ന്യൂഡൽഹി: വ്യവസായ പ്രമുഖനും ടാറ്റാ സൺസിന്റെ മൂൻ ചെയർമാനുമായ സൈറസ് മിസ്ട്രിയുടെ മരണത്തെതുടർന്ന് പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും സൈബർ ലോകത്ത് പ്രചരിക്കുന്നത്. ചില ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളും അത് ഏറ്റ് പിടിച്ചു കഴിഞ്ഞു. ''ഏറ്റവും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉള്ള കാറാണ്, സൈറസ് മിസ്ട്രി സഞ്ചരിച്ചിരുന്നു മേഴ്‌സിഡസ് ബെൻസിന്റെ ജിഎൽസി സീരീസ്. ക്രാഷ് ടെസ്റ്റിൽ പലവട്ടം കഴിവ് തെളിയിച്ച എസ്യുവിയാണ് ഇത്. അതിൽ ഒരു വാഹനാപകടത്തിൽ പിൻസീറ്റിൽ ഇരിക്കുന്ന ആൾ മരിക്കുക സ്വാഭാവികമല്ല. അതുകൊണ്ടുതന്നെ സൈറസ് മിസ്ട്രിയെ ആരോ കൊല്ലിച്ചയാണ്'- എന്നുള്ള തിയറികളൊക്കെ ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. പക്ഷേ ഇതിന്റെ യഥാർഥ പ്രശ്നം പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രാ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.

വാഹനങ്ങളുടെ സുരക്ഷ മുഖമുദ്രയാക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ മുൻ തലവൻ സീറ്റ് ബെൽട്ട് ഇട്ടിരുന്നില്ല. 7 എയർബാഗുകൾ അടക്കം പുതുതലമുറ സുരക്ഷാ സംവിധാനങ്ങളും തുണച്ചില്ല. അതുകൊണ്ടുതന്നെ പിൻസീറ്റിൽ ഇരിക്കുന്നവരും നിർബന്ധമായി സീറ്റ് ബെൽറ്റ് ധരിക്കണം എന്ന കാമ്പയിൽ ഉയർത്തുകയാണ് ആനന്ദ് മഹീന്ദ്ര അടക്കമുള്ളവർ.

ഏതു മേഴ്സിഡസ് ബെൻസ് ആണെങ്കിലും ഓവർസ്പീഡ് ആണെങ്കിൽ ഇടിയുടെ ആഖാതം ഭീകരമായിരിക്കും. പിൻസീറ്റിൽ ആണെങ്കിലും അപകടം സംഭവിക്കാം. ജഗതി ശ്രീകുമാറിന്റെ അപകടം, മോനിഷയുടെ മരണം, ഡയാന രാജകുമാരിയുടെ അപകട മരണം എന്നിവയിലൊക്കെ ഇക്കാര്യം വ്യക്തമാണ്. ഡയാനക്ക് അപകട മരണം സംഭവിച്ചപ്പോൾ അവർ സഞ്ചരിച്ചതും മേഴ്സിഡസ് ബെൻസിൽ തന്നെ ആയിരുന്നു. മികച്ച വാഹനസുരക്ഷാ സംവിധാനങ്ങൾ അപകടങ്ങളിൽ മരണപ്പെടാനുള്ള സാധ്യതകൾ കുറക്കുമെന്നല്ലാതെ നൂറു ശതമാനം സുരക്ഷ എന്നത് ലോകത്തിലെ ഒരു കാർ കമ്പനിക്കും ഉറപ്പുനൽകാൻ ആവില്ല.

