തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടിത്തം. നോർത്ത് സാൻഡവിച്ച് ബ്ലോക്കിലാണ് തീപിടിത്തം. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. കാരണം വ്യക്തമല്ല. മൂന്നാം നിലയിൽ മന്ത്രി പി രാജീവിന്റെ മുറിക്ക് സമീപമാണ് തീ പിടിച്ചത്. എഐ ക്യാമറയിൽ വ്യവസായ വകുപ്പിനെതിരെ ആരോപണം ഉയരുന്ന സമയത്താണ് തീ. അതുകൊണ്ട് തന്നെ ഈ തീയും വിവാദമാകാൻ സാധ്യത ഏറെയാണ്. മുമ്പ് സ്വർണ്ണ കടത്ത് വിവാദ കാലത്തും സെക്രട്ടറിയേറ്റിൽ തീ പിടിച്ചിരുന്നു. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ ഓഫീസിലായിരുന്നു അന്ന് തീ പിടിച്ചത്. അതിന്റെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

ഇന്ന് വ്യവസായ മന്ത്രി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയിലാണ് തീ കത്തിയത്. നിരവധി ഫയലുകളുള്ള ഓഫീസ് മുറിയാണ് ഇത്. അതിൽ പലതും അതിനിർണ്ണായകം. അതുകൊണ്ട് തന്നെ എന്തൊക്കെ നഷ്ടമായി എന്നത് വലിയ ചർച്ചയാകും. സെക്രട്ടറിയേറ്റിലെ തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കും. കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. തീപിടിച്ച് 15 മിനിറ്റിനകം അടച്ചു. രാവിലെ ഏഴു മണി കഴിഞ്ഞാണ് തീ കത്തിയത്. വലിയ നാശ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.

മുമ്പ് തീപിടിത്തമുണ്ടായപ്പോൾ തന്നെ ഇനി തീപിടിക്കാതിരിക്കാനുള്ള മുൻ കരുതൽ ശക്തമാക്കി. എന്നിട്ടും വീണ്ടും തീ പിടിച്ചു. അതീവ സുരക്ഷ വേണ്ട സ്ഥലമാണ് ഇത്. മുഖ്യമന്ത്രിയുടെ ഓഫീസ് നോർത്ത് ബ്ലോക്കിലാണ്. ഇതിന് തൊട്ടടുത്താണ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്ക്. 24 മണിക്കൂറും സുരക്ഷയുള്ള സ്ഥലമെന്നാണ് വയ്‌പ്പ്. അതുകൊണ്ട് തന്നെ ഈ തി പിടിത്തവും ചർച്ചകളിൽ നിറയാൻ സാധ്യത ഏറെയാണ്. വ്യവസായ വകുപ്പിലെ ഫയലുകൾ ഏതെങ്കിലും കത്തി നശിച്ചോ എന്നതാകും ഉയരുന്ന ചോദ്യം. കെൽട്രോണുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര ഐടി വിഭാഗം തേടിയിരുന്നു. സെക്രട്ടറിയേറ്റിൽ നിന്നടക്കം ഫയലുകൾ വാങ്ങി രണ്ടാഴ്ചയ്ക്കം നൽകാമെന്നായിരുന്നു ഐടി വിഭാഗത്ത കെൽട്രോൺ അറിയിച്ചത്.

അതുകൊണ്ടു തന്നെ വ്യവസായ മന്ത്രിയുടെ ഓഫീസിന് അടുത്ത തീപിടിത്തത്തിൽ എന്തൊക്കെ നാശം ഉണ്ടായി എന്നത് നിർണ്ണായകമാണ്. ഫയലുകളൊന്നും കത്തിയിട്ടില്ലെങ്കിൽ വിവാദം ഉയരില്ല. അ്ല്ലാത്ത പക്ഷം വലിയ ചർച്ചകൾക്ക് ഈ തീപിടിത്തവും വഴിവയ്ക്കും. 2020ൽ പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ കുറച്ച് ഫയലുകൾ കത്തി നശിച്ചു. അഗ്‌നിശമന സേന എത്തി തീ അണച്ചു. സ്വർണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിർണായ രേഖകൾ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. ജിഐഎ പൊളിറ്റിക്കൽ ഓഫീസിലാണ് അന്ന് തീപിടുത്തം ഉണ്ടായത്. ഒട്ടേറെ ഫയലുകൾ അന്ന് കത്തി നശിച്ചു.