ന്യൂഡൽഹി: അതിർത്തി കടന്നുള്ള പബ്ജി പ്രണയത്തിനെ നായിക സീമ ഹൈദർ വീണ്ടും വാർത്തകളിൽ. രാഷ്ട്രീയ നേതാക്കൾക്ക് രാഖി സമ്മാനിച്ചു കൊണ്ടാണ് സീമ ഹൈദർ രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾക്ക് രാഖി സമ്മാനിച്ച് പാക് സ്വദേശിനി സീമ ഹൈദർ. രക്ഷാ ബന്ധന് മുന്നോടിയായാണ് നേതാക്കൾക്കുള്ള സീമയുടെ സമ്മാനം. തന്റെ സമ്മാനം സ്വീകരിക്കണമെന്നും കുഞ്ഞനുജത്തിയായി കാണണമെന്നും ആവശ്യപ്പെടുന്ന വീഡിയോ സന്ദേശവും ഇവർ പങ്കുവെച്ചിരുന്നു.

ഓഗസ്റ്റ് 30നാണ് രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. പ്രിയപ്പെട്ട സഹോദരങ്ങൾക്ക് നേരത്തെ ലഭിക്കാൻ വേണ്ടിയാണ് സമ്മാനം ഇപ്പോഴേ അയച്ചതെന്നും സീമ പറഞ്ഞു. 'കൃത്യസമയത്ത് എന്റെ സമ്മാനം ഈ രാജ്യത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും വഹിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് എത്താൻ വേണ്ടിയാണ് ഞാൻ ഈ രാഖി നേരത്തെ അയക്കുന്നത്. ഒരുപാട് സന്തോഷം. ജയ്ശ്രീറാം. ജയ് ഹിന്ദ്' സീമ പറഞ്ഞു. രാഖികൾ പാക്ക് ചെയ്യുന്നതിന്റെ വീഡിയോയും ഇവർ പങ്കുവെച്ചിരുന്നു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഹർ ഗർ തിരംഗ' ആഹ്വാനത്തിന് പിന്നാലെ, ഗ്രേറ്റർ നോയിഡയിലെ കാമുകന്റെ വീട്ടിൽ സീമ ത്രിവർണ്ണ പതാക ഉയർത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഗ്രേറ്റർ നോയിഡയിലെ കാമുകൻ സച്ചിൻ മീണയുടെ വസതിയിൽ കുടുംബത്തോടൊപ്പമാണ് സീമ ഹൈദർ ത്രിവർണ്ണ പതാക ഉയർത്തിയത്. പതാക ഉയർത്തുമ്പോൾ സീമ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നതും വൈറലായ വീഡിയോയിൽ കാണാം.

പാക്കിസ്ഥാൻ യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നതിനിടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. അതേസമയം സിനിമയിൽ അഭിനയിക്കാൻ ലഭിച്ച ഓഫർ നിരസിച്ചതായി സീമയുടെ അഭിഭാഷകൻ എ.പി സിങ് പറഞ്ഞു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന പാർട്ടി അംഗത്തിൽ നിന്ന് സീമ ഹൈദറിന് അന്ത്യശാസനം ലഭിച്ചതിന് പിന്നാലെയാണ് പിന്മാറ്റം.

പബ്ജി ഗെയിം വഴി മൊട്ടിട്ട പ്രണയത്തിനൊടുവിൽ നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം(22) ജീവിക്കാനായാണ് സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലെത്തിയത്. ഒന്നരമാസം മുൻപ് നാലുകുട്ടികളുമായാണ് ഇവർ നേപ്പാൾ അതിർത്തിവഴി ഇന്ത്യയിൽ പ്രവേശിച്ചത്. തുടർന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെ സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാർഗങ്ങൾ തേടിയതോടെയാണ് സീമ പാക്കിസ്ഥാൻ സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയിൽ താമസിക്കുന്നതെന്നും വ്യക്തമായത്.

സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് കാമുകനായ സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. നിലവിൽ സച്ചിനൊപ്പമാണ് സീമയും നാലുകുട്ടികളും താമസിക്കുന്നത്. പാക്കിസ്ഥാൻ ഏജന്റാണെന്ന സംശയത്തെ തുടർന്ന് സീമയെ യു.പി. പൊലീസും ഭീകരവിരുദ്ധ സേനയും മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊബൈൽഫോണുകളും മറ്റുരേഖകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.