കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമെന്നൊക്കെ നാം അഭിമാനത്തോടെ പറയാറുള്ളതാണ് നമ്മുടെ സ്‌കുൾ കലോത്സവം. സംസ്ഥാന സ്‌കുൾ കലോത്സവം ജനുവരി 3ന് കോഴിക്കോട്ട് തുടങ്ങാനിരിക്കയാണ്. പക്ഷേ അതിനിടെയാണ് ജില്ലാ കലോത്സവങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് വൻ പരാതികൾ ഉയർന്നിരിക്കുന്നത്. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിലെ അപ്പീലുകൾ അനുവദിക്കുന്നതിൽ വൻ ക്രമക്കേട് ഉണ്ടായതായാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി.

ഇതുസംബന്ധിച്ച് അവർ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലോത്സവത്തിന് വിധികർത്താക്കളെ എത്തിക്കുന്നതിലും വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, കോഴ ഇടപാട് ഉണ്ടായിട്ടുണ്ടെന്നുമാണ് മറ്റൊരു ആരോപണം. ഇത് സംബന്ധിച്ചും പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികളും, രക്ഷിതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

അപ്പീൽ തോന്നുംപടി

റവന്യൂ ജില്ലാ കലോൽസവത്തിൽ അപ്പീൽ നൽകിയത് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയെന്ന് വിവരാവകാശ രേഖകളും വ്യക്താക്കുന്നു. സ്‌കൂൾ കലോത്സവ മാന്വൽ കാറ്റിൽ പറത്തിയാണ് അപ്പീൽ നൽകിയത്. നോ ഗ്രേഡ് നേടിയ മത്സര ഇനത്തിനുപോലും സ്‌കൂളിന് അപ്പീൽ നൽകിയാണ് ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഞെട്ടിച്ചുകളഞ്ഞത്. അപ്പീൽ നൽകിയ വിദഗ്ധന്റെ തലയിൽ കുറ്റം ചുമത്തി രക്ഷപ്പെടാനാണ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് രക്ഷിതാക്കളുടെയും മത്സരാർഥികളുടെയും പരാതി.

അപ്പീൽ ലഭിച്ചരുടെ വിവരം നോട്ടീസ് ബോർഡിൽ പതിക്കാതെ ഗുഢ നീക്കം നടത്തിയതാണ് സംശയത്തിന് ഇട നൽകിയത്. നിലമാറ്റി അപ്പീൽ നൽകിയത് പുറത്താകാതിരിക്കാനായിരുന്നു ഈ നടപടി. വിദ്യാഭ്യാസ ഓഫിസിൽ നിന്നു ചോർന്നുകിട്ടിയ ലിസ്റ്റിൽ നിന്നാണ് ക്രമേക്കട് പുറത്തായത്. ലിസ്റ്റ് പുറത്ത് പതിക്കണമെന്നത് എവിടെയും പറയുന്നില്ലെന്നാണ് ഇത് സംബന്ധിച്ച് ഡിഡിഇ ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞത്. മറ്റു കുട്ടികളുടെ വിവരം നൽകുന്നത് എന്തിനാണെന്നും, അപ്പീൽ നിരസിച്ചാലും അനുവദിച്ചാലും അപേക്ഷകനെ അറിയിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ, സംഭവം പിടിവിട്ടതോടെ ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും രക്ഷിതാക്കൾ വഴങ്ങിയില്ല.

കൊയിലാണ്ടി സ്വദേശിനിയായ വിദ്യാർത്ഥിനി നേഹ, കേരള നടനം ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തനിക്ക് അപ്പീൽ തരാതെ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനിക്ക് അപ്പീൽ നൽകിയതിനെ ചോദ്യം ചെയ്തു കോടതിയെ സമീപിച്ചിട്ടുണ്ട്. കേരള നടനം ഹൈസ്‌കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥിനിക്ക് നൽകാതെ മറ്റെരു കുട്ടിക്കും നൽകിയതായി അപ്പീൽ അനുവദിച്ച രേഖയിൽ വെളിപ്പെട്ടു. ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ടത്തിലും മാർക്ക് അനുവദിച്ചതിൽ ക്രമക്കേടുള്ളതിനാൽ ലിസ്റ്റിലെ മറ്റു കുട്ടികൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. നാടോടി നൃത്തം ഹയർ സെക്കൻഡറി വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനക്കാർക്ക് അപ്പീൽ നൽകാതെ നാലാം സ്ഥാനക്കാരിക്ക് അപ്പീൽ നൽകിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.

