- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ സർവീസിൽ നിന്നു പിരിച്ചുവിടാം; ഇൻക്രിമെന്റും തടയാം; സംസ്ഥാന തലവനായ ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥൻ സമരം ചെയ്യുന്നതു ഗുരുതര കുറ്റകൃത്യം; സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനും സാധ്യത; ഹണിയും ഷൈനിയും പ്രതിസന്ധിയിൽ; സെക്രട്ടറിയേറ്റിലെ 'സഖാക്കളെ' സർക്കാരിന് രക്ഷിക്കാനാകില്ല
തിരുവനന്തപുരം: ഗവർണർക്കെതിരെ ഇടതു മുന്നണി സംഘടിപ്പിച്ച രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി അനിവാര്യമാകും. ഈ വിഷയത്തിൽ ഹൈക്കോടതി ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. മാർ്ച്ചിന് മുമ്പ് തന്നെ ബിജെപി അധ്യക്ഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അത് മാധ്യമ വാർത്തയുമായി. അതിന് ശേഷമാണ് സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ 7 നേതാക്കൾ മാർച്ചിൽ പങ്കെടുത്തത്. ഇതിൽ 2 പേർ അഡീഷനൽ സെക്രട്ടറിമാരാണ്.
ഇവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ 7 നേതാക്കൾ മാർച്ചിൽ പങ്കെടുത്തു എന്നാണ് ബിജെപി നൽകിയ പരാതിയിലുള്ളത്. ഇതിൽ 2 പേർ അഡീഷനൽ സെക്രട്ടറിമാരാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നു ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. അഡിഷനൽ സെക്രട്ടറിമാരായ പി.ഹണി, ഷൈനി, സെക്ഷൻ ഓഫിസർമാരായ ജി.ശിവകുമാർ, ഇ.നാസർ, കെ.എൻ.അശോക് കുമാർ, ഐ.കവിത, ഓഫിസ് അറ്റൻഡന്റ് കല്ലുവിള അജിത് എന്നിവർക്കെതിരെയാണ് പരാതി. ഇതിൽ അഡീഷനൽ സെക്രട്ടറിമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരാണ്. ഇവരെ രക്ഷിക്കാൻ കഴിയുമോ എന്ന ആശങ്ക സർക്കാരിനുണ്ട്.
രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ സർക്കാർ ഉദ്യോഗസ്ഥരുടെ കോഡ് ഓഫ് കോണ്ടക്ട് റൂൾസ്, ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പീൽ റൂൾസ് എന്നിവ അനുസരിച്ച് സർവീസിൽ നിന്നു പിരിച്ചുവിടാം. ഇൻക്രിമെന്റ് തടയുന്ന പോലെയുള്ള നടപടികളും എടുക്കാം. മുൻപ് സമാന കുറ്റം ചെയ്തതിന് പല ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥൻ സമരം ചെയ്യുന്നതു ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഗവർണ്ണറുടെ പ്രീതി മന്ത്രിമാരെ പോലെ സർക്കാർ ജീവനക്കാർക്കും വേണമെന്നതാണ് ചട്ടം. അതുകൊണ്ടാണ് മന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിഷേധത്തിന് എത്താത്തത്. എന്നിട്ടും സർക്കാർ ജീവനക്കാർ എത്തി.
ഗവർണർക്കു നൽകുന്നതിനു മുൻപ് ബിജെപി നേതാക്കൾ ചീഫ് സെക്രട്ടറിക്കും പരാതി കൊടുത്തിരുന്നു. ഇതു സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചു എന്നാണ് രാജ്ഭവൻ ആരാഞ്ഞത്. രാജ്ഭവന്റെ കത്ത് ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി വി.പി.ജോയ് നിർദ്ദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് പൊതുഭരണ, ധന സെക്രട്ടറിമാർ ഇവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകും. വിശദീകരണം ലഭിച്ച ശേഷം സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കു നൽകും. ഇതു ക്രോഡീകരിച്ച് രാജ്ഭവനെ ചീഫ് സെക്രട്ടറി അറിയിക്കും. കേരള സർവകലാശാലയിലെ ഉദ്യോഗസ്ഥരും സമരത്തിൽ പങ്കെടുത്തുവെന്ന പരാതി രാജ്ഭവന് മുമ്പിലുണ്ട്.
ഈ മാസം 15ന് നടന്ന സമരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരുടെ പേരും അവർ മാർച്ചിൽ പങ്കെടുക്കുന്ന വിഡിയോയും ചിത്രങ്ങളും ഉൾപ്പെടെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പരാതി നൽകി. രാജേഷിന്റെ പരാതിയും ചിത്രങ്ങളും തെളിവുകളായി മാറി. ഇതോടെയാണ് ഗവർണ്ണർ അതിശക്തമായി ഇടപെട്ടത്. മുമ്പും രാഷ്ട്രീയ സമരങ്ങളിൽ ജീവനക്കാർ പങ്കെടുക്കാറുണ്ട്. എന്നാൽ ചിത്ര തെളിവുകളൊന്നും പുറത്തു വരാറില്ലായിരുന്നു. ഇത്തവണ രാജേഷും സംഘവും കൃത്യമായ ഇടപെടൽ നടത്തി. തെളിവുകൾ ഉണ്ടാക്കി. ഇതാണ് സർക്കാരിനും തലവേദനയാകുന്നത്.