പ്രതിജ്ഞയുമായി അനന്ദ് മഹീന്ദ്ര

സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ എയർബാഗ് പ്രവർത്തിക്കില്ല എന്നാണ് വാഹന നിർമ്മാതാക്കൾ പറയുന്നത്. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്നവർ പരുക്കുകളോടെ രക്ഷപ്പെട്ടപ്പോൾ പിന്നിൽ ഇരുന്ന ആളുകളുടെ മരണ കാര്യം സീറ്റ് ബെൽറ്റ് ധരിക്കാത്തതുകൊണ്ടുതന്നെയാണ്. എയർബാഗുകൾക്കു പുറമെ സീറ്റ് ബെൽറ്റ്, ആന്റിലോക്ക് ബ്രേക്ക്, ഇബിഎസ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളാണു പുതുതലമുറ വാഹനങ്ങളിലുള്ളത്. എന്നാൽ ഈ സുരക്ഷ സംവിധാനങ്ങളെല്ലാമുണ്ടെങ്കിലും വാഹനം അപകടത്തിൽപെടുമ്പോൾ അതിൽ ഇരിക്കുന്ന ഏതൊരാൾക്കും സുരക്ഷയുടെ 'പ്രാഥമിക തട'യാണ് സീറ്റ് ബെൽറ്റ്. അതുണ്ടെങ്കിൽ മരണസാധ്യതയും പരുക്കുകളുടെ ആഘാതവും പത്തിലൊന്നായി കുറയുമെന്നു പഠനങ്ങൾ പറയുന്നു.

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ നടത്തിയ പ്രസ്താവന സാമൂഹിമാധ്യമങ്ങളിൽ വൈറലാവുകയാണ്. മിസ്ട്രിയുടെ മരണത്തിൽ അനുശോചിക്കുന്ന ട്വീറ്റിനൊപ്പം അദ്ദേഹം നടത്തിയ പ്രതിജ്ഞയാണ് വൈറലായിരിക്കുന്നത്. 'കാറിന്റെ പിൻസീറ്റിലിരിക്കുമ്പോഴും എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കാൻ ഞാൻ തീരുമാനിക്കുന്നു. കൂടാതെ ആ പ്രതിജ്ഞയെടുക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മൾ എല്ലാവരും അതിന് നമ്മുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു.'- മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

അമിതവേഗവും വില്ലനായി

ഗുജറാത്തിലെ ഉദ്വാഡയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ചയാണ് സൈറസ് മിസ്ത്രി (54) അപകടത്തിൽ മരിച്ചത്. ടാറ്റ ഗ്രൂപ്പിലെ മുൻ സ്വതന്ത്ര ഡയറക്ടർ ഡാരിയസ് പണ്ടോൾ, ഭാര്യ അനാഹിത പണ്ടോൾ, സഹോദരൻ ജഹാംഗീർ പണ്ടോൾ എന്നിവരാണ് അദ്ദേഹത്തിനൊപ്പം യാത്രയിലുണ്ടായിരുന്നത്. ഗൈനക്കോളജിസ്റ്റായ അനഹിത പണ്ടോളാണ് കാർ ഓടിച്ചിരുന്നത്. അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

മെഴ്സെഡിസ് ബെൻസിന്റെ അതീവ സുരക്ഷിതമായ എസ്യുവിയായ ജിഎൽസിയാണ് അപകടത്തിൽ പെട്ട കാർ. മുൻ എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, ഡ്രൈവറുടെ കാൽമുട്ടിന് സുരക്ഷയേകുന്ന നീ എയർബാഗുകൾ എന്നിവ അടക്കം ഏഴ് എയർബാഗുകൾ. എബിഎസ്, ഇബിഡി തുടങ്ങിയ പുതുതലമുറ സുരക്ഷാ സംവിധാനങ്ങൾ കാറിലുണ്ട്. എന്നിട്ടും അപകടത്തിൽ പെട്ടപ്പോൾ ജീവൻ നഷ്ടമായത് പിൻസീറ്റ് യാത്രികരായ രണ്ടുപേർക്ക്.

വാഹനങ്ങളുടെ സുരക്ഷ മുഖമുദ്രയാക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ മുൻ തലവനായിരുന്ന സൈറസ് മിസ്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അമിതവേഗവും ഇടതുവശത്തുകൂടിയുള്ള മറികടക്കൽ ശ്രമവും റോഡിന്റെ മോശം അവസ്ഥയും കൂടിയായപ്പോൾ അപകടത്തിന്റെ തീവ്രത വർധിച്ചു. വാഹനത്തിനുള്ളിലെ എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം എന്ന നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കർശനമായി പാലിക്കപ്പെടുന്നില്ല. പിൻ സീറ്റിലെ ആളുകളും തീർച്ചയായും സീറ്റ് ബെൽറ്റ് ധരിക്കണം എന്നത് കൂടുതൽ ശക്തമായി ധരിപ്പിക്കുകയാണ് ഈ അപകടം.

ഡയാനയുടെ മരണവുമായി സാമ്യം

ഡയാന രാജകുമാരിയുടെ അപകട മരണവും മിസ്ത്രിയുടെ മരണവും തമ്മിലും സാദൃശ്യങ്ങൾ ഏറെയാണ്. ഇരുവരുടെയും ബെൻസായിരുന്നു വാഹനം. 1997ൽ ഡയാന രാജകുമാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഡയാനയും കാമുകനും പിൻ സീറ്റ് യാത്രികരായിരുന്നു. രണ്ടു പേരും മരിച്ചു. മുൻ സീറ്റിലുള്ളയാൾ മരിച്ചില്ല എന്നതും മറ്റൊരു സമാനത. ലോകത്തെ പിടിച്ചു കുലുക്കിയ അപകടമായിരുന്നു ഡയാന രാജകുമാരിയുടെ മരണം. 1997 ഓഗസ്റ്റിൽ നടന്ന അപകടത്തിൽ കാറിന്റെ ഡ്രൈവർ ഹെന്റി പോളും ഡയനാ രാജകുമാരിയും ഡോഡി ഫയദും മരിച്ചു. മെഴ്സിഡീസ് ബെൻസിന്റെ എസ് 280 സെഡാനായിരുന്നു അപകടത്തിൽ പെട്ടത്. അപകട സമയത്ത് വാഹനം 105 കിലോമീറ്റർ വേഗത്തിലായിരുന്നു. അമിതവേഗവും സീറ്റ് ബെൽറ്റും ധരിക്കാത്തതുമാണ് ആ മരണത്തിന് പിന്നിലും. ഡ്രൈവറും ബോഡിഗാർഡ് ട്രെവർ രീസ് ജോൺസുമായിരുന്നു മുന്നിൽ ഇരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചതും മുൻ എയർബാഗ് പ്രവർത്തിച്ചതുമാണ് ട്രെവറിന് രക്ഷയായത് എന്നാണ് കണ്ടെത്തിയത്.

മിസ്ത്രി സഞ്ചരിച്ചിരുന്ന എസ്യുവിയുടെ ചിത്രം ശ്രദ്ധിച്ചാൽ അത്ര വലിയ അപകടമാണ് എന്ന് തോന്നില്ല. അമിതവേഗത്തിലായിരുന്നു കാർ എന്നാണ് പ്രാഥമിക നിഗമനം. 20 കിലോമീറ്റർ വെറും 9 മിനിറ്റു കൊണ്ട് താണ്ടി എന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നു പൊലീസ് വെളിപ്പെടുത്തി. അതായത് 100 കിലോമീറ്ററിൽ അധികമായിരുന്നു വാഹനത്തിന് വേഗം. 2018 മോഡൽ ജിഎൽസി 220 ഡി 4 മാറ്റിക്കായിരുന്നു അപകടത്തിൽ പെട്ട കാർ. കർട്ടൻ എയർബാഗ് അടക്കം ഏഴ്. എയർബാഗുകളും ഇഎസ്‌പി, പ്രീസെയ്ഫ് തുടങ്ങി നിരവധി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട് കാറിൽ. ക്രാഷ് ടെസ്റ്റിൽ പലവട്ടം കഴിവ് തെളിയിച്ച എസ്യുവിയാണ് ഇത്. അപകടത്തിൽ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഫ്രണ്ട്-ഇംപാക്ട് എയർബാഗ്, സൈഡ് ഇംപാക്ട് എയർബാഗ്, ഓവർഹെഡ് എയർബാഗുകൾ, മുട്ടിന് സുരക്ഷയേകുന്ന എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ടായിരുന്നെന്നു.