സബ് ജില്ല മത്സരത്തിന്റെ അപ്പീൽ അനുവദിച്ചത് ഡി.ഇ.ഒ ഓഫിസ് ചുമരിൽ പതിച്ചിട്ടും റവന്യൂ ജില്ലയുടെ അപ്പീൽ വിവരം പതിക്കേണ്ടെന്നത് വിരോധാഭാസമാണെന്ന് നൃത്താധ്യാപകരും പറയുന്നു. കലോൽസവ മാന്വൽ മറികടന്ന് അപ്പിൽ നൽകിയതിന്റെ മാനദണ്ഡം ചോദിച്ചാൽ പരാതിക്കാരോട് പറയാൻ പോലും കഴിയാതെ ഡ..ഡി.ഇ ഓഫിസിലെ ഉദ്യോഗസ്ഥർ ഉത്തരം മുട്ടുകയാണ്.

അതേസമയം അപ്പീൽ അനുവദിക്കുന്നതിന് പിന്നിൽ വലിയ തോതിൽ കോഴ നടന്നിട്ടുണ്ടെന്ന് ഒരു രക്ഷിതാവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. '' കാൽലക്ഷം രൂപ മുതൽ ഒരുലക്ഷം രൂപവരെയാണ് ഇതിന് കോഴയായി വാങ്ങിയത്. ഡിഡി ഓഫീസിലെ ചില ജീവനക്കാരും, ചില നൃത്താധ്യാപകരും അടങ്ങുന്ന റാക്കറ്റാണ് ഈ തട്ടിപ്പിന് പിന്നിൽ. കഴിഞ്ഞ കുറേക്കാലമായി ഈ പണി കോഴിക്കോട്ട് നടക്കുന്നുണ്ട്. പലതവണ പരാതി വന്നിട്ടും നടപടിയുണ്ടായിട്ടില്ല''.

വിധികർത്താക്കളെക്കുറിച്ചും പരാതി

വടകരയിൽ നടന്ന ജില്ലാ സകൂൾ കലോസത്സവത്തിന്റെ വിധി നിർണ്ണയത്തെ ചൊല്ലിയും വൻ പരാതിയുണ്ടായിരുന്നു. കലോത്സവത്തിലെ ചില ഇനങ്ങളെ പച്ചക്ക് വിൽപ്പന നടത്തുന്ന സാഹചര്യമാണ് ഇവിടെ കണ്ടതെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും ഡിഡിഇക്കും, വിദ്യാഭ്യാസ മന്ത്രിക്കും, ഡിപിഐക്കും നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്.''ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്ന സ്‌കൂൾ കലോത്സവത്തിന്റെ ഖ്യാതിക്ക് കോട്ടംതട്ടും വിധം ചില വിധികർത്താക്കൾ സാമ്പത്തിക ലാഭം മോഹിച്ച് പ്രവർത്തിക്കുന്നുണ്ട്. ഈ ഒരു പ്രവണത അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മേളയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ .

