മലപ്പുറം: ജീവിക്കാൻ ഗതിയില്ലാത്തവർക്കാണ് തൊഴിലുറപ്പ് പദ്ധതി എന്നാണ് വയ്പ്. എന്നാൽ ഓംബുഡ്‌സ്മാന്റെ ഈ ഉത്തരവ് ഉയർത്തുന്നത് സംശയങ്ങളാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാതെ മസ്റ്റർറോളിൽ ഒപ്പിട്ട് 22 ദിവസത്തെ കൂലി വാങ്ങിയ യുപി സ്‌കൂൾ പ്രധാനാധ്യാപകനോട് വാങ്ങിയ കൂലി പലിശ സഹിതം തിരിച്ചടയ്ക്കാനാണ് ഓംബുഡ്‌സ്മാൻ ഉത്തരവ്. അതായത് യുപി സ്‌കൂളിലെ ഹെഡ്‌മാസ്റ്ററും തൊഴിലുറപ്പിൽ നിന്നും പണം വാങ്ങുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന ചർച്ചയാണ് പൊതു സമൂഹത്തിൽ ഉയരുന്നത്.

എടയൂർ പഞ്ചായത്തിലെ 19-ാം വാർഡിൽ നടന്ന പ്രവൃത്തിയിലാണു വടക്കുംപുറം എയുപി സ്‌കൂൾ പ്രധാനാധ്യാപകൻ വി.പി.അലി അക്‌ബർ മസ്റ്റർറോളിൽ ഒപ്പിട്ട് കൂലി വാങ്ങിയത്. ഇതു സംബന്ധിച്ചു വടക്കുംപുറം സ്വദേശി എൻ.സോമസുന്ദരനാണ് ഓംബുഡ്‌സ്മാനു പരാതി നൽകിയത്. ഇത് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. നവംബർ 30നും ഡിസംബർ 29നും ഇടയിലായി 22 ദിവസം ജോലി ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് മസ്റ്റർ റോളിൽ ഒപ്പിട്ടു വേതനം കൈപ്പറ്റിയിരിക്കുന്നത്. സ്ഥിര വരുമാനമുള്ളവരും തൊഴിലുറപ്പിലെ പണം കൊണ്ടു പോകുന്നതിന് തെളിവാണ് ഈ സംഭവം.

ഇതു സംബന്ധിച്ച പരാതിയിൽ ഓംബുഡ്‌സ്മാൻ സി.അബ്ദുൽ റഷീദ് പഞ്ചായത്ത് സെക്രട്ടറി, അക്രഡിറ്റഡ് എൻജിനീയർ, തൊഴിലുറപ്പ് മേറ്റ്, പരാതിക്കാരൻ, പ്രധാനാധ്യാപകൻ എന്നിവരിൽനിന്നു മൊഴിയെടുത്തു. തൊഴിലാളികൾക്കൊപ്പം ഒരു ദിവസം പോലും പണിയെടുത്തിട്ടില്ലെന്നും രാവിലെ സ്‌കൂളിൽ പോകുമ്പോഴോ, ഉച്ചഭക്ഷണത്തിനു വരുമ്പോഴോ ആണ് മസ്റ്റർറോളിൽ ഒപ്പിട്ടിരുന്നതെന്നും തൊഴിലുറപ്പ് മേറ്റ് ഓംബുഡ്‌സ്മാനു മൊഴി നൽകി. ഇതെല്ലാം പരിഗണിച്ചാണ് ഓംബുഡ്‌സ്മാൻ വിധി. പാവങ്ങൾക്ക് തൊഴിലുറപ്പിൽ ജോലി കിട്ടാൻ പാർട്ടി ജാഥകളിൽ പോലും പോകണം. അവിടെയാണ് ഹെഡ്‌മാസ്റ്റർ പണം കൊണ്ടു പോയത്.

2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ അടിസ്ഥാനത്തിൽ, ഗ്രാമീണ മേഖലയിൽ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം പരമാവധി 100 ദിവസത്തെ തൊഴിൽ ആവശ്യാധിഷ്ഠിതമായി നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

തൊഴിലുറപ്പ് നിയമം പരിഷ്‌കരിച്ചതു വഴി ഗ്രാമപ്രദേശങ്ങളിൽ അധിവസിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴിൽ ഉറപ്പാക്കുകയും അതുവഴി നിഷ്‌കർഷിക്കപ്പെട്ട ഗുണമേന്മയുള്ളതും സ്ഥായിയായിട്ടുള്ളതുമായ ഉല്പാദനക്ഷമമായ ആസ്തികളുടെ നിർമ്മാണവും ലക്ഷ്യമിടുന്നുണ്ട്. സർക്കാർ ജീവനക്കാർക്ക് 365 ദിവസവും ശമ്പളം ഉറപ്പാണ്.

സ്‌കൂൾ അദ്ധ്യാപകർക്കും വരുമാന കുറവില്ല. അപ്പോൾ അദ്ധ്യാപകൻ എങ്ങനെയാണ് തൊഴിലുറപ്പിൽ പങ്കാളിയായതെന്ന് ആർക്കും പിടികിട്ടുന്നില്ല. ഇത്തരത്തിൽ പാർട്ടി ബന്ധമുള്ള പലരും പണം കൊണ്ടു പോകുന്നുവെന്ന സംശയമാണ് ഈ കേസ് ഉയർത്തുന്നത്.