തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ നടിമാരായ അനുശ്രീക്കും സീമ ജി. നായര്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ രംഗത്തുവന്നിരുന്നു. ഇരുവരെയും പരിഹസിച്ചു കൊണ്ടായിരുന്നു അവരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്ന സ്ത്രീരത്‌നങ്ങളാണ് ഇരുവരും എന്ന് പരിഹസിച്ചു കൊണ്ടായിരുന്നു ദിവ്യ രംഗത്തുവന്നിരിക്കുന്നത്.

ഈ പോസ്റ്റിന് അതേനാണയത്തില്‍ മറുപടി നല്‍കി സീമ ജി നായര്‍ രംഗത്തുവന്നു. എല്ലാം തികഞ്ഞ ഒരു 'മാം 'ആണ് ദിവ്യ എന്നു പരിഹസിച്ചു കൊണ്ടാണ് അവരുടെ മറുപടി. പിന്നെ രത്ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത്, സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല.. അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂവെന്നും സീമ കുറിച്ചു.

സീമയുടെ മറുപടി കുറിപ്പ് ഇങ്ങനെ:

Goodafternoon പി .പി ദിവ്യാ മാമിന്റെ പോസ്റ്റാണ്. എല്ലാം തികഞ്ഞ ഒരു 'മാം 'ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത് ,ഈ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കുന്നതായി രേഖ പെടുത്തുന്നു ..കേരളത്തില്‍ വേറെ ഒരു വിഷയവും ഇല്ലല്ലോ ,അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം ...പിന്നെ രത്ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് ,സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ് ,ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല..അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ ...


നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങള്‍ എന്ന ആമുഖത്തോടെയായിരുന്നു പി.പി. ദിവ്യയുടെ കുറിപ്പ്. അനുശ്രീയുടെയും സീമ ജി. നായരുടെയും ചിത്രങ്ങളും ദിവ്യ കുറിപ്പിനൊപ്പം പങ്കുവച്ചു.

പി.പി. ദിവ്യയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:

''ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങള്‍...ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്..

ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെണ്‍കുട്ടിയോടാണ്... സഹോദരീ നിങ്ങള്‍ ധൈര്യമായി പരാതി നല്‍കണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കില്‍ ഈ കേരളത്തിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയില്‍ അവര്‍ ഞെളിഞ്ഞിരിക്കും... സീമ ജി. നായരും, അനുശ്രീമാരും സംരക്ഷണം ഒരുക്കും.

ഇരയോടാണ്.... നിങ്ങള്‍ ധൈര്യമായി ഇറങ്ങു... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാന്‍ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട) മനുഷ്യര്‍ നിനക്കൊപ്പം ഉണ്ടാകും.. ഈ സര്‍ക്കാരും.''

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ ചാറ്റ്, ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ നടി സീമ ജി. നായര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താല്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്നും സീമ പറയുന്നു.

''ഇന്നലെ ചില പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തിട്ടുണ്ട്, അതിന്റെ പേരില്‍ സൈബര്‍ അറ്റാക്കും തുടങ്ങിയിട്ടുണ്ട്, അതില്‍ 'തീക്കുട്ടി' എന്ന മുഖമില്ലാത്ത വ്യക്തിയില്‍ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്, ഞാന്‍ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി പിആര്‍ വര്‍ക്ക് ചെയ്യുകയായിരുന്നുവെന്ന് , പിന്നെ ആവശ്യത്തില്‍ കൂടുതല്‍ എഴുതിയിട്ടുണ്ട്. അന്നും ഇന്നും പറയുന്നു. തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താല്‍ മാത്രം, ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതേണ്ട.''സീമ ജി. നായരുടെ വാക്കുകള്‍.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്‌മൈല്‍ ഭവന്‍ പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ അതിഥായി നടി അനുശ്രീ എത്തിയതും ചര്‍ച്ചയായിരുന്നു.