- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും സുരക്ഷാവീഴ്ച; പോപ്പുലർ ഫ്രണ്ടുകാർ താമസിക്കുന്ന ബ്ളോക്കിന് സമീപത്തെ തെങ്ങിൻ മുകളിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടി; ആറാം ബ്ലോക്കിൽ റിമാൻഡിൽ കഴിയുന്നത് 40 ഓളം പിഎഫ്ഐ പ്രവർത്തകർ; ജയിൽ വകുപ്പും പൊലീസും അന്വേഷണം തുടങ്ങി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും വൻസുരക്ഷാവീഴ്‌ച്ച. രണ്ടുകിലോ കഞ്ചാവ് പിടിച്ചതിനു പുറകെ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോണുകളും കണ്ടെത്തി. സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ബ്ലോക്കിൽ നിന്നും മൊബൈൽ ഫോണുകൾ കണ്ടെത്തിയ സംഭവത്തിൽ ജയിൽവകുപ്പും കണ്ണൂർ ടൗൺ പൊലിസും അന്വേഷണമാരംഭിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിലെ ആറാം ബ്ലോക്കിൽ നിന്ന് തെങ്ങിന്റെ മുകളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഫോണുകൾ. മൂന്ന് മൊബൈൽ ഫോണുകളാണ് പിടികൂടിയത്. ഈക്കഴിഞ്ഞ ഹർത്താൽ ദിനത്തിൽ വിവിധ പ്രദേശങ്ങളിൽ അക്രമം നടത്തി അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന നാൽപതോളം പ്രവർത്തകരാണ് ആറാംബ്ലോക്കിലുള്ളത്. ഇവർ ഉപയോഗിച്ചതാണോ ഫോണുകളെന്ന് പരിശോധിച്ചു വരികയാണ്.
സ്മാർട് ഫോണുകൾക്കു പകരം സാധാരണ ബാറ്ററി ഊരിമാറ്റുന്ന തരത്തിലുള്ള ഫോണുകളാണ് കണ്ടെത്തിയത്. ജയിലിൽ ഇവരെ സന്ദർശിക്കാനെത്തിയവരാണ് വിവിധ ഘട്ടങ്ങളിലായി ഫോൺ നൽകിയതെന്ന നിഗമനത്തിലാണ് കണ്ണൂർ ടൗൺ പൊലിസ്. കഴിഞ്ഞ ദിവസം റിമാൻഡിലുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കാണാനെത്തിയ വളപട്ടണം സ്വദേശിയായ അബ്ദുൾ അസീസിനെ (40) ബീഡി സഹിതം ജയിൽ ജീവനക്കാർ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ജയിലിനുള്ളിൽ ഫോൺ കടത്തിയ വിവരത്തിന്റെ ആദ്യ സൂചന ലഭിച്ചത്. തന്നെ ഫോൺ വിളിച്ചതു പ്രകാരമാണ് താൻ പ്രവർത്തകരെ കാണാൻ ബീഡിയുമായി എത്തിയതെന്നായിരുന്നു ഇയാളുടെ മൊഴി.
റിമാൻഡിൽ കഴിയുന്നവർക്ക് എങ്ങനെയാണ് ജയിലിനകത്ത് ഫോൺ എത്തിക്കാനായതെന്ന്സംബന്ധിച്ച് അന്വഷണം നടക്കുന്നുണ്ട്. ജയിലിനകത്ത് ഫോൺ എത്താനിടയായത് വലിയ സുരക്ഷാ വീഴ്ചയായാണ് ജയിൽവകുപ്പ് കാണുന്നത്. കഴിഞ്ഞ മാസമാണ് ജയിൽ അടുക്കളയിലേക്ക് പച്ചക്കറിചാക്കിനുള്ളിൽ തിരുകികയറ്റിയ രണ്ടുകിലോ കഞ്ചാവ് പിടികൂടിയത്. ഈ സംഭവത്തിൽ ജയിൽവകുപ്പും കണ്ണൂർ ടൗൺ പൊലിസും അന്വേഷണം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഗുണ്ടാകേസിൽ തടവിലായവർ മറ്റൊരു തടവുകാരനെ ശുചിമുറിയിൽവെച്ചു മർദ്ദിച്ചു പരുക്കേൽപ്പിച്ചത്. ഇതിനു ശേഷമാണ് പോപ്പുലർഫ്രണ്ട് പ്രവർത്തകർ താമസിക്കുന്ന ബ്ളോക്കിനു സമീപത്തു നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയത്. നേരത്തെ പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ ജയിലിനുള്ളിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ചു പുറത്തേക്ക് വിളിച്ചത് വൻവിവാദമായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്