കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോടിന് സ്വർണ കീരീടം. 945 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് കിരീടം സ്വന്തം മണ്ണിൽ ഏറ്റുവാങ്ങിയത്. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. 925 പോയിന്റ് നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനം നേടി. പത്താം തവണയും പാലക്കാട് ഗുരുകുലം സ്‌കൂളിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷം വരെ നടന്നത്.

ഹൈസ്‌കൂൾ വിഭാഗത്തിൽ 446 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 443 പോയിന്റുമായി പാലക്കാട് രണ്ടാമതും 436 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനത്തുമാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്. സംസ്‌കൃത കലോത്സവത്തിൽ 95 പോയിന്റുമായും കൊല്ലവും അറബിക് കലോത്സവത്തിൽ അത്രതന്നെ പോയിന്റുമായി പാലക്കാടും ഒന്നാം സ്ഥാനത്ത് എത്തി.

സ്‌കൂളുകളിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ്.എസ്. ഗുരുകുലം സ്‌കൂൾ 156 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി. 142 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഇ.എം ഗേൾസ് എച്ച്.എസ്.എസ്. രണ്ടാം സ്ഥനത്ത് എത്തി. കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനത്ത്.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. കലോത്സവ സുവനീർ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.അടുത്ത വർഷത്തെ കലോൽസവത്തിന്റെ ഭക്ഷണ മെനുവിൽ മാംസാഹാരവും ഉണ്ടാകുമെന്ന പ്രഖ്യാപനവും കലോൽസവ മാനുവൽ പരിഷ്‌കരണവും സമാപന വേദിയിലും വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചു.

ഏഴുവർഷത്തിനുശേഷമാണ് സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട് എത്തിയത്. ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടന്ന കലാമാമാങ്കത്തിൽ വിവിധ ജില്ലകളിൽനിന്നെത്തിയ കൗമാരപ്രതിഭകൾ തമ്മിൽ വീറുംവാശിയുമേറിയ പോരാട്ടമായിരുന്നു നടന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കലോത്സവത്തിന് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയായത്. 239 ഇനങ്ങളിലായിരുന്നു മത്സരം നടന്നത്.