- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം സ്വരുക്കൂട്ടി ആദ്യമായി വാങ്ങിയ സ്ക്കൂട്ടർ ഓട്ടത്തിനിടെ തീപിടിച്ച് കത്തി നശിച്ചു; സ്കൂട്ടർ ആകെ ഓടിയത് 25 കിലോമീറ്റർ മാത്രവും; സ്കൂട്ടറിന്റെ അടിയിൽ നിന്നു പുക ഉയരുന്നതു കണ്ട് രേഖകൾ എടുത്തുമാറ്റിയപ്പോഴേക്കും തീ ആളിപ്പടർന്നു; തീയണച്ചത് ഫയർഫോഴ്സ് എത്തി; സങ്കടത്തോടെ അനഘാ നായർ
കൊച്ചി: ജോലി കിട്ടി ശമ്പളം സ്വരുക്കൂട്ടി ആദ്യമായി വാങ്ങിയ സ്ക്കൂട്ടർ ഓട്ടത്തിനിടെ തീ പിടിച്ച് കത്തി നശിച്ചു. പുതിയ സ്കൂട്ടർ വാങ്ങി ഓടിച്ചു കൊതി തീരും മുന്നേയാണ് ഓട്ടത്തിനിടെ കത്തിനശിച്ചത്. കൂടാതെ വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തിലുമാണ് ഉടമ കളമശേരി പെരിങ്ങഴ സ്വദേശിനി അനഘാ നായർ.
കഴിഞ്ഞദിവസം രാവിലെ പത്തുമണിയോടെയാണ് കളമശേരി എച്ച്എംടി സ്റ്റോറിനു സമീപം ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചത്. ഓട്ടത്തിനിടെ സ്കൂട്ടറിന്റെ അടിയിൽ നിന്നു പുക ഉയരുന്നതു കണ്ടു യുവതി വാഹനം നിർത്തി പെട്ടെന്നു തന്നെ രേഖകൾ എടുത്തുമാറ്റി മാറി നിന്നു. അതുകൊണ്ടു തന്നെ യാത്രക്കാരിക്കു പരുക്കില്ല. സ്കൂട്ടർ പാടെ കത്തിനശിച്ചിട്ടുണ്ട്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനിടെ നാട്ടുകാർ തീയണയ്ക്കാൻ മണൽ വാരിയിട്ടെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ 22 ന് ആലുവ സുസുക്കിയുടെ ഷോറൂമിൽ നിന്നെടുത്ത അക്സസ് 125 എന്ന പെട്രോൾ സ്കൂട്ടറാണ് കത്തി നശിച്ചത്. 25 കിലോമീറ്റർ മാത്രമാണ് ഓടിയത്. ഷോറൂമിൽ നിന്നും വീട്ടിലെത്തിച്ച ശേഷം രാവിലെ ക്ഷേത്രത്തിൽ താക്കോൽ പൂജ നടത്തി. പിന്നീട് ഇൻഫോ പാർക്കിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. കരിഞ്ഞ മണവും പുകയും വന്നതോടെയാണ് സ്കൂട്ടർ നിർത്തിയത്. വേഗം തന്നെ സ്റ്റാന്റിൽ വച്ച് ഓടി മാറുകയായിരുന്നു.
എച്ച്.എം ടി കോളനിയിൽ നിന്നും ഇൻഫോപാർക്കിലേക്ക് അനഘ ജോലിക്കായി പോയിരുന്നത് കാറിലായിരുന്നു. റോഡിലെ ട്രാഫിക് ബ്ലോക്ക് മൂലം പലപ്പോഴും കാറിൽ പോകുമ്പോൾ സമയത്ത് എത്താനാകുമായിരുന്നില്ല. അതിനാൽ ഒരു സ്കൂട്ടർ വാങ്ങുകയായിരുന്നു. ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച തുകയിൽ നിന്നാണ് സ്ക്കൂട്ടർ വാങ്ങിയത്. ഏറെ ആഗ്രഹിച്ചു വാങ്ങിയ സ്കൂട്ടർ ഈ വിധത്തിലായതിന്റെ വിഷമത്തിലാണ് അനഘ.
പൊലീസും ഫയർ ഫോഴ്സും വാഹനം കത്താൻ കാരണമെന്തെന്നറിയാനായി പരിശോധന നടത്തി. വാഹന ഷോറൂം അധികൃതരും പരിശോധന നടത്തി. എന്താണ് അപകടത്തിന് കാരണമെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യുവതി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ ധരിപ്പിച്ച് പരാതി നൽകി. ഇൻഷുറൻസ് പരിരക്ഷയുടെ പുറത്ത് പുതിയ വാഹനം നൽകാമെന്നാണ് ഷോറും അധികൃതർ പറയുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.