കോഴിക്കോട്: കൗമാര പ്രതിഭകൾ മിന്നിത്തെളിഞ്ഞ അഞ്ച് ദിനങ്ങൾ. ഇരുപത്തിനാല് വേദികളിലായി അരങ്ങേറിയത് ഇരുന്നൂറിലധികം ഇനങ്ങൾ. മനം നിറഞ്ഞ് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച നിറഞ്ഞ സദസിലെ കാണികൾ. കോവിഡ് തളർത്തിയ രണ്ട് വർഷങ്ങളുടെ നഷ്ടം മറന്ന് കൗമാര കലയെ മഹോത്സവമാക്കി മാറ്റിയ കോഴിക്കോടിന് കിരീടം സമ്മാനിച്ച് കലയുടെ പെരുംപൂരത്തിന് സമാപനം.

കലയേയും സാഹിത്യത്തേയും എന്നും നെഞ്ചോട് ചേർത്ത് സ്വീകരിച്ചിട്ടുള്ള കോഴിക്കോട് ഇത്തവണയും പതിവ് തെറ്റിച്ചില്ല. മിക്ക പരിപാടികളിലും സദസ് നിറഞ്ഞ് കാണികളുണ്ടായിരുന്നു. സംഘനൃത്തം, മാർഗംകളി, നാടകം, ചവിട്ടുനാടകം, നാടോടിനൃത്തം, ഒപ്പന തുടങ്ങിയ മത്സരങ്ങൾ നടന്ന വേദികളിൽ സദസിൽ തിങ്ങിനിറഞ്ഞ് ആളുകളുണ്ടായി. ചവിട്ടുനാടകവും ഒപ്പനയുമെല്ലാം കൂടെപ്പാടിയും കയ്യടിച്ചും കാണികൾ സ്വീകരിച്ചു.

വേദികളിൽ നിന്നും വേദികളിലേക്ക് ഒഴുകിയെത്തി കാണികൾ. കൗമാര പ്രതിഭകൾ വേദികളിൽ വിസ്മയം തീർത്തപ്പോൾ കണ്ണിമ ചിമ്മാതെ പിന്തുണയേകി കോഴിക്കോട്ടുകാർ. വേദികളിൽ മാത്രം ഒതുങ്ങാതെ കോഴിക്കോടൻ ബീച്ചും തെരുവോരങ്ങളും മിഠായിത്തെരുവുമെല്ലാം കലോത്സവത്തിനെത്തിയവരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. അഞ്ച് ദിനങ്ങളും കഴിഞ്ഞ് കലോത്സവത്തിന് കൊടിയിറങ്ങുമ്പോൾ കലാകിരീടം ചൂടുന്നത് ആതിഥേയരായ കോഴിക്കോടാണ് എന്നതും ആഹ്ലാദം ഇരട്ടിയാക്കി. കോഴിക്കോടൻ തനിമയാർന്ന വിഭവങ്ങൾ, പ്രത്യേകിച്ച് ബിരിയാണി കുട്ടികൾക്ക് നൽകാനായില്ലെന്ന് വിഷമം വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചെങ്കിലും വയറും മനസും നിറഞ്ഞാണ് പലരും കോഴിക്കോട് നിന്നും മടങ്ങുന്നത്.

ഇത്തവണ ഒന്നാം സ്ഥാനത്തിനും രണ്ടാം സ്ഥാനത്തിനും എല്ലാം പകരമായി ഗ്രേഡുകളാണ് എന്ന പ്രത്യേകതയും ഉണ്ടായി. അതുകൊണ്ട് തന്നെ വലിയ കരച്ചിലോ ബഹളങ്ങളോ ഇല്ല. പെൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിനുടക്കം പലതിനും പങ്കെടുത്ത മുഴുവൻ പേർക്കും എ ഗ്രേഡ് കിട്ടി. അതോടെ മുഴുവൻ കുട്ടികളും ഹാപ്പി.

