- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പബ്ജി പ്രണയകഥയിലെ നായിക ഇന്ത്യൻ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ താരപരിവേഷം! സീമ ഹൈദറിന് സിനിമയിൽ അഭിനയിക്കാനും ഓഫർ; പാക്കിസ്ഥാനി യുവതിയെ തേടി റോ' ഉദ്യോഗസ്ഥയുടെ വേഷം; സിനിമാ വേഷം എത്തിയത് ജീവിതച്ചെലവുകൾക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടെന്ന വാർത്തയോടെ
ന്യൂഡൽഹി: പബ്ജി പ്രണയകഥയിലെ പാക്കിസ്ഥാനി നായിക സീമ ഹൈദർ ബോളിവുഡ് നടിയാകുമോ? അത്തരമൊരു അവസരം അവർക്ക് മുന്നിൽ എത്തിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. സീമ ഹൈദറെ തേടി സിനിമ അവസരം എത്തി. 'ജാനി ഫയർഫോക്സ്' നിർമ്മിക്കുന്ന 'എ ടെയ്ലർ മർഡർ സ്റ്റോറി' എന്ന സിനിമയിലാണ് സീമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഈ സിനിമയിൽ 'റോ' ഉദ്യോഗസ്ഥയായാണ് സീമ വേഷമിടുന്നതെന്നാണ് റിപ്പോർട്ട്.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജാനി ഫയർഫോക്സ് സംഘം സീമ ഹൈദറിനെയും ഭർത്താവ് സച്ചിനെയും നേരിട്ടുകണ്ടു സംസാരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യലാലിനെ തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'എ ടെയ്ലർ മർഡർ സ്റ്റോറി' എന്ന സിനിമ നിർമ്മിക്കുന്നത്. ജയന്ത് സിൻഹ, ഭരത് സിങ് എന്നിവരാണ് സംവിധായകർ. ഇരുവരും കഴിഞ്ഞദിവസം സീമ ഹൈദറിനെയും സച്ചിൻ മീണയെയും കണ്ടിരുന്നു.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ ഉദ്യോഗസ്ഥയായാണ് സീമ ഹൈദർ സിനിമയിൽ അഭിനയിക്കുകയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അതിനിടെ, നോയിഡയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെ ജീവിതച്ചെലവുകൾക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതായി സീമയും സച്ചിനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭക്ഷണത്തിനും മറ്റുകാര്യങ്ങളും ബുദ്ധിമുട്ടുണ്ടെന്നും ഇരുവരും വീഡിയോസന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സീമയെ തേടി സിനിമക്കാർ എത്തിയിരിക്കുന്നത്.
അതേസമയം, സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനെ താൻ പിന്തുണയ്ക്കുന്നില്ലെന്നും ദമ്പതികളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തനിക്ക് അറിയാമെന്നും അതിനാൽ തന്റെ വരാനിരിക്കുന്ന സിനിമകളിലൊന്നിൽ സീമയ്ക്ക് വേഷം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അമിത് ജാനി വൈറലായ വീഡിയോയിൽ പറഞ്ഞു. കാമുകൻ സച്ചിൻ മീണയുടെയും കുടുംബത്തിന്റെയും സഹായത്തോടെ വ്യാജരേഖ ചമച്ചാണ് സീമ ഹൈദർ നേപ്പാളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്.
പബ്ജി ഗെയിം വഴി മൊട്ടിട്ട പ്രണയത്തിനൊടുവിൽ നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം(22) ജീവിക്കാനായാണ് സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലെത്തിയത്. ഒന്നരമാസം മുൻപ് നാലുകുട്ടികളുമായാണ് ഇവർ നേപ്പാൾ അതിർത്തിവഴി ഇന്ത്യയിൽ പ്രവേശിച്ചത്. തുടർന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെ സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാർഗങ്ങൾ തേടിയതോടെയാണ് സീമ പാക്കിസ്ഥാൻ സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയിൽ താമസിക്കുന്നതെന്നും വ്യക്തമായത്. സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് കാമുകനായ സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. നിലവിൽ സച്ചിനൊപ്പമാണ് സീമയും നാലുകുട്ടികളും താമസിക്കുന്നത്.
പാക്കിസ്ഥാൻ ഏജന്റാണെന്ന സംശയത്തെ തുടർന്ന് സീമയെ യു.പി. പൊലീസും ഭീകരവിരുദ്ധ സേനയും മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊബൈൽഫോണുകളും മറ്റുരേഖകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.




