പാലക്കാട്: പറമ്പിക്കുളം അണക്കെട്ടിന്റെ കേടായ ഷട്ടർ പുനഃസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേരള-തമിഴ്‌നാട് ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥതല ചർച്ചയിൽ തീരുമാനം. ഇതിനായി 45 ദിവസത്തെ സമയമാണ് വേണ്ടിവരിക എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇടയ്ക്ക് മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാനുള്ള സമയം കൂടി കണക്കിലെടുത്താണിതെന്ന് ഉദ്യോഗസ്ഥർ വിശദമാക്കുമ്പോഴും അത്തരത്തിലൊരു സാഹചര്യം നേരിടേണ്ടിവന്നാൽ ചാലക്കുടിയടക്കമുള്ള പ്രദേശങ്ങളെ അത് വളരെയധികം ഭീതിജനകമായ സാഹചര്യത്തിലേക്കാകും എത്തിക്കുക.

പുതിയ ഷട്ടർ നിർമ്മാണത്തിന് ആവശ്യമായ പ്രാരംഭ നടപടികൾ തമിഴ്‌നാട് ആരംഭിച്ചതായാണ് വിവരം. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നതടക്കമുള്ള ആശങ്കകൾ പരിഹരിക്കാൻ ജലസംഭരണത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിലെ തങ്ങളുടെ ആശങ്ക കേരളത്തിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തമിഴനാടിനെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ നിലവിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര പ്രതിനിധി സംഘം സന്ദർശനം നടത്തിയിരുന്നു. കേന്ദ്ര ജല കമ്മീഷൻ ചീഫ് എഞ്ചിനീയർ ശിവരാജൻ,കേന്ദ്ര ഡാം സുരക്ഷാ അഥോറിറ്റി പ്രതിനിധി തങ്കമണി എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്.

ആശങ്ക ഒഴിയുമോ? ഷട്ടർ സ്ഥാപിക്കുന്നത് ശ്രമകരം

എന്നാൽ പറമ്പിക്കുളം ഡാമിൽ പുതിയ ഷട്ടർ സ്ഥാപിക്കുന്നത് ശ്രമകരമായ കാര്യമാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഡാമിന്റെ രണ്ടാംനമ്പർ ഷട്ടർ തകർന്ന് പൂർണമായും ഒലിച്ചുപോയത് രാജ്യത്തുതന്നെ ആദ്യസംഭവമാണെന്ന് കേരളത്തിന്റെ ഡാം സുരക്ഷാ റിവ്യൂ പാനൽ അഗവും മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയറുമായ സുധീർ പടിക്കൽ പറയുന്നു.

27 അടി ഉയരവും 35 ടൺ ഭാരവുമുള്ള ഷട്ടറും ഇതിനെ താങ്ങിനിർത്തുന്ന ഷട്ടറിന്റെ ഭാരമുള്ള കൗണ്ടർവെയ്റ്റ് ബീമുകളും ഷട്ടർ ഉയർത്തുന്നതിനുള്ള ചെയിനുകളും ഉൾപ്പെടെ പൂർണമായും വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയിരിക്കുകയാണ്. പല ചെറിയഡാമുകളും തകർന്ന സംഭവങ്ങളുണ്ടെങ്കിലും ഷട്ടർ തകർന്ന് ഒലിച്ചുപോവുന്നത് പതിവില്ല.

വൈദ്യുതിയിനത്തിൽ 30 മെഗാവാട്ട് കറന്റിനുള്ള വെള്ളമാണ് പാഴാവുന്നത്. 1,825 അടി ജലനിരപ്പുള്ള ഡാമിൽ 1,798 അടി മുതലാണ് ഷട്ടർ വരുന്നത്. നിലവിലെ ജലനിരപ്പ് 1,798 അടിയിൽ എത്തിയാൽ മാത്രമേ പുതിയ ഷട്ടർ ഘടിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇനിയും 19 അടി താഴണം. വ്യാഴാഴ്ചരാവിലെ ഒമ്പതിന് 1,817.3 അടിയായിരുന്നു ജലനിരപ്പ്. ബുധനാഴ്ചകൊണ്ട് ആകെ ആറടി വെള്ളമാണ് താഴ്ന്നത്. ഈ രീതിയിലാണെങ്കിൽ ഇനിയും മൂന്നുദിവസംകൊണ്ടേ ജലനിരപ്പ് 1,798 അടിയിൽ എത്തുകയുള്ളൂ.

