- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ല; എല്ലാവരെയും സംരക്ഷിക്കും; ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നൽകില്ല; അക്രമ ഹർത്താലിലെ ജപ്തി നടപടി തുടരവേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പിന്തുണയുമായി എസ്ഡിപിഐ
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് വസ്തുക്കൾ ജപ്തി ചെയ്യുന്നത് തുടരവേ പിഎഫ്‌ഐ പ്രവർത്തകർക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നൽകില്ല. ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ലെന്നും എം കെ ഫൈസി പറഞ്ഞു.
അതേസമയം ജപ്തി നടപടിക്കെതിരെ വിമർശനം ഉയരുമ്പോൾ ഇടപെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ജപ്തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നടപടി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജപ്തി ചെയ്ത വ്യക്തികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിലും, അവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം കൂടി വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. ഇതുകൂടി വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം. കേസ് ഇനി ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. 2022 സെപ്റ്റംബർ 23 ലെ മിന്നൽ ഹർത്താലിൽ വ്യാപക അക്രമം നടന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്. സ്വത്തുക്കൾ കണ്ടുകെട്ടി റിപ്പോർട്ട് നൽകണമെന്നും ജില്ല തിരിച്ചു വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു.
അതേസമയം, തന്റെ വസ്തുവകകൾ അന്യായമായി ജപ്തി ചെയ്തെന്നു കാട്ടി കേസിൽ കക്ഷി ചേരാൻ മലപ്പുറം സ്വദേശി ടി.പി.യൂസഫ് അപേക്ഷ നൽകി. താൻ പോപ്പുലർ ഫ്രണ്ട് ആശയങ്ങളെ എതിർക്കുന്നയാളാണെന്നും യൂസഫ് പറയുന്നു. കേരള ചേംബർ ഓഫ് കൊമേഴ്‌സ്, തൃശൂരിലെ മലയാള വേദി തുടങ്ങിയ സംഘടനകളും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. നഷ്ടപരിഹാരം നൽകാനുള്ള ജപ്തി നടപടികൾ വൈകിയതിനെത്തുടർന്നു കോടതി സർക്കാരിനു താക്കീതും നൽകിയിരുന്നു.
നേരത്തെ, പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ ഉണ്ടായ നാശനഷ്ടം ഈടാക്കാൻ കണ്ടുകെട്ടിയത് 248 പേരുടെ സ്വത്തുക്കളാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഹർത്താൽ അക്രമങ്ങളിൽ 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പോപ്പുലർ ഫ്രണ്ടിന്റെയും ബന്ധപ്പെട്ട സംഘടനകളുടെയും ഭാരവാഹികളുടെയും ഭൂമിയും സ്വത്തുമാണു കണ്ടുകെട്ടിയത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഉൾപ്പെടുത്തിയുള്ള ആഭ്യന്തര അഡീഷനൽ സെക്രട്ടറി ഡി.സരിതയുടെ നടപടി റിപ്പോർട്ടാണു സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ ഹൈക്കോടതിക്കു കൈമാറിയത്. ഈ റിപ്പോർട്ടാണ് ഹൈക്കോടതി പരിഗണിച്ചത്.
പോപ്പുലർ ഫ്രണ്ട് കണ്ടുകെട്ടലിൽ ഏറ്റവും കൂടുതൽ ജപ്തി നടന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയിൽ ജപ്തി നടപടിക്കിടെ തർക്കങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 126 പോപ്പുലർ ഫ്രണടുകാരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടു കെട്ടിയത്. തിരുവനന്തപുരം- 5, കൊല്ലം -1, പത്തനംതിട്ട- 6, ആലപ്പുഴ-5, കോട്ടയം- 5, എറണാകുളം-6, തൃശ്ശൂർ- 18, പാലക്കാട് 23, കോഴിക്കോട് -22, വയനാട് -11, കണ്ണൂർ -8, കാസർകോട് 6. എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.
കൊല്ലത്ത് ആകെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന അബ്ദുൾ സത്താറിന്റെ സ്വത്തുക്കൾ മാത്രമേ കണ്ടുകെട്ടിയിട്ടുള്ളു. ജപ്തിക്ക് എതിരെ ഉണ്ടായിരിക്കുന്ന ആക്ഷേപങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