- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ
തിരുവനന്തപുരം: സ്ലീപ്പർ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുക്കാതെ, സീസൺ യാത്രക്കാർ കയറുന്നത് ദീർഘദൂര യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തുന്നു. സ്ലീപ്പർ കോച്ചുകളിൽ കൂട്ടത്തോടെ കയറുന്ന സീസൺ ടിക്കറ്റ് യാത്രക്കാരെ തടയുന്നതിനോ, പിഴ ഈടാക്കുന്നതിനോ റെയിൽവേ നടപടി സ്വീകരിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം- എറണാകുളം റൂട്ടിൽ രാവിലെയും വൈകിട്ടും വഞ്ചിനാട് എക്സ്പ്രസിനു മുൻപായി പുതിയ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി.
തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിലാണ് സീസൺ ടിക്കറ്റ് യാത്രക്കാർ സ്ലീപ്പർ കോച്ചിൽ അനധികൃതമായി കയറി യാത്ര ചെയ്യുന്നത്. മതിയായ ട്രെയിൻ ഇല്ലാത്തതും ട്രെയിനുകൾ പിടിച്ചിട്ട് യാത്ര വൈകിക്കുന്നതുമാണ് സ്ലീപ്പർ കോച്ചുകളിൽ 'കള്ളവണ്ടി' കയറാൻ സീസൺ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്നു ചെന്നൈയിലേക്കും പുലർച്ചെ തിരിച്ചും സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ട്രെയിൻ(തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്), രാവിലെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുന്ന മലബാർ എക്സ്പ്രസ്, ആലപ്പുഴ വഴിയുള്ള മാവേലി എക്സ്പ്രസ്, കന്യാകുമാരി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകളാണ് സീസൺ ടിക്കറ്റുകാർ ദുരുപയോഗം ചെയ്യുന്നത്. ഏറ്റവും രസകരമായ കാര്യം സീസൺ യാത്രക്കാരിൽ കള്ളവണ്ടി കയറുന്ന ഭൂരിഭാഗം പേരും കനത്ത ശമ്പളം വാങ്ങുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണെന്നതാണ്.
ട്രെയിനുകളിലെ അമിത തിരക്ക് കുറയ്ക്കുന്നതിന് വഞ്ചിനാട് എക്സ്പ്രസിനു മുൻപായി എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും രാവിലെയും വൈകിട്ടും കോട്ടയം വഴി പുതിയ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലത്ത് കാലുകുത്താൻ ഇടമില്ലാതെയാണ് വഞ്ചിനാട് എക്സ്പ്രസ് നിലവിൽ സർവീസ് നടത്തുന്നത്. വന്ദേഭാരത് ട്രെയിനുകളുടെ യാത്രാ നിരക്ക് കൂടുതലായതിനാൽ ഈ സർവീസ് സാധാരണ യാത്രക്കാർക്ക് ഒട്ടും സഹായകമല്ല. ഇതിനു പുറമേ വന്ദേഭാരത് കടത്തിവിടാൻ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, മെമു ട്രെയിനുകളിലെ യാത്രക്കാരെ വലയ്ക്കുന്ന സ്ഥിതിയാണ്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തേക്കുള്ള സിൽച്ചാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രാവിലെ 8.30ന് കഴക്കൂട്ടത്ത് എത്തിയെങ്കിലും അനാവശ്യമായി ഇവിടെ പിടിച്ചിട്ടത് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടെ യാത്രക്കാരെ വലച്ചു. മറ്റു ട്രെയിനുകൾ കടത്തി വിടുന്നതിനായാണ് ഈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പിടിച്ചിട്ടത്.
തിരുവനന്തപുരം-കൊല്ലം റൂട്ടിൽ എല്ലാ ദിവസവും വൈകുന്നേരം 5.30ന് ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ്, 5.35ന് കന്യാകുമാരി - പുനലൂർ എക്സ്പ്രസ്, 5.45ന് വഞ്ചിനാട് എക്സ്പ്രസ്, 5.55ന് തിരുവനന്തപുരം സെൻട്രൽ-കൊല്ലം എക്സ്പ്രസ് സ്പെഷൽ എന്നിവ സർവീസ് നടത്തുന്നുണ്ട്. എന്നാൽ, യാത്രക്കാർ വർധിച്ചതു മൂലം ട്രെയിൻ യാത്ര വലിയ തിരക്കുള്ളതായി മാറി. രാവിലെ 5.40ന് കോട്ടയം-കൊല്ലം എക്സ്പ്രസ് പോയി കഴിഞ്ഞാൽ 6.23ന് വഞ്ചിനാട് എക്സ്പ്രസ് വരുന്നതുവരെ കോട്ടയം റൂട്ടിൽ ട്രെയിൻ ഇല്ലാത്ത സ്ഥിതിയാണ്. കോട്ടയം-കൊല്ലം എക്സ്പ്രസ് എറണാകുളം -തിരുവനന്തപുരം റൂട്ടിൽ നീട്ടുന്നതും രാവിലത്തെ അമിത തിരക്ക് കുറയ്ക്കുന്നതിന് സഹായകമാകും. വൈകുന്നേരം തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റിനു മുൻപായി എറണാകുളം ഭാഗത്തേക്ക് കോട്ടയം വഴി പുതിയ ട്രെയിൻ വേണമെന്നാണ് ആവശ്യം ഉയരുന്നത്.
റെയിൽവേയുടെ ട്രാവലിങ് ടിക്കറ്റ് എക്സാമിനർ (ടിടിഇ) ടിക്കറ്റ് പരിശോധന നടത്താറുണ്ടെങ്കിലും കൂട്ടമായി കയറുന്ന സീസൺ യാത്രക്കാരെ പേരിന് മാത്രം പിഴ ഈടാക്കി വിട്ടയയ്ക്കുകയാണ് ചെയ്യുന്നത്. സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന സീസൺകാരെ കണ്ടെത്തിയാൽ, ഒരാൾക്ക് ഈടാക്കേണ്ട പിഴ തുക അഞ്ച് - ആറു പേർക്കായി ഈടാക്കി വിടുകയാണ് നിലവിൽ ടിടിഇമാർ ചെയ്തു വരുന്നത്. ഇതിനു പകരം, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ചുമത്തുന്ന നിയമപ്രകാരമുള്ള പിഴ തുക സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന സീസൺ ടിക്കറ്റുകാരിൽ നിന്നും ഈടാക്കി അനധികൃത യാത്ര തടയണമെന്നാണ് ദീർഘദൂര യാത്രക്കാർ ആവശ്യപ്പെടുന്നത്.
പരിശോധന നടത്തുമ്പോൾ സീസൺ ടിക്കറ്റുകാർ ഒന്നോ-രണ്ടോ പേരേ ഉള്ളെങ്കിൽ ചില ടിടിഇമാർ പിഴ ഈടാക്കാതെ കിട്ടുന്ന തുക രസീത് എഴുതാതെ പോക്കറ്റിലാക്കുന്നെന്നും ആക്ഷേപമുണ്ട്. എസി കോച്ചുകളിലും സ്ലീപ്പർ കോച്ചുകളിലും അനധികൃതമായി യാത്ര ചെയ്യുന്ന ഡ്യൂട്ടിയിൽ അല്ലാത്ത പൊലീസ് ഉദ്യോഗസ്ഥരും റെയിൽവേ ജീവനക്കാരും ദീർഘദൂര യാത്രക്കാർക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല. പലപ്പോഴും ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ അനധികൃതമായി യാത്ര ചെയ്യുന്നവർ തയാറാകാറില്ല.