തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിൽ കെട്ടികിടക്കുന്നത് 1.92 ലക്ഷം ഫയലുകൾ. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടികിടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാരായ ശിവൻകുട്ടി, ഗോവിന്ദൻ മാസ്റ്റർ, കെ. രാജൻ, വീണ ജോർജ് , ബാലഗോപാൽ എന്നിവരുടെ വകുപ്പുകളിലാണ്. പൊതു ഭരണ വകുപ്പ്, ആഭ്യന്തരം, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, റവന്യു, ആരോഗ്യം, ധനകാര്യം എന്നീ വകുപ്പുകളാണ് ഫയൽ തീർപ്പാക്കലിൽ ഏറ്റവും മോശം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മാസത്തോളം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതു മൂലമാണ് സെക്രട്ടേറിയേറ്റിൽ കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം വർദ്ധിച്ചത്. പ്രസ്തുത വിഷയം മാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ മുഖ്യമന്ത്രി ഫയൽ തീർപ്പാക്കൽ യജ്ഞം പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ യജ്ഞം സെക്രട്ടേറിയേറ്റിലും കളക്ടറേറ്റിലും മറ്റ് സർക്കാർ ഓഫിസുകളിലും പ്രഖ്യാപിച്ചത്.

ഞായറാഴ്ചകളിൽ പോലും ജീവനക്കാർ ജോലി ചെയ്യാൻ വന്ന് ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ മുഴുകിയെങ്കിലും ഫലം കണ്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകളുടെ എണ്ണം ക്രോഡികരിക്കുന്നത് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ എ. ആർ 14 എന്ന സെക്ഷനിലാണ്. 31.3.22 വരെയുള്ള ഫയലുകളുടെ വിശദാംശങ്ങൾ ആണ് ഇതുവരെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിൽ ക്രോഡികരിച്ചതെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി.

ക്രോഡികരിക്കുന്ന വകുപ്പിന്റെ കയ്യിൽ പോലും 31.3.22 ന്റെ കണക്കേ ഉള്ളു എന്നത് സെക്രട്ടേറിയേറ്റിലെ ഭരണ സ്തംഭനത്തെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ വകുപ്പുകളിൽ കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം സംബന്ധിച്ച ചോദ്യത്തിന് വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടി നൽകി ഒഴിഞ്ഞു മാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. സെക്രട്ടേറിയേറ്റിലെ ഫയലുകൾ സംബന്ധിച്ച് പുതുമുഖങ്ങളായ മന്ത്രിമാർക്ക് യാതൊരു പരിചയവുമില്ല.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളിൽ പ്രഗൽഭരായ സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ ഇല്ലാത്തതും സർക്കാരിനെ കുഴക്കുന്നു. ഓരോ ഫയലും ഓരോ ജീവിതമാണ് എന്നായിരുന്നു 2016 ൽ മുഖ്യമന്ത്രിയായി ചാർജേറ്റെടുത്ത ഉടൻ സെക്രട്ടേറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് പിണറായി പ്രസംഗിച്ചത്. ഓരോ വർഷവും പിണറായി ഇതാവർത്തിച്ച് പ്രസംഗിക്കുന്നുണ്ടെങ്കിലും ഫലം തഥൈവ.