മൂന്നിന് രാവിലെ പത്ത് മണിക്കാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്. തുടർന്ന് ഒന്നാം വേദി അതിരാണിപ്പാടത്ത് മോഹിനിയാട്ടം. ആദ്യ മത്സരാർത്ഥിയായി വേദിയിലെത്തിയത് ചെസ് നമ്പർ 101 സരസ്വതി അന്തർജനം. അപ്പോഴേക്കും മറ്റ് വേദികളിലും പരിപാടികൾക്ക് തുടക്കമായിരുന്നു. 24 വേദികൾക്കും പേര് നൽകിയത് മലയാളത്തിലെ പ്രശസ്തമായ കൃതികളിൽ നിന്നുമുള്ള ദേശനാമങ്ങൾ. അത് അതിരാണിപ്പാടം, ഭൂമി, കൂടല്ലൂർ, തസ്രാക്ക്, ബേപ്പൂർ, നാരകംപുരം, പാണ്ഡവപുരം എന്നിങ്ങനെ നീളുന്നു.

പ്ലസ് ടുക്കാർക്കായിരുന്നു കലോത്സവത്തിൽ പങ്കെടുക്കാനായതിൽ ഏറ്റവും സന്തോഷം. കോവിഡ് കാരണം കലോത്സവമെങ്ങാനും ഇല്ലാതെ പോയിരുന്നു എങ്കിൽ സ്‌കൂൾ കാലത്തെ തങ്ങളുടെ ഏറ്റവും വലിയ മിസ്സിങ് ആയേനെ അത് എന്നാണ് ചവിട്ടുനാടകത്തിന് വേണ്ടി വയനാട് നിന്നുമെത്തിയ വിദ്യാർത്ഥികളുടെ പ്രതികരണം. സാമ്പത്തികമായ ബുദ്ധിമുട്ടുകളും, ശാരീരികമായ അവശതകളും താണ്ടി കലോത്സവവേദിയിൽ മത്സരിക്കാനെത്തിയവർ അനവധി. അവർക്ക് താങ്ങും തണലുമായി മാതാപിതാക്കളും അദ്ധ്യാപകരും.

പ്രധാന വേദിയായ വിക്രം മൈതാനത്ത് പ്രൗഢഗംഭീരമായ ജനാവലിയെ സാക്ഷിനിർത്തി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്‌കാരസമ്പന്നമായ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യംകൂടി കലോത്സവത്തിനുണ്ടെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വി.ഡി.സതീശൻ പറഞ്ഞു. കോഴിക്കോടൻ പെരുമ വിളിച്ചോതിയ കലോത്സവമെന്ന് 61-ാമത് കലോത്സവത്തെ വിശേഷിപ്പിച്ച അദ്ദേഹം കലോത്സവത്തെ കലയുടെ മഹോത്സവമാക്കി മാറ്റിയെന്നും അഭിപ്രായപ്പെട്ടു. എല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കുക എന്നതാണ് വലിയ പാഠമെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവവേദിയിൽനിന്നു മടങ്ങുമ്പോൾ അഭിമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച കലോത്സവത്തിൽ ഒന്നാണിത്. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മികവ് പുലർത്തി. അടുത്ത കലോത്സവം ഏതു ജില്ലയിലായിരിക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. കലോത്സവ മാനുവൽ പരിഷ്‌കരണം പൂർത്തിയാക്കിയ ശേഷമേ അടുത്ത വർഷത്തെ കലോത്സവം ഏതു ജില്ലയിലാണ് നടക്കുകയെന്ന് പ്രഖ്യാപിക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി. അടുത്ത തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ലോക റെക്കോർഡ് അധികൃതരെ അറിയിച്ച് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭക്ഷണ വൈവിധ്യത്തെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഇത്തവണ കുഞ്ഞുങ്ങൾക്ക് കോഴിക്കോട്ടെ ബിരിയാണി നൽകണമെന്ന ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണ കലോത്സവ മെനുവിൽ മാംസാഹാരവും ഉൾപ്പെടുത്തും. ഗോത്രവർഗ കലകളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് അടുത്ത കലോത്സവത്തിൽ തീരുമാനമെടുക്കും.

