തിരുവനന്തപുരം: ജീവനക്കാരുടെ പല ആനുകൂല്യങ്ങളും സർക്കാർ വെട്ടി കുറച്ചു. കൂട്ടിയ ശമ്പളം പി എഫിൽ ഇടുമെന്ന് പറഞ്ഞതു പോലും പിൻവലിച്ചു. ഇങ്ങനെ പറയുന്നതൊന്നും നടപ്പാക്കാൻ കഴിയാത്ത പിണറായി സർക്കാരിന് ജീവനക്കാർക്ക് മുമ്പിൽ കീഴടങ്ങേണ്ടി വന്നു. സെക്രട്ടേറിയറ്റിലെ വിവിധ ഓഫിസുകളിലേക്കു ജീവനക്കാർക്കു പ്രവേശിക്കാനുള്ള ആക്‌സസ് കൺട്രോൾ സംവിധാനം ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് ജീവനക്കാരുടെ എതിർപ്പിനെ തുടർന്നു സർക്കാർ മരവിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. സംഭവിച്ചത് മറ്റൊന്നാണ്. ഉത്തരവ് സർക്കാരിറക്കി. എന്നാൽ കാര്യങ്ങൾ ചെയ്യേണ്ട ജീവനക്കാർ അത് ചെയ്തില്ല. ഇതോടെ സർക്കാരിന് തീരുമാനത്തിൽ നിന്നും പിൻവലിയേണ്ടി വന്നു. ഇരട്ട ചങ്കനെന്ന് സിപിഎം വിശേഷിപ്പിക്കുന്ന പിണറായി വിജയനെ മുഖ്യമന്ത്രി കസേരയിൽ നോക്കു കുത്തിയാക്കി ജീവനക്കാർ ജയിക്കുകയാണ്.

സെക്രട്ടേറിയറ്റിലെ ഒരോ ബ്ലോക്കിലും ഓഫിസ് കവാടത്തിലും ഇടനാഴിയിലും സ്ഥാപിച്ചിരുന്ന ആക്‌സസ് കൺട്രോൾ സിസ്റ്റം ഇളക്കി മാറ്റും. ഒരു കെട്ടിടത്തിൽ പ്രധാന കവാടത്തിലേതു മാത്രം നിലനിർത്തും. 75 ആക്‌സസ് കൺട്രോൾ സിസ്റ്റം ആണു സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്കിലും അനക്‌സിലുമായി സ്ഥാപിച്ചത്. സ്ഥാപിച്ച ഈ ഉപകരണങ്ങൾക്ക് എന്ത് സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഇത് സ്ഥാപിക്കാൻ ചെലവാക്കിയ തുകയെല്ലാം സർക്കാരിന് നഷ്ടമായി മാറും. ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങൾ സർക്കാർ മരവിപ്പിക്കുകയോ എടുത്തു കളയുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരെ പണിയെടുപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളെ ഇടതു സംഘടനകളും അംഗീകരിച്ചില്ല. ഇതാണ് അക്‌സസ് കൺട്രോ്ൾ സിസ്റ്റം പാളാനുള്ള കാരണം.

ജീവനക്കാരുടെ സാന്നിധ്യം ഇരിപ്പിടത്തിൽ ഉറപ്പാക്കാനാണ് ഇതു നടപ്പാക്കുന്നതെന്നു നേരത്തെ പറഞ്ഞിരുന്നു. ശമ്പളവുമായി ബന്ധിപ്പിക്കുന്നുവെന്നു വന്നതോടെയാണു ജീവനക്കാരുടെ സംഘടനകൾ എതിർപ്പുമായി രംഗത്തുവന്നത്. ഇന്നലെ മുതൽ രണ്ടു മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനും അതുകഴിഞ്ഞ് ആക്‌സസ് കൺട്രോൾ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനും പൊതുഭരണ സെക്രട്ടറി മാർച്ച് 18ന് ഉത്തരവിറക്കി. ഒരു ഓഫിസിൽ നിന്നു മറ്റൊന്നിലേക്കു പോകുന്നതിനും മെയിൻ ബ്ലോക്കിൽ നിന്നു സെക്രട്ടേറിയറ്റ് അനക്‌സിലേക്കു പോകുന്നതിനും സമയവും നിശ്ചയിച്ചിരുന്നു. രാവിലെ ജോലിക്കു കയറിയാൽ ഉച്ചയൂണിനു മാത്രമേ പുറത്തിറങ്ങാൻ സാധിക്കുമായിരുന്നുള്ളു.