ഡാമിന്റെ അടിത്തട്ടിൽനിന്നുള്ള കോൺക്രീറ്റ് ഭിത്തിയിൽ (ക്രസ്റ്റ്) ഷട്ടറുകൾ മുട്ടുന്നഭാഗത്ത് ഇനി പുതിയ ഷട്ടർ ഘടിപ്പിക്കുന്ന പ്രവൃത്തികൾ തുടങ്ങണം. അതിന് ഷട്ടറും കൗണ്ടർ വെയിറ്റ് ബീമുകളും ഷട്ടർ തൂക്കിയിടാനുള്ള ചെയിനും നിർമ്മിക്കണം. തുടർന്ന്, അവ സ്ഥാപിച്ച് പ്രവർത്തനക്ഷമതപരിശോധനയും സുരക്ഷാപരിശോധനയും നടത്തുകയും വേണം. പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയാൽത്തന്നെ ഏറ്റവുംചുരുങ്ങിയത് ഒരുമാസമെങ്കിലും വേണ്ടിവരും. അത്രയുംസമയം വെള്ളം സംഭരിക്കാൻ കഴിയില്ലെന്നുമാണ് വിദഗ്ദരുടെ അഭിപ്രായം.

സുരക്ഷാ വീഴ്‌ച്ച സംഭവിച്ചോ?

പറമ്പിക്കുളം ഡാമിന്റെ സുരക്ഷാപരിശോധന തമിഴ്‌നാടുതന്നെയാണ് നടത്തുന്നത്. കേരളത്തിലാണെങ്കിലും ഡാം സുരക്ഷാ അഥോറിറ്റിക്ക് ഒന്നും ചെയ്യാനില്ല.
അന്തർസംസ്ഥാന നദീജല കരാറുകളുടെ ഭാഗമായ ഡാമുകൾ പരിശോധിക്കുന്ന നാഷണൽ കമ്മിറ്റി ഓൺ ഡാം സേഫ്റ്റിക്കും (എൻ.സി.ഡി.എസ്.) പറമ്പിക്കുളത്ത് റോളില്ല. പറമ്പിക്കുളം ഡാമിന്റെ പരിശോധന എൻ.സി.ഡി.എസ്സിനുകീഴിൽ വരുത്തണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ പറമ്പിക്കുളം ഡാമിന്റെ ഷട്ടർ സുരക്ഷാകാര്യത്തിൽ വീഴ്ചകൾ ഉണ്ടോയെന്നറിയാൻ ഒരുമാർഗവുമില്ല. പറമ്പിക്കുളം ഡാം നിറഞ്ഞതോടെ കഴിഞ്ഞ ജൂലായ് മുതൽ മൂന്നുഷട്ടറുകളും പലതവണ തുറന്നിരുന്നു. ഇപ്പോൾ ഷട്ടർ തുറന്നിരിക്കുന്നസമയത്തുതന്നെയാണ് തകർന്ന് ഒലിച്ചുപോയത്. ഷട്ടർ ഉയർത്തുന്നതിലും തുടർ അറ്റകുറ്റപ്പണി നടത്തുന്നതിലും വീഴ്ചവന്നിരുന്നോ എന്ന് സംശയമുയരുന്നുണ്ട്.

അതേസമയം അണക്കെട്ടിൽനിന്നു ചാലക്കുടി പുഴയിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ 11343 ക്യുസെക്സ് വെള്ളമാണു പുഴയിലേക്ക് ഒഴുകിയത്. ഇതേ തുടർന്ന് മറ്റു 2 ഷട്ടറുകളും അടച്ചു. വെള്ളത്തിൽറെ അളവ് 1798 അടിയിലെത്തിയാൽ ഒഴുക്കു പൂർണമായും നിലയ്ക്കും. അതിനായി 18.9 അടി വെള്ളം ഒഴുകണം. ആ നിരപ്പിലേക്ക് എത്താൻ രണ്ടു ദിവസമെങ്കിലും വേണം. അതിനു ശേഷമാവും ഷട്ടർ പുനഃസ്ഥാപിക്കൽ നടപടി തുടങ്ങുക.