സ്‌കൂൾ കലോത്സവ പ്രതിഭകൾ പിന്നീട് എവിടെയെത്തിയെന്ന അന്വേഷണം നടത്തുമെന്നും ശിവൻകുട്ടി പറഞ്ഞു. കോവിഡ് മഹാമാരി നമ്മെ തളച്ചിട്ട രണ്ട് വർഷങ്ങൾക്ക് ശേഷം നടന്ന കലോത്സവം ഏറെ മികവോടെ സംഘടിപ്പിക്കാൻ കഴിഞ്ഞു. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഈ മേള ഏറെ ശ്രദ്ധേയമായി. അക്കാര്യത്തിൽ സംഘാടക സമിതി ഏറ്റവും മികച്ച രീതിയിൽ ആണ് പ്രവർത്തിച്ചത്.സംഘാടക സമിതി ചെയർമാനും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനോടും അദ്ദേഹത്തിന്റെ ഓഫീസിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സ്‌കൂൾ കലോത്സവത്തെയും ടൂറിസത്തെയും പണ്ടെങ്ങുമില്ലാത്തവണ്ണം പരസ്പരം ബന്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണെന്നും ശിവൻകുട്ടി പറഞ്ഞു.

കലോത്സവ മാനുവൽ പുതുക്കുന്നതോടൊപ്പം ജഡ്ജസിനെ തിരഞ്ഞെടുക്കുന്നതിനും കൂടുതൽ പരിഷ്‌കരണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. കലോത്സവങ്ങളെ കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തണം. കാണികളുടെ എണ്ണക്കൂടുതൽ മാത്രം ലക്ഷ്യംവച്ച് ആകരുത് ആ ജനകീയവൽക്കരണം. അടിസ്ഥാന തലംതൊട്ട് പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുക്കാനുള്ള സംവിധാനം ഉണ്ടാകും. ഇതൊന്നും ഒരു ദിവസം കൊണ്ട് ഉണ്ടാകും എന്നതല്ല പറയുന്നത്.എന്നാൽ അതിനുള്ള നിരന്തരശ്രമം ഉണ്ടാകും എന്ന് ഉറപ്പു പറയാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സമയബന്ധിതമായി പരിപാടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതാണ് വിജയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെ സ്‌നേഹവും ആതിഥേയ മര്യാദയും അനുഭവിച്ചാണ് കുട്ടികൾ ഇവിടെനിന്ന് പോകുന്നത്. കലോത്സവം വിജയമാക്കാൻ എല്ലാവരും ശ്രമിച്ചു. രാപകൽ ഇല്ലാതെ ശുചിത്വ പ്രോട്ടോകോൾ പാലിക്കാൻ അധ്വാനിച്ച ശുചിത്വ തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട്. ഓട്ടോ തൊഴിലാളികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ. ഒരു പരാതിയും ഇല്ലാതെ ഭക്ഷണ കമ്മിറ്റി ഭക്ഷണം നൽകി. എല്ലാ കമ്മിറ്റികളും പ്രവർത്തങ്ങൾ ഭംഗിയാക്കി. കലോത്സവം രക്ഷിതാക്കളുടെ മത്സരം ആയില്ല. അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലോത്സവം സുവനീർ മേയർ ബീന ഫിലിപ്പിന് നൽകി മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. സംഘടക മികവ് കൊണ്ടും സമയകൃത്യത കൊണ്ടും ശ്രദ്ധേയമായ കലോത്സവമാണ് നടന്നത്. എല്ലാ പിന്തുണയും നൽകിയ കോഴിക്കോടൻ ജനതക്ക് അഭിവാദ്യങ്ങൾ. ഇത്ര ഭംഗിയായി കലോത്സവം നടക്കുന്നത് കേരളത്തിൽ മാത്രമാണെന്ന് ഗായിക കെ.എസ്. ചിത്ര പറഞ്ഞു. നന്നായി പരിശീലിച്ച് നന്നായി പെർഫോം ചെയ്യുക. ജയമായാലും തോൽവിയായാലും അത് അംഗീകരിക്കുകയെന്നും അവർ പറഞ്ഞു. താൻ സ്‌കൂൾ കലോത്സവവേദിയിൽ പാടിയ ഓടക്കുഴലി എന്ന ഗാനം ചിത്ര ഒരിക്കൽകൂടി ആലപിച്ചു.

മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ, എംപിമാരായ എം.കെ. രാഘവൻ, എളമരം കരീം, തോട്ടത്തിൽ രവീന്ദ്രൻ എംഎ‍ൽഎ., മേയർ ബീന ഫിലിപ്പ്, ജില്ല കളക്ടർ ഡോ. നരസിംഹുഗാരി ടി.എൽ. റെഡ്ഢി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, വിന്ദുജ മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.