- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളില്ലാത്ത നേരത്ത് സൈമൺ ബ്രിട്ടോയുടെ വീട് കുത്തിത്തുറന്ന് പൊലീസ്; വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ ആഭരണങ്ങളും ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളിൽ ചിലതും കാണാതായി; പൊലീസ് കമ്മീഷണർക്ക് പരാതി നൽകി സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന; കേസുമായി ബന്ധപ്പെട്ടാണെന്ന് വിശദീകരിച്ചു പൊലീസ്
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോയുടെ വീട്ടിലും പൊലീസ് അതിക്രമമെന്ന് പരാതി. ബ്രിട്ടോയുടെ ഭാര്യ സീനയാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തുവന്നത്. വീട് ആളില്ലാത്ത നേരത്ത് പൊലീസ് കുത്തി തുറന്നു എന്നാണ് പരാതി. സംഭവത്തിൽ പൊലീസിനെതിരെ കമ്മീഷണർക്ക് പരാതി നൽകി സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്തപ്പോൾ വീട് പൊലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. കമ്മീഷണർക്കാണ് പരാതി നൽകിയത്. ഞാറയ്ക്കൽ പൊലീസിൽ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പൊലീസ് വീട് കുത്തിത്തുറന്നുവെന്നാണ് സമീപവാസി കൂടെ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സീന പരാതി നൽകിയത്.
എറണാകുളം വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സംഘം എത്തിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരിൽ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ ആഭരണങ്ങൾ പിന്നാലെ കാണാതായെന്ന് പരാതിയിൽ പറയുന്നു. ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളിൽ ചിലതും കാണാതായിട്ടുണ്ട്.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് ചില സാമൂഹ്യദ്രോഹികളുടെ സഹായത്തോടെ വീട് കുത്തിപ്പൊളിച്ചതെന്നും സീന ആരോപിക്കുന്നു. മകളുടെ പഠനാവശ്യത്തിനായി ഡൽഹിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. ഒരു മാസം മുൻപ് താൻ വീട് വാടകയ്ക്ക് നൽകിയിരുന്നതാണെന്നും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം വീട് സൈമൺ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. വീട് തുറക്കുന്ന സമയത്ത് സമീപവാസിയായ സ്ത്രീയെ പൊലീസ് ഒപ്പം നിർത്തിയിരുന്നു. പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം ഈ വീട്ടിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു. അതേസമസം സിപിഎം സഹചാരിയായ വ്യക്തിക്കെതിരായ പൊലീസ് അതിക്രമത്തിലും ്‌വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.
അതേസമയം പൊലീസിന് മുന്നറിയിപ്പുമായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നിരുന്നു. പൊലീസ് സേനയിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശരിയല്ലാത്ത ചെയ്തികളുണ്ടാകുന്നുവെന്ന് പിണറായി വിജയൻ. തീർത്തും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവർത്തികൾ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും അവർക്ക് സേനയുടെ ഭാഗമായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
നാടിന് ചേരാത്തതും ജനങ്ങൾക്കും പൊലീസ് സേനയ്ക്