- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാവീഴ്‌ച്ച തുടരുന്നു; ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി; കണ്ടെടുത്തത് കാപ്പ തടവുകാരനിൽ നിന്നും; പൊലിസിനും ജയിൽവകുപ്പിനും തലവേദനയായി തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നതും ലഹരിക്കടത്തും
കണ്ണൂർ: കണ്ണൂർസെൻട്രൽജയിലിൽ അതീവഗുരുതരമായ സുരക്ഷാവീഴ്‌ച്ച തുടരുന്നു. ജയിലിലെ തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നതും മയക്കുമരുന്ന് ലഹരിവസ്തുക്കൾ പിടികൂടുന്നതിനു പുറമേ ജയിലിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടുന്നതും പതിവായി മാറിയിരിക്കുകയാണ്. കണ്ണൂർ പള്ളിക്കുന്നിലുള്ള സെൻട്രൽ ജയിലിൽ നിന്നും തുടർച്ചയായി മൊബൈൽ ഫോണുകൾ പിടികൂടുന്നത് പൊലിസിനും ജയിൽവകുപ്പിനും തീരാതലവേദനയായിരിക്കുകയാണ്.
കണ്ണൂർ സെൻട്രൽ ജയിലിലെ കാപ്പ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടിയ സംഭവത്തിൽ ജയിൽസൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.കാപ്പാതടവുകാരനായ ആഷിക്കിന്റെ കൈയിൽ നിന്നുമാണ് മൊബൈൽ ഫോൺ പിടിച്ചെടുത്തത്.ചൊവ്വാഴ്‌ച്ച രാത്രി ഒൻപതുമണിയോടെ ജയിൽസൂപ്രണ്ടിന്റെ നേതൃത്വത്തിൽ സെല്ലുകളിൽ നടത്തിയ വ്യാപക പരിശോധനയെ തുടർന്നാണ് തടവുകാരന്റെ ദേഹത്ത് ഒളിപ്പിച്ചുവെച്ച നിലയിൽ ഫോൺ കണ്ടെത്തിയത്.
ഇതേതുടർന്നാണ് കണ്ണൂർ ടൗൺ പൊലിസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസവും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മറ്റൊരു കാപ്പ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടിയിരുന്നു.കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലെ തടവുകാരുടെ സെല്ലിലേക്ക് മൊബൈൽ ഫോണുകൾ പ്രവഹിക്കുന്നത് കാരണം ജയിൽ അധികൃതർക്കെതിരെ സുരക്ഷാഭീഷണി ആരോപണം ഉയരുന്നുണ്ട്.സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ളവയാണ് ജയിൽ സെല്ലിനുള്ളിൽ നിന്നും പിടികൂടുന്നത്.
ജയിലിൽ മൊബൈൽ ഫോൺ നിരോധിത വസ്തുവാണെങ്കിലും തടവുകാരുടെ കൈയിൽ ഇതെങ്ങനെയെത്തുന്നുവെന്നതു ഇതുവരെ കണ്ടെത്താനായിട്ടില്ല.ജയിലിൽ തുടച്ചയായി നടത്തുന്ന റെയ്ഡുകളിൽ ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്നത് മൊബൈൽ ഫോണുകളാണ്.കഴിഞ്ഞ ദിവസവും സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടിയിട്ടുണ്ട്.കാപ്പ തടവുകാരനായ ബഷീറിന്റെ കൈയിൽ നിന്നും രണ്ടു മൊബൈൽ ഫോണുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരനാണ് ബഷീർ. ജയിൽ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ബഷീറിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ പിടിച്ചെടുത്തത്. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് കഴിഞ്ഞ ദിവസം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.
ഒരാഴ്ച മുൻപ് ജയിൽവളപ്പിലേക്ക് ബീഡിവലിച്ചെറിഞ്ഞ തളിപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് രഹസ്യമായി ലഹരിവസ്തുക്കളെത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ നേരത്തെ പുറത്തേക്ക് ഫോൺ വിളിച്ചത് വൻ രാഷ്ട്രീയ വിവാദമായിരുന്നു.
ഇതിനെ തുടർന്ന് നടത്തിയ റെയ്ഡിൽ ജയിൽ വളപ്പിലെ തെങ്ങിന്റെ മുകളിൽ നിന്നുവരെ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടിയിരുന്നു. ജയിൽ വളപ്പ് കിളച്ചു നോക്കിയപ്പോഴും മൊബൈൽ ഫോണുകൾ കണ്ടെത്തിയ ചരിത്രമുണ്ടായിട്ടുണ്ട്.നേരത്തെ തടവുകാരുടെ ഫോൺ വിളി ഒഴിവാക്കുന്നതിനായി ജയിൽ വളപ്പിൽ മൊബൈൽ ജാമർ സ്ഥാപിച്ചിരുന്നുവെങ്കിലും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം.
തൃശൂർ സ്വദേശികളായ കാപ്പാ തടവുകാരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കൂടുതലുള്ളത്. ഇതുകൂടാതെ ഹർത്താൽ അക്രമകേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും വിവിധരാഷ്ട്രീയതടവുകാരും കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ അന്തേവാസികളായുണ്ട്. ഇവർ തമ്മിൽ ഏറ്റു മുട്ടുന്നതു പതിവ് സംഭവമാണ്. നേരത്തെ കണ്ണൂർ ജയിലിനുള്ളിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്