ഓഫിസ് ബ്ലോക്കിൽ നിന്ന് ഔദ്യോഗിക ആവശ്യവുമായി പുറത്തിറങ്ങി തിരിച്ചെത്താൻ അരമണിക്കൂറിൽ കൂടുതൽ വൈകിയാൽ ശമ്പളം നഷ്ടപ്പെടുമെന്നു ചൂണ്ടിക്കാണിച്ചും ജീവനക്കാരെ ബന്ദികളാക്കാൻ പറ്റില്ലെന്നു പറഞ്ഞും സംഘടനകൾ രംഗത്തുവന്നു. ഇടതു സംഘടനകളും വിഷയം ഏറ്റെടുത്തു. ചീഫ് സെക്രട്ടറി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചപ്പോൾ എതിർപ്പുയർന്നു. അപ്പോഴും തീരുമാനം നടപ്പാക്കുമെന്ന് സർക്കാർ വീമ്പു പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരെ പിണക്കിയാൽ അട്ടിമറി സാധ്യത സർക്കാർ കണ്ടു. ഇതോടെ പിന്മാറി. സ്പാർക്കുമായി ബന്ധിപ്പിക്കുമെന്ന പരാമർശം നീക്കി പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഭേദഗതി ഉത്തരവിറക്കി. രണ്ടു മാസത്തെ പ്രവർത്തനത്തിനു ശേഷം ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം തുടർ തീരുമാനമെന്നാണു പുതിയ നിർദ്ദേശം.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണു സംവിധാനം നടപ്പാക്കുവാൻ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങൾ വാങ്ങിയത്. പുതിയ സംവിധാനത്തിൽ ബയോമെട്രിക് കാർഡ് ഉപയോഗിച്ചാൽ മാത്രമേ ഓഫിസിനകത്തേക്കും പുറത്തേക്കും വാതിൽ തുറക്കൂ. പുറത്തുപോയി തിരിച്ചെത്തുന്നത് അര മണിക്കൂറിനു ശേഷമെങ്കിൽ അത്രയും മണിക്കൂർ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്താനും അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കാനും നിർദ്ദേശമുണ്ടായിരുന്നു. ബയോമെട്രിക് പഞ്ചിങ് എല്ലാ വകുപ്പുകളിലും എല്ലാ സർക്കാർ ഓഫിസുകളിലും ഇന്നലെ മുതൽ നിർബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശവും പൂർണമായി നടപ്പായിട്ടില്ല.

എന്നാൽ സെക്രട്ടറിയേറ്റിൽ സന്ദർശകർക്ക് ആക്‌സസ് കൺട്രോൾ സിസ്റ്റത്തിന്റെ ചെറു പതിപ്പ് പ്രശ്‌നങ്ങളുണ്ടാക്കും. ആക്‌സസ് കൺട്രോൾ സിസ്റ്റം നടപ്പാകുന്നതോടെ വിവിധ ആവശ്യങ്ങളുമായി വരുന്ന അപേക്ഷകരും ബുദ്ധിമുട്ടും. 3 മുതൽ 5 വരെയാണു പുറമേ നിന്നുള്ളവർക്കു സെക്രട്ടേറിയറ്റിൽ കയറാനാകുക. ഈ സംവിധാനം വന്നാൽ സന്ദർശകർ റിസപ്ഷനിലെത്തി പോകേണ്ട ഓഫിസിലേക്കുള്ള പ്രത്യേക കാർഡ് വാങ്ങി അവിടേക്കു പോകണം. അവിടെ നിന്നു മറ്റൊരു ഓഫിസിൽ അന്വേഷിക്കാൻ നിർദ്ദേശിച്ചാൽ തിരിച്ചു വീണ്ടും റിസപ്ഷനിലെത്തി ആദ്യത്തെ കാർഡ് തിരികെ നൽകി അടുത്ത കാർഡ് എഴുതിവാങ്ങി വേണം പോകാൻ.

പാളുന്ന ആക്‌സസ് കൺട്രോൾ സിസ്റ്റം

സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ വരവുംപോക്കും നിയന്ത്രിക്കാൻ നടപ്പാക്കിയ ആക്‌സസ് കൺട്രോൾ സിസ്റ്റം ആദ്യദിനം തന്നെ പണിമുടക്കി. ജീവനക്കാർ ഓഫിസിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും ഐഡി കാണിച്ചാൽ യന്ത്രകവാടം തുറക്കുന്നതാണ് ആക്‌സസ് കൺട്രോൾ സിസ്റ്റം. ആദ്യദിനം ജീവനക്കാർ പലർക്കും ഐഡി കാർഡ് കാണിച്ചിട്ടും കവാടം തുറന്നുകിട്ടിയില്ല. സെക്യൂരിറ്റി ജീവനക്കാരുടെ കാർഡ് ഉപയോഗിച്ച് തുറന്നാണ് ജീവനക്കാർ പലരും അകത്ത് കടന്നത്.

ആക്‌സസ് കൺട്രോൾസിസ്റ്റം സ്ഥാപിച്ച കെൽട്രോണിലെ വിദഗ്ദ്ധർ എത്തി പരിശോധിച്ചിട്ടും തകരാർ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സെക്രട്ടേറിയറ്റിൽ പഞ്ച് ചെയ്ത് ഓഫിസിൽ കയറുന്ന ജീവനക്കാർ ഇരിപ്പിടം വിട്ട് കറങ്ങി നടക്കുന്നതായി സെക്രട്ടറിതല യോഗങ്ങളിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആക്‌സസ് കൺട്രോൾ സിസ്റ്റം കൊണ്ടുവന്നത്. പഞ്ചിങ് നടത്തി മുങ്ങുന്ന ജീവനക്കാരെ പിടിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ജ്യോതിലാൽ ഉത്തരവിറക്കിയപ്പോൾത്തന്നെ ജീവനക്കാരുടെ സംഘടനകളിൽനിന്ന് ശക്തമായ എതിർപ്പുയർന്നു.

ഇതിനെത്തുടർന്ന് പൊതുഭരണ സെക്രട്ടറിയുടെ ഉത്തരവ് ഭേദഗതി ചെയ്തു. ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കുമെന്ന ആദ്യ ഉത്തരവിലെ പരാമർശം നീക്കി. രണ്ട് മാസത്തെ പ്രവർത്തനത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാമെന്നാണ് തിരുത്ത്. ഇതനുസരിച്ചാണ് ശനിയാഴ്ച ആക്‌സസ് കൺട്രോൾ സിസ്റ്റം ആദ്യമായി പ്രവർത്തിപ്പിച്ചത്.