രാജേഷിന്റെ പരാതി ഗവർണ്ണറുടെ ഓഫീസിൽ നിന്നും 19ന് തന്നെ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ചിത്രങ്ങളും അതിലുണ്ടായിരുന്നു. ഈ പരാതിയിൽ എന്ത് നടപടി എടുത്തുവെന്ന് ചീഫ് സെക്രട്ടറിയോട് ഗവർണ്ണർ ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചത്. ആർട്ടിക്കൾ 310 പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഗവർണ്ണറുടെ പ്രീതി സർവ്വീസ് കാലത്ത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ബിജെപി പരാതിയുമായി എത്തിയത്. പരാതിയെ ഗൗരവത്തോടെ കാണുന്നതിന് തെളിവാണ് ഗവർണ്ണറുടെ ഇടപെടൽ. ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പലരും മാർച്ചിൽ പങ്കെടുത്തത്. മാർച്ചിന്റെ മുന്നൊരുക്കത്തിനായി നന്ദാവനത്തെ പാണക്കാട് മെമോറിയൽ ഹാളിലും കുടപ്പനക്കുന്ന് തീർത്ഥ ഓഡിറ്റോറിയത്തിലുമായി സർക്കാർ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. ഡ്യൂട്ടിയിലുള്ള സമയത്താണ് ഉദ്യോഗസ്ഥർ ഈ യോഗത്തിനെത്തിയതെന്നാണ് ബിജെപി ആരോപണം.
15 ന് രാവിലെ മൂന്ന് സ്വകാര്യ ബസുകളിലായി രണ്ട് തവണ വീതം സെക്രട്ടേറിയേറ്റിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് എത്തിക്കുകയായിരുന്നുവെന്നും വി.വി. രാജേഷ് ആരോപിച്ചിരുന്നു. ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ മുദ്രാവാക്യം വിളിക്കുന്നത് നിയമ വ്യവസ്ഥയ്‌ക്കെതിരാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയം നേരത്തെ ഹൈക്കോടതിയുടെ ശ്രദ്ധയിലും ബിജെപി കൊണ്ടു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുറത്തു വന്ന ചിത്രത്തിലുള്ള ഏഴു പേരോട് വിശദീകരണം തേടിയത്. സർക്കാർ സർവീസിൽ കയറിക്കഴിഞ്ഞാൽ വിരമിക്കുന്നത് വരെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്നത് സർവീസ് നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോവാൻ ആവശ്യമാണ്. ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്ത വഴി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയെന്നും രാജേഷ് പറഞ്ഞിരുന്നു. ഇതിനൊപ്പമാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയിലും വിഷയം കൊണ്ടു വന്നത്. ഇതോടെ സർക്കാരിനോട് വിശദീകരണവും തേടി.
സമര ദിനത്തിൽ രാവിലെ 10.30 ന് സെക്രട്ടേറിയറ്റിന് സമീപം മൂന്ന് പ്രൈവറ്റ് ബസുകളെത്തിയാണ് ഇടതുപക്ഷ അനുകൂല ജീവനക്കാരെ രാജ്ഭവനിൽ എത്തിച്ചത്. ഇതിൽ പലരും രാവിലെ തന്നെ സെക്രട്ടേറിയറ്റിലെത്തി 'പഞ്ച്' ചെയ്തശേഷമാണ് പുറത്തു പോയി സമരത്തിൽ പങ്കെടുത്തത്. 'ഹലോ മിസ്റ്റർ ആരിഫ് ഖാൻ, ഓർത്തു കളിച്ചോ സൂക്ഷിച്ചോ' എന്നിങ്ങനെ ഗവർണറെ വെല്ലുവിളിക്കുന്ന മുദ്രാവാക്യങ്ങളാണ് രാജ് ഭവനു മുന്നിൽ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സർക്കാർ ജീവനക്കാർ മുഴക്കിയത്. ഗുരുതരമായ വീഴ്ചയാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഹാജർ രേഖപ്പെടുത്തിയ ശേഷം ഡ്യൂട്ടി സമയത്ത് സമരത്തിൽ പങ്കെടുക്കാൻ പോകുക, ഭരണഘടനാ ചുമതല വഹിക്കുന്ന ഗവർണർക്കെതിരെ ഡ്യൂട്ടി സമയത്ത് പരസ്യമായി പ്രകടനം നടത്തി മുദ്രാവാക്യങ്ങൾ മുഴക്കുക, രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയും, മറ്റുള്ളവരെ പങ്കെടുക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ തികച്ചും സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ഉദ്യോഗസ്ഥർ നടത്തിയത്.
മറുനാടന്‍ മലയാളി ബ്യൂറോ