വടകരയിൽ നടന്ന റവന്യൂ ജില്ല മത്സരത്തിൽ ചില ജഡ്ജസ് എത്തുമെന്ന് മുൻകൂട്ടി അറിയുകയും മത്സരങ്ങളുടെ ഫലം മുൻകൂട്ടി പുറത്താവുകയും ചെയ്തിരുന്നു. വലിയ തുക വാങ്ങിയാണ് ഇങ്ങനെ ഫലത്തെ സ്വാധീനിക്കുന്നത്. പണം നൽകാൻ കഴിയാത്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം അകറ്റുന്ന രീതിയിലേക്ക് മേളയെ നയിക്കുകയാണ്. കോഴിക്കോട് ജില്ല മേളക്ക് ജഡ്ജസിനെ എത്തിക്കാൻ നേതൃത്വം നൽകിയ കൊയിലാണ്ടി സ്വദേശിയായ രാജു, ഭാര്യ സുവർണ (സ്‌കൂൾ അദ്ധ്യാപിക) എന്നിവരാണ് മത്സര വിൽപനക്ക് നേതൃത്വം കൊടുത്തത്. വൻ തുകക്കാണ് ഓരോ മത്സര ഫലവും ഇവർ പല നൃത്താധ്യാപകരിലൂടെയും വിൽപന നടത്തിയത്. പോക്സോ കേസിൽ പ്രതിയായി റിമാൻഡ് അനുഭവിച്ച റഷീദ് സദനം, തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ബാലാവകാശ കമീഷന്റെ വ്യാജ സീൽ നിർമ്മിച്ചതിന് ജയിലിലായ കോഴിക്കോട്ടെ നൃത്താധ്യാപകൻ ഹർഷൻ സെബാസ്റ്റ്യൻ ആന്റണി എന്നീ നൃത്താധ്യാപകരിലൂടെയാണ് ലേലം വിളി നടന്നത്.

കുച്ചിപ്പുടി മത്സരത്തിന്റെ ഫല നിർണയവും ജഡ്ജസിന്റെ പേരും തലേന്നു തന്നെ പുറത്തായി. വിധിനിർണയത്തെച്ചൊല്ലി കേട്ട പരാതിയിൽ രക്ഷിതാക്കളും അദ്ധ്യാപകരും പറഞ്ഞത് ഒരു പക്ഷേ ഇന്നു വരെ കേൾക്കാത്ത കാര്യങ്ങളാണ്. കലാമേളയിലെ അഴിമതി എത്രമാത്രം ഉണ്ടെന്ന് സത്യത്തിൽ മേളയുടെ നിറം കെടുത്തുകയാണ്.

തിരുവനന്തപുരത്തു നിന്ന് വിധി കർത്താക്കളായി എത്തിയ കവിത, ശ്രീകുമാർ എന്നിവരാണ് ഈ സംഘത്തിനു വേണ്ടി എല്ലാം നേടി കൊടുത്തത്. ശ്രീകുമാറും കവിതയും ജഡ്ജ്മെന്റിന് ഒരുമിച്ചിരുന്നാണ് പല ജില്ലകളിലെയും മത്സര ഫലങ്ങൾ മാറ്റിമറിച്ചത്. ഹൈസ്‌കൂൾ കേരള നടന മത്സരത്തിൽ ഇരിക്കുന്ന ജഡ്ജസിനെക്കുറിച്ച് തലേന്നു തന്നെ അറിഞ്ഞതിനാലും ഫലം നേരത്തേ പുറത്തായതിനാലും ഇതുസംബന്ധിച്ച പരാതി മത്സരത്തിന് മുമ്പു തന്നെ വിദ്യാഭ്യാസ വകുപ്പിനും പ്രോഗ്രാം കമ്മിറ്റിക്കും നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ എത്തിയ സംഘത്തിലെ ഒരു ജഡ്ജിനെ മാറ്റിയെങ്കിലും മത്സര ഫലം ലഭിക്കത്തക്ക പ്രകടനമില്ലാത്ത മുൻകൂട്ടി നിശ്ചിയിച്ച കുട്ടിക്ക് നൽകുകയായിരുന്നു. ഏറെ കഴിവുകൾ ഉള്ള പല കുട്ടികളെയും തള്ളിയാണ് കുട്ടിക്ക് അവസരം നൽകിയത്. സാമ്പത്തിക ലാഭം മോഹിച്ച് മാത്രം പ്രവർത്തിക്കുന്ന ഇവർക്ക് ജഡ്ജസാകാൻ യോഗ്യത പോലുമില്ല.ശ്രീകുമാറും സദനം റഷീദും ഒരു തട്ടിക്കൂട്ട് കലാകേന്ദ്ര ത്തിന്റെ സർട്ടിഫിക്കറ്റ് പിൻബലത്തിലാണ് ഇവർ ഒരുമിച്ച് പ്രവർത്തിക്കുന്നത്.

കുച്ചിപ്പുടി മത്സരത്തിന്റെ ഫല നിർണയം എല്ലാവരെയും അത്ഭുതപ്പെടുത്തി. നിരവധികുട്ടികളുടെ കണ്ണീരിന് ഒരു വിലയും നൽകാത്ത ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രവർത്തനങ്ങൾ മേളയെ ഏറെ പിന്നിലേക്ക് കൊണ്ടുപോവുകയാണ്. ഇവരെ ഇനി സംസ്ഥാനത്തു നടക്കുന്ന സ്‌കൂൾ കലോൽസവത്തിൽ നിന്ന് മാറ്റിനിർത്താനും ഇവരുടെ നടപടികൾ നിരീക്ഷിക്കാനും ഇവരെ ജഡ്ജസിന്റെ കരിമ്പട്ടികയിൽ ചേർക്കാനും അപേക്ഷിക്കുന്നു. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ തുടർ നടപടികൾ ഇല്ലാത്തതാണ് ഇത്തരം ആളുകളെ അഴിമതിയിലേക്ക് കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. ബാലാവകാശ കമീഷന്റെ വ്യാജ സീൽ ഉണ്ടാക്കിയ കേസ് ഉൾപ്പെടെ മരവിപ്പിച്ച് നിർത്തിയത് ഈ സംഘങ്ങളുടെ സാമ്പത്തിക സഹായത്തിന്റെ പിൻബലത്തിലാണ്. നടപടികളോ മാറ്റി നിർത്തലുകളോ ഇല്ലാത്തതിനാൽ വിവിധ ജില്ലകളിലെ ഒരു ചെറിയ സംഘം നൃത്താധ്യാപകർ ഓരോ തവണയും ഈ അവിഹിത കൂട്ടുകെട്ടിന്റെ വലുപ്പം കൂട്ടുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ ചില കള്ളനാണയങ്ങൾ ഇവരുടെ സാമ്പത്തികവും മറ്റ് അനാശാസ്യ പറ്റുകളും സ്വീകരിക്കുന്നുണ്ട്.

ജഡ്ജസിനെ വിളിക്കുന്നതുൾപ്പെടെ വിദ്യാഭ്യാസ വകുപ്പ് വിശ്വസിച്ചേൽപിക്കുന്ന ഉത്തരവാദിത്തങ്ങൾ അഴിമതിക്ക് കളമൊരുക്കാൻ ഒരുക്കിക്കൊടുക്കുന്ന അദ്ധ്യാപകർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം. കല കൊണ്ട് മാതൃകയാവട്ടെ നമ്മുടെ മേളകളും കുട്ടികളും . എല്ലാ അനീതികളെയും കൈയും കെട്ടിയും ശ്വാസമടക്കിപ്പിടിച്ചും നോക്കി നിൽക്കേണ്ട നിസ്സഹായാവസ്ഥയും ഗതികേടും വിദ്യാഭ്യാസ വകുപ്പിന് ഉണ്ടാവാതിരിക്കുക തന്നെ വേണം.മത്സരത്തിൽ പങ്കെടുക്കുന്ന കഴിവുള്ള കുട്ടികളുടെ മനോവീര്യം കെടുത്തുന്ന രീതിയിൽ മേള മാറുന്നത് തടയണമെന്നും മേളയിലെ പരാതികൾ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ജില്ല മേധാവി എന്ന നിലയിൽ കർശന നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.''- ഇങ്ങനെയാണ് നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും ഒപ്പുവെച്ച പരാതി അവസാനിക്കുന്നത്്.

ആരോപണ വിധേയർ ആയവരെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള ഇതുപോലെ ഒരു പരാതി കിട്ടിയിട്ടും അധികൃതർ നടപടിയെന്നും എടുത്തിട്ടില്ല. വിദ്യാഭ്യാസ മന്ത്രിതന്നെ മൂൻകൈയെടുത്ത്, സമഗ്രമായ ഒരു അന്വേഷണം നടത്തിയില്ലെങ്കിൽ അത് മേളയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.