- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പെരിയാര്‍ തമിഴ് സംസ്‌കാരത്തെ വിമര്‍ശിക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്തു'; നാം തമിഴര്‍ കക്ഷി നേതാവ് സീമാന്റെ പരാമര്‍ശത്തില്‍ വന്‍ വിവാദവും കേസും; പിന്തുണയുമായി ബിജെപി; ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഐക്കണ്‍ തമിഴ്നാട്ടില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍!
'പെരിയാര്‍ തമിഴ് സംസ്‌കാരത്തെ വിമര്‍ശിക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്തു'
ചെന്നൈ: തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയെത്തെ പൊതുവെ പെരിയാറിസ്റ്റ് രാഷ്ട്രീയം എന്നാണ് പറയുക. സാമൂഹിക പരിഷ്‌കര്‍ത്താവും, യുക്തിവാദിയും, ദാവിഡകഴകം സ്ഥാപകനുമായ പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ ആശയങ്ങളാണ്, സ്റ്റാലിന്‍ ഭരിക്കുന്ന തമിഴ്നാട്ടിലെ ദ്രാവിഡ് രാഷ്ട്രീയത്തിന്റെ ആധാരം. അണ്ണാമലയുടെ നേതൃത്വത്തിലുള്ള ബിജെപി പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും, ഹിന്ദുത്വരാഷ്ട്രീയത്തിന് ഇവിടെ വലിയ സാധ്യതകള്‍ കിട്ടാതെ പോകുന്നതും, ജാതി-ഭാഷ സ്വത്വത്തില്‍ അടിസ്ഥാനമായ പെരിയാറിസ്റ്റ് രാഷ്ട്രീയമാണെന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരെ വിമര്‍ശിക്കുക എന്നത് തമിഴ്നാട്ടില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പെരിയാറിനെ വിമര്‍ശിക്കുക മാത്രമല്ല, അതി കഠിനമായി അധിക്ഷേപിക്കുക കൂടിയാണ്, നാം തമിഴര്‍ കക്ഷി (എന്‍.ടി.കെ) പ്രസിഡന്റും, എന്നും വിവാദ നേതാവുമായ സീമാന്‍ ചെയ്തിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിലെങ്ങും രൂപപ്പെടുന്നത്.
പിന്തുണയുമായി ബിജെപി
തീര്‍ത്തും ആസുത്രിത നീക്കമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെരിയാറിനെ ടാര്‍ജറ്റ് ചെയ്ത് തിരിഞ്ഞിരിക്കയാണ് സീമാന്‍. അദ്ദേഹത്തിന് ഒരു നാക്കുപിഴയൊന്നും പറ്റിയതല്ല. തമിഴ് സംസ്‌കാരത്തെ വിമര്‍ശിക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവിധത്തിലും സാമൂഹികനീതിക്കെതിരായും പെരിയാര്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് സീമാന്റെ വാദം. ഇതിനായി ഒരു വാര്‍ത്താ സമ്മേളനത്തില്‍ അരമണിക്കുറോളമാണ് അദ്ദേഹം ചെലവിട്ടത്.
ഇതോടെ പെരിയാറിസ്റ്റ് സംഘടനാ പ്രവര്‍ത്തകര്‍ ഇളകി. ചെന്നൈ നീലാങ്കരയിലെ സീമാന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ഇവര്‍, സീമാന്റെ കോലം കത്തിച്ചു. ഇവരെ നേരിടാന്‍ സീമാന്‍ അനുകൂലികളും തടിച്ചുകൂടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പെരിയാറിന്റെ ആശയാദര്‍ശങ്ങളുയര്‍ത്തിയാണ് സീമാന്‍ ഇതുവരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. നിലവില്‍ പെരിയാറിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍നിന്ന് മാറി ആര്‍.എസ്.എസ്- ബി.ജെ.പിയുമായി കൂടുതല്‍ അടുക്കുന്നതിനാണ് സീമാന്റെ നീക്കമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സീമാനെ പിന്തുണച്ച് ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈ രംഗത്തെത്തിയതും ഈ പ്രചാരണത്തിന് ആക്കംകൂട്ടി.
സീമാന്റെ പെരിയാര്‍ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഈറോഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി- അണ്ണാ ഡി.എം.കെ ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ചപ്പോള്‍ സീമാന്റെ നാം തമിഴര്‍ കക്ഷി മത്സര രംഗത്തിറങ്ങിയിട്ടുണ്ട്. ഡി.എം.കെയുടെ വി.സി. ചന്ദ്രകുമാറിനെതിരെ നാം തമിഴര്‍ കക്ഷിയുടെ എം.കെ. സീതാലക്ഷ്മിയാണ് മുഖ്യ എതിര്‍സ്ഥാനാര്‍ഥി. പ്രതിപക്ഷ വോട്ടുകള്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് അനുകൂലമായി ലഭിക്കാനാണ് സീമാന്റെ ഈ വിവാദ പ്രസ്താവന എന്നാണ് കരുതുന്നത്.
സീമാന്‍ ഫെമിനിസവുമായി ബന്ധപ്പെട്ട മ്ലേച്ഛമായ ഉദ്ധരണിയാണ് പറഞ്ഞത് എന്ന് ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍ പറയന്നു. പുതുച്ചേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തെളിവുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ പരാമര്‍ശത്തെ സാധൂകരിക്കുന്ന ഒരു തെളിവും സീമാന്‍ നല്‍കിയില്ല. പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്കിടയില്‍ സീമാന്റെ പ്രസംഗങ്ങള്‍ ഏശില്ലെന്ന്, രിയല്ലൂര്‍ ജില്ലയിലെ ഡികെ ഭാരവാഹി കെ സിന്തനൈ സല്‍വന്‍ പറയുന്നു. ''പക്ഷേ, ഇനിയും വായനാശീലം വളര്‍ത്തിയെടുക്കാത്തവരും ഡിജിറ്റല്‍ ലോകത്ത് കുടുങ്ങിക്കിടക്കുന്നവരുമായ യുവതലമുറയെ ലക്ഷ്യമിട്ടാണ് സീമാന്‍ ഇത് ബോധപൂര്‍വം ചെയ്യുന്നത്. പരിയാര്‍ തമിഴ് ഭാഷയെ വിമര്‍ശിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ അത് നിഷേധിക്കില്ല, അത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കും. ാരണം പെരിയാര്‍ തമിഴിനെ വിമര്‍ശിച്ചത് അതിനെ നവീകരിക്കാനും വികസിപ്പിക്കാനുമാണ്''- സിന്തനൈ സല്‍വന്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ പെരിയാര്‍ തന്റെ കാലത്തെക്കാള്‍ ഏറെ മുന്നിലായിരുന്നുവെന്ന് സിപിഎം നേതാവ് യു വാസുകി പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ ആശയങ്ങളും സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. വിധവാ പുനര്‍വിവാഹത്തിനും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് പെരിയാര്‍ വാദിച്ചിരുന്നതെന്നും സ്ത്രീ ശാക്തീകരണം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് പെരിയാര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും എഐഎഡിഎംകെ വക്താവ് ശശിരേഖ പറഞ്ഞു. സീമാന്റെ പരാമര്‍ശത്തിനെതിരെ ടിഎന്‍സിസി പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈ പ്രസ്താവനയിറക്കിയിട്ടുണ്ട്. ഡിഎംകെയും അതിശക്തമായ പ്രതിഷേധം നടത്തുന്നുണ്ട്. ചുരക്കിപ്പറഞ്ഞാല്‍ ബിജെപി ഒഴികയെുള്ള എല്ലാ കക്ഷികളും സീമാന് എതിരാണ്.
എന്നും വിവാദ നായകന്‍
എന്നും വിവാദങ്ങളിലുടെ കടന്നുപോയ വ്യക്്തിത്വമാണ് സീമാന്‍. നേരത്തെ ചലച്ചിത്ര സംവിധായകനായിരുന്ന അദ്ദേഹം, സിനിമകളൊക്കെ പൊളിയാന്‍ തുടങ്ങിയതോടെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. തുടക്കത്തില്‍ പെരിയാറിസ്റ്റായിരുന്നു സീമാനും. സിനിമാ മേഖലയിലെ ജാതി ഉന്മൂലനത്തെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന് വേണ്ടി അദ്ദേഹം പ്രചാരണം നടത്തി, പ്രത്യേകിച്ച് പട്ടാളി മക്കള്‍ കക്ഷിയുടെ എസ്. രാമദോസിനൊപ്പം നിന്നു, വിജയകാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രസംഗങ്ങള്‍ നടത്തി. 2008ല്‍ ശ്രീലങ്കന്‍ സര്‍ക്കാരും എല്‍.ടി.ടി.ഇയും തമ്മിലുള്ള യുദ്ധം ആസന്നമായപ്പോള്‍ വേലുപ്പിള്ള പ്രഭാകരനുമായി സീമാന്‍ കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടര്‍ന്ന്, ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തില്‍ ധാരാളം തമിഴര്‍ കൊല്ലപ്പെട്ടതിനെതിരെ സീമാന്‍ സംസാരിക്കാന്‍ തുടങ്ങി. രാമേശ്വരത്ത് സീമാന്റെ തുടര്‍ന്നുള്ള പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായി, അതിനായി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എല്‍.ടി.ടി.ഇക്ക് അനുകൂലമായി ഈറോഡില്‍ തുടര്‍ന്നു സംസാരിച്ചതിന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ദേശീയ സുരക്ഷാ നിയമം, പാസ്‌പോര്‍ട്ട് തടയല്‍, സംസ്ഥാന നിരീക്ഷണം എന്നിവയ്ക്ക് വിധേയനായി.
എല്‍ടിടിഇക്ക് അനുകൂലമായി സംസാരിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം 2009 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട സീമാനെ കാലാപേട്ട് ജയിലില്‍ പാര്‍പ്പിച്ചു.
2009 മെയ് 18 ന് മധുരയില്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോള്‍ സീമാനും മറ്റ് നിരവധി പ്രവര്‍ത്തകരും ഒത്തുകൂടി, നാം തമിഴര്‍ ഇയക്കം ഒരു സാമൂഹിക സംഘടനയായി രൂപീകരിച്ചു. അത് പിന്നീട് നാം തമിഴര്‍ കക്ഷി എന്ന രാഷ്ട്രീയ പാര്‍ട്ടിയായി മാറി.
തമിഴ് മത്സ്യത്തൊഴിലാളിയെ ശ്രീലങ്കന്‍ നാവികസേന കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള യോഗത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം സീമാനെ ചെപ്പോക്കില്‍ അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അഞ്ച് മാസത്തോളം തടവിലായിരുന്നു. അതുപോലെ രാജീവ്ഗാന്ധി വധത്തെ പരോക്ഷമായി ന്യായീകരിച്ചുവെന്നതിന്റെ പേരിലും അദ്ദേഹത്തിനെതിരെ കേസുണ്ടായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ള നേതാവാണ്, സീമാന്‍ എന്നാണ് പറയുന്നത്. പക്ഷേ ഇന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഒരു വികാരം തന്നെയാണ് പെരിയാര്‍. അദ്ദേഹത്തെ വികലമായി ചിത്രീകരിക്കുന്നത്, സീമാന്റെ അവശേഷിക്കുന്ന ജനപ്രീതി കൂടി നഷ്ടപ്പെടുത്തുമെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.