്ന് കരുതുന്നു. സ്വന്തം അദ്ധ്യാപകരുടെ ഗ്രൂപ്പിലേക്ക് അയച്ച ചിത്രം മാറി ഡിഇഓയുടെ ഗ്രൂപ്പിലെത്തുകയായിരുന്നുവെന്ന് പറയുന്നു.
ചോദ്യപേപ്പർ ചോർത്തിയതായി ആരോപിക്കപ്പെടുന്ന ഹെഡ്‌മാസ്റ്റർ സന്തോഷ് ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ പ്രവർത്തകനാണ്. അതു കൊണ്ടു തന്നെ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള നീക്കവും നടന്നു. എന്നാൽ, മാധ്യമങ്ങൾ വാർത്ത നൽകിയതോടെ ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഒരു വർഷത്തോളം ഇദ്ദേഹം സസ്പെൻഷനിൽ തുടർന്നു. ഇപ്പോൾ കൊല്ലം നീരാവിൽ എസ്എൻഡിപി യോഗം സ്‌കൂളിൽ അദ്ധ്യാപകനാണ്.
മുട്ടത്തുകോണം സ്‌കൂളിലെ അദ്ധ്യാപകരുടെ ഗ്രൂപ്പിസത്തിന് ബലിയാടാണ് സന്തോഷ് എന്നാണ് ഒരു വിഭാഗം പറയുന്നത്. അതു കൊണ്ടു തന്നെയാണ് സ്‌കൂൾ വാർഷികത്തിൽ അദ്ദേഹത്തിന് ആദരം നൽകിയതത്രേ. പ്രഥമാധ്യാപകനെന്ന നിലയിൽ, മികച്ച സംഘാടകൻ എന്ന നിലയിൽ ലാഭേച്ഛ കുടാതെ നിസ്വാർഥമായി പ്രവർത്തിച്ചതിനാണ് ആദരമെന്ന് പ്രശംസാ പത്രത്തിൽ പറയുന്നു. ബുധനാഴ്ച രാവിലെ സ്‌കുളിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്