- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ കലോത്സവ മൂല്യനിര്‍ണയത്തില്‍ ദുര്‍ഗന്ധം; കലോത്സവ മൂല്യ നിര്‍ണയത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ അക്കാര്യം വ്യക്തമാകും; വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെ നിയമനം; ഹൈക്കോടതിക്ക് മടത്തു; ഇനി കലോത്സവത്തിന് പ്രത്യേക ട്രൈബ്യൂണല്‍; ശിവന്‍കുട്ടിയുടെ 'പ്രതിഷേധ നിരോധനം' അഴിമതി കൂട്ടും
കൊച്ചി: സ്‌കൂള്‍ കലോത്സവ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുന്നത് സാഹചര്യങ്ങളെല്ലാം വിശദീകരിച്ച്. കലോത്സവ മൂല്യനിര്‍ണയ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ അനുമതി തേടിയുള്ള കുച്ചിപ്പുടി മത്സരാര്‍ഥിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനം. ഹൈക്കോടതി നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കും. അടുത്ത കലോത്സവത്തിന് പ്രത്യേക ട്രൈബ്യൂണല്‍ വരാനാണ് സാധ്യത.
കലോത്സവ പരാതികള്‍ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന ട്രൈബ്യൂണലിനെ നിയോഗിക്കണം. സ്‌കൂള്‍ കലോത്സവ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇതിനോട് അനുകൂല നിലപാട് സര്‍ക്കാര്‍ എടുക്കും. പരാതി രഹിതമാണ് മൂല്യ നിര്‍ണ്ണയമെന്നും അതുകൊണ്ട് തന്നെ വേദികളില്‍ പ്രതിഷേധം അനുവദിക്കില്ലെന്നു സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ട്. അധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടപടി എടുക്കുമെന്നാണ് സര്‍ക്കാര്‍ പക്ഷം. എന്നാല്‍ ഇതിനെ പോലും ചോദ്യം ചെയ്യുന്ന നിലപാട് വിശദീകരണം ഹൈക്കോടതി നടത്തുന്നുണ്ട്.
സ്‌കൂള്‍ കലോത്സവ മൂല്യനിര്‍ണയത്തില്‍ ദുര്‍ഗന്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. കലോത്സവ മൂല്യ നിര്‍ണയത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ അക്കാര്യം വ്യക്തമാകും. വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെയാണ് നിയമനമെന്നും ഹൈക്കോടതി പറഞ്ഞു. 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ആരംഭിക്കുമ്പോഴാണ് ഈ നിരീക്ഷണങ്ങള്‍. 25 വേദികളിലായി 249 ഇനങ്ങളില്‍ പതിനൊന്നായിരത്തോളം പ്രതിഭകള്‍ മത്സരിക്കാന്‍ എത്തുന്നുണ്ട്. ഇവിടെ ഇത്തരണ പ്രതിഷേധം ഉയരുമോ എന്നതും ശ്രദ്ധേയമാകും. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടാണ് പ്രതിഷേധങ്ങള്‍ പാടില്ലെന്ന ചട്ടമെന്ന വാദം ശക്തമാണ്. പ്രതിഷേധങ്ങള്‍ക്ക് നിരോധനം വരുമ്പോള്‍ അഴിമതി സാധ്യത കൂടും. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നല്‍ വിധി കര്‍ത്താക്കളെ എങ്ങനെ സ്വാധീനിക്കുമെന്നത് നിര്‍ണ്ണായകമാണ്.
സ്‌കൂള്‍ കലോത്സവം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് നിരവധി ഹര്‍ജികള്‍ അവധിക്കാല ബെഞ്ചില്‍ എത്തിയത്. ഈ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി വിമര്‍ശനമുയര്‍ത്തിയത്. 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധിക്കാന്‍ ആരും വരേണ്ട. കലോത്സവത്തിലെ മത്സരങ്ങള്‍ ജനാധിപത്യപരമായി എടുക്കണം. യുവജനമേളയുടെ അന്തസും ചന്തവും നശിപ്പിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ നടത്താന്‍ അനുവദിക്കില്ല, കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കും പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല. കുട്ടികളെ കൊണ്ടുവരുന്ന അധ്യാപകര്‍ക്ക് ഉത്തരവാദിത്വം ഉണ്ട്.സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഉണ്ടായ സംഭവങ്ങള്‍ കലോത്സവവേദിയില്‍ ആവര്‍ത്തിക്കരുത്. മികച്ച ജഡ്ജിംഗ് പാനല്‍ ആണ് ഉണ്ടാവുക മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ജഡ്ജുമാരില്‍ ഹൈക്കോടതി ഇപ്പോഴും സംശയം ഉന്നയിക്കുകയാണ്.
പ്രതിഷേധക്കാരെ ഭയക്കുന്ന സര്‍ക്കാര്‍! കേരളം ഭരിക്കുന്നത് ഇടതു സര്‍ക്കാരാണ്. വിപ്ലവമാണ് മുദ്രാവാക്യം. പക്ഷേ സ്‌കൂള്‍ കുട്ടികളുടെ പ്രതിഷേധം പോലും കാണാനുള്ള കരുത്തില്ല. വേദനകളാണ് പ്രതിഷേധമായി മാറുന്നത്. നീതിയാണ് നടക്കുന്നതെങ്കിലും വേദനകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വേദന കാരണം പ്രതിഷേധിക്കുന്നവരുടെ വികാരം കൂടി കേള്‍ക്കേണ്ട സര്‍ക്കാരാണ് സ്‌കൂള്‍ കലോത്സവത്തില്‍ പ്രതിഷേധത്തിന് വിലക്ക് പ്രഖ്യാപിക്കുന്നത്. ഇതിലൂടെ പ്രശ്ന രഹിത കലോത്സവം നടത്തിയെന്ന് വരുത്താനാണ് ശ്രമം. പണക്കൊഴുപ്പില്‍ പല സ്‌കൂളുകളും സമ്മാനങ്ങള്‍ കൊണ്ടു പോകും. ഇതിലെ വേദനയാണ് കലോത്സവ വേദികളിലെ കണ്ണീരുകള്‍ക്ക് കാരണമായി മാറുക. സ്‌കൂള്‍ കലോത്സവത്തിലെ അട്ടിമറി കഥകള്‍ പലപ്പോഴും പുറത്തു വരികയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലെ പ്രതിഷേധ വിലക്ക് പണമുള്ളവര്‍ക്ക് വേണ്ടിയാണെന്ന വാദവും സജീവം.
സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിനു തൊട്ടുമുന്‍പായാണ് പരസ്യപ്രതിഷേധങ്ങള്‍ക്കെതിരേ കടുത്ത നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ജില്ലാകലോത്സവങ്ങളില്‍ പലയിടത്തും പരസ്യപ്രതിഷേധങ്ങളുണ്ടായതും തീരുമാനത്തിന് കാരണമായി. എറണാകുളത്ത് ഒളിമ്പിക്സ് മാതൃകയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സ്‌കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങ് പ്രതിഷേധത്തില്‍ മുങ്ങിയതിനെതിരേ വേദിയില്‍വെച്ചുതന്നെ വിദ്യാഭ്യാസമന്ത്രി രംഗത്തെത്തിയിരുന്നു. കാലാകാലങ്ങളില്‍ ഇത്തരം പ്രതിഷേധങ്ങളുണ്ടാകാറുണ്ട്. ഇതിനെയെല്ലാം സഹിഷ്ണുതയോടെയാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇതുവരെ കണ്ടത്. സമരങ്ങളിലൂടെ വളര്‍ന്ന വിദ്യാഭ്യാസ മന്ത്രിയാണ് വി ശിവന്‍കുട്ടി. പക്ഷേ ശിവന്‍കുട്ടിയ്ക്ക് ഈ കുട്ടി പ്രതിഷേധങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത.
തിരുവനന്തപുരത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 15,000ല്‍ ഏറെ വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ആകെ 25 വേദികളാണുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും.
സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഗോത്രകലകളായ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ മത്സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്‌സിബിഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.