- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീ ശരീയത്ത് പ്രകാരം ഭാഗംവെച്ച് സഹോദരിമാരുടെ സ്വത്ത് അടിച്ച് മാറ്റിയവൻ അല്ലേ; വിവാഹമോചനം ചെയ്യാതെ എങ്ങനെയാണ് വീണ്ടും വിവാഹം കഴിക്കുക'; മക്കൾക്ക് അനന്തരാവകാശം കിട്ടാനായി സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിക്കുന്ന ഷുക്കുർ വക്കീലിന് സൈബർ ആക്രമണം; ചുട്ട മറുപടിയുമായി 'ന്നാ താൻ കേസ് കൊട്' ഫെയിം അഭിഭാഷകനും
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു നടനും അഭിഭാഷകനുമായ അഡ്വ സി ഷുക്കുറും, ഭാര്യ ഡോ ഷീനാ ഷുക്കുറും, മക്കൾക്ക് അനന്തരവാകാശം പൂർണ്ണമായി കിട്ടുന്നതിനായി സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം ഒരിക്കൽകൂടി വിവാഹിതർ ആവുന്നു എന്നത്. ഷുക്കുർ വക്കീലിന്റെ ആദ്യവിവാഹം മതപരമായ ചടങ്ങളുകളോടെയാണ് നടന്നത്. എന്നാൽ രണ്ടാം വിവാഹമാവട്ടെ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരമാണ് നടക്കുക.
കാരണം അപ്പോൾ മാത്രമേ മുസ്ലിം വ്യക്തിനിയമം മറികടന്ന് അദ്ദേഹത്തിന് തന്റെ സ്വത്ത് പൂർണ്ണമായും മക്കൾക്ക് കൊടുക്കാൻ കഴിയൂ. അഡ്വ ഷുക്കുറിന് മുന്ന് പെൺകുട്ടികളാണ് ഉള്ളത്. 1937ലെ മുസ്ലിം പേഴ്സൺ ലോ ആപ്ലിക്കേഷൻ ആക്റ്റ് അനുസരിച്ച് ഇദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂന്നിൽ രണ്ടുഭാഗം മാത്രമേ, ഈ പെൺകുട്ടികൾക്ക് കിട്ടുകയുള്ളു. ഷുക്കുറിനും ഷീനക്കും ആൺമക്കൾ ഇല്ലാത്തതിനാൽ ബാക്കി സ്വത്തുക്കൾപോവുക ഷുക്കൂറിന്റെ സഹോദരങ്ങൾക്കാണ്. വിൽപ്പത്രം എഴുതിവച്ചാൽപോലും അത് നിയമവിധേയം ആവുകയില്ല. എന്നാൽ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ വിവേചനത്തിൽ നിന്ന് രക്ഷപ്പെടാം. അതുകൊണ്ടാണ് ഈ വനിതാദിനത്തിൽ, അതായത് 2023 മാർച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം താനും ഭാര്യയും വിവാഹിതരാകുകയാണെന്ന് ഷുക്കുർ വക്കീൽ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
നിമിഷങ്ങൾകൊണ്ട് ഈ വാർത്ത വൈറൽ ആയി. ദേശീയ മാധ്യമങ്ങൾ വരെ കവർ ചെയ്യുന്ന രീതിയിൽ ഈ വാർത്ത വളർന്നു. അതോടൊപ്പം ഇസ്ലാമിസ്റ്റുകളിൽ നിന്ന് അതിശക്തമായ സൈബർ ആക്രമണവും ഉണ്ടായി. ഷുക്കൂർ വക്കീൽ ശരീയത്ത് പ്രകാരം ഭാഗം വെച്ച് സഹോദരിമാരുടെ സ്വത്ത് അടിച്ച് മാറ്റിയവനാണെന്നും, വിവാഹമോചനം ചെയ്യാതെ എങ്ങനെയാണ് വീണ്ടും വിവാഹം കഴിക്കുക എന്നൊക്കെയാണ് അവർ ഉയർത്തിയ വാദങ്ങൾ. വേണമെങ്കിൽ മക്കൾക്ക് സ്വത്ത് ഇഷ്ടദാനമായി എഴുതിവെക്കാമെല്ലോ എന്നും ഇവർ ചോദിക്കുന്നു.
ചുട്ട മറുപടിയുമായി ഷുക്കുർ
ഈ ആരോപണങ്ങൾക്കെല്ലാം ചുട്ട മറുപടിയുമായി ഷുക്കുർ വക്കീലും രംഗത്ത് എത്തിയിരിക്കയാണ്. അദ്ദേഹം തന്റെ പുതിയ വീഡിയോയിൽ ഇങ്ങനെ പറയുന്നു. '1954ൽ പാർലമെന്റ് അംഗീകരിച്ച സ്പെഷ്യൽ മാരേജ് ആസ്റ്റ് പ്രകാരം ഞങ്ങൾ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യുകയാണെന്ന് പറഞ്ഞതിരെയുള്ള ചില പ്രതികരണങ്ങൾ ശ്രദ്ധയിൽ പെട്ടു. പലരും എനിക്ക് അത് വാട്സാപ്പിൽ അയച്ച് തന്നിട്ടുണ്ട്. സ്പെഷ്യൽ മാരേജ് ആക്റ്റ് 15 പ്രകാരം, രജിസ്്റ്റർ ചെയ്യുന്നതിന് വിവാഹ മോചനം ചെയ്യേണ്ട ആവശ്യമില്ല. ഇതിൽ മൂന്ന് കണ്ടീഷൻസ് ആണ് പറയുന്നത്.
നേരത്തെ ആചാരപ്രകാരം വിവാഹം ചെയ്ത ആളുകൾക്ക് 21 വയസ്സ് ആ സമയത്ത് ഉണ്ടാകണം. ആ കല്യാണശേഷം ഞങ്ങൾ ഇതുവരെ ഒരുമിച്ച് ജീവിച്ചിരിക്കണം. പിന്നെ ഞങ്ങൾ ബുദ്ധി ഉറച്ച ആളുകൾ ആയിരിക്കണം. ഈ മൂന്ന് കണ്ടീഷൻസും ഞങ്ങൾ ക്വാളിഫൈ ചെയ്തിട്ടുണ്ട്. ആ അടിസ്ഥാനത്തിൽ ഒരു മാസം മുമ്പ് ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഒരു മാസം കഴിഞ്ഞ് ഒബ്ജക്ഷൻ ഇല്ലാത്തതുകൊണ്ട് ഇൻഷാ അല്ലാഹ്, എട്ടാം തീയതി വിവാഹം കഴിക്കാൻ പോവുകയാണ്. ''- ഷുക്കൂർ പറഞ്ഞു.
'ഞാൻ ശരീയത്ത് പ്രകാരം സ്വത്ത് വാങ്ങിയ ആളാണ് എന്നാണ് അടുത്ത വിമർശനം. എനിക്ക് പിന്തുടർച്ചാവകാശം ലഭിച്ചത് പത്തുവർഷം മുമ്പ് ഉമ്മ മരിച്ചപ്പോൾ ആണ്. ഉമ്മ മരിച്ചപ്പോൾ മോശമില്ലാത്ത സ്വത്ത് കിട്ടിയിട്ടുണ്ട്. രണ്ടു പെൺമക്കൾ അടക്കം ഞങ്ങൾ അഞ്ച് സഹോരങ്ങളാണ്. ഞങ്ങൾ അഞ്ചുപേരും ഉമ്മയുടെ സ്വത്ത് തുല്യമായി വീതിച്ച് എടുക്കയാണ്. ഒരു ഗ്രാം പൊന്നുപോലും അമിതമായി എടുത്തിട്ടില്ല.
സ്വത്ത് മക്കൾക്ക് തുല്യമായി വീതിച്ച് കൊടുത്താൽ പോരെ, വീണ്ടും വിവാഹം കഴിക്കണ്ടേ ആവശ്യമെന്താണ് എന്നാണ് ചിലർ ചോദിക്കുന്നത്. മരിച്ചതിന് ശേഷമാണ് അനന്തരാവകാശം വരുന്നത്. സ്വത്ത് മക്കൾക്ക് വീതിച്ച് നൽകുന്നത് മറ്റൊരു രീതിയാണ്. ജീവിച്ചിരിക്കുന്ന സമയത്ത് മക്കൾക്ക് കാറ് വാങ്ങിക്കൊടുക്കുന്നതും, കല്യാണ സമയത്ത് എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നതോ ഗിഫ്റ്റ് മാത്രമാണ്. മരണശേഷം ബാക്കിയുള്ളതുകൊടുക്കുന്നതാണ് അനന്തരവകാശം.
ഞാൻ 26 വർഷമായി പ്രാക്ടീസ് ചെയ്യുന്ന വക്കീൽ ആണ്. എന്റെ ഓഫീസ്, ഫയലുകൾ, പുസ്തകങ്ങൾ എന്നിവാെയകെക എന്റെ കാലശേഷം മക്കൾക്ക് ലഭിക്കേണ്ടതാണ്. അതെനിക്ക് ഇപ്പോൾ ഗിഫ്റ്റായി നൽകാൻ സാധിക്കില്ല. അതുകൊണ്ട് ആ ചോദ്യം അപ്രസക്തമാണ്. അനന്തരം എന്നത് കാലശേഷം ഉണ്ടാകേണ്ട സംഗതിയാണ്. എന്റെ കാലശേഷം സ്വത്തുക്കൾ പൂർണ്ണമായും എന്റെ മക്കൾക്ക് ലഭിക്കണം.
ഇത് വ്യക്തിപരമായ വിഷയം അല്ല. മുസ്ലിം പെൺകുട്ടികളെ മൊത്തം ബാധിക്കുന്ന വിഷയമാണ്. ഇപ്പോൾ ലൈഫ് പദ്ധതിയിൽ നാലുസെന്റ് ഭൂമിയിലാണ് വീട് നിർമ്മിച്ച് നൽകുന്നത്. ഇവിടെ താമസിക്കുന്ന ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും മാത്രമേ ഉള്ളൂ എങ്കിൽ ഭർത്താവ് മരിച്ചാൽ ഭാര്യക്ക് ലഭിക്കുന്നത് വെറും ഒരു സെന്റാണ്. ചിലപ്പോൾ അവൾ തെരുവിൽ പുറത്തിറങ്ങേണ്ടിയും വരും. ഇത് ഗുരുതരമായ ഒരു സാമുഹി ക പ്രശ്നമാണ്. ഇത് അഡ്രസ് ചെയ്യാതെ നാം മാറിനിന്നതുകൊണ്ട് കാര്യമില്ല. തുല്യത എന്ന അടിസ്ഥാനബോധം എല്ലാ ഘടകത്തിലും വേണം.
ഇതിന് പരിഹാരം ഏക സിവിൽ കോഡ് അല്ലേ. ഒരു പാട് കമന്റുകൾ അങ്ങനെയാണ്. പക്ഷേ അങ്ങനെ അല്ല. ഏക സിവിൽ കോഡാണ് ഈ പ്രശ്നത്തിന് പരിഹാരം എന്ന് കരുതുന്ന വ്യക്തിയല്ല ഞാൻ. നേരത്തെ ഹിന്ദു സക്‌സഷൻ ആക്റ്റിലും മറ്റും ഉണ്ടായ പല പിഴവുകളും, കാലക്രമേണെ നമ്മുടെ പാർലമെന്റും കോടതികളും തിരുത്തുകയാണ് ചെയ്തത്. അതുപോലെ, ഈ മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലും കാലാനുസൃതമായ തിരുത്തുകയാണ് വേണ്ടത്.
ഏറ്റവും സിമ്പിളായി ചെയ്യാവുന്നത്, 1937ലെ ശരീയത്ത് അപ്ലിക്കേഷൻ ആക്റ്റിലെ ഒരു പ്രൊവിഷൻ പറയുന്ന്, ഒരാൾ സ്വയം മുസ്ലിം ആയി ഡിക്ലളയർ ചെയ്താൽ മാത്രമേ, നിയമം ബാധകമാവൂ എന്നാണ് പറയുന്നത്. അതിൽ 'മെ' എന്ന ഇംഗ്ലീഷ വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. അതിനുപകരം 'ഷാൾ' എന്ന് മാറ്റണം. ഈ നിയമമാണ് അള്ളാഹു പറഞ്ഞത്, പുരുഷനും സ്ത്രീക്കും തുല്യത വേണ്ട എന്ന് കരുതുന്ന ഒരാളുണ്ടെങ്കിൽ അയാൾക്ക്, അനന്തര സ്വത്ത് വീതം വെക്കുമ്പോൾ, ഞാൻ ഇസ്്ലാം ആയതുകൊണ്ട് ഈ രീതിയിലേ വീതം വെക്കൂ എന്ന് തീരുമാനിക്കാൻ കഴിയും. എന്നാൽ ശരീയത്ത് അപ്ലിക്കേഷൻ ആക്റ്റിലെ 'മെ' എന്ന് പറയുന്നത് 'ഷാൾ' ആക്കുകയും, ഈ നിയമം തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മുഴുവൻ ആളുകളും, രജിസ്ട്രാപ്പീസിലോ, താലൂക്ക് ഓഫീസിലോ, അല്ലെങ്കിൽ കലക്ടർക്ക് മുമ്പാകെയോ, അഫിഡവറ്റ് കൊടുത്താൽ അവർക്ക് ഈ നിയമം തുടരാൻ കഴിയുകയും, മറ്റുള്ളവർക്ക് ഇന്ത്യൻ സക്സഷൻ ആക്റ്റ് തുടരാനുള്ള അധികാരം കൊടുക്കുകയും ചെയ്താൽ ഈ പ്രശ്നം പരിഹരിക്കപ്പെടും.''- ഷൂക്കുർ വക്കീൽ ചൂണ്ടിക്കാട്ടുന്നു. എന്തായാലും സോഷ്യൽ മീഡിയയയെ പിടിച്ച് കുലുക്കുന്ന ചർച്ചകളാണ് ഷുക്കുർ വക്കീലിന്റെ 'രണ്ടാം കല്യാണത്തിന്റെ' പേരിൽ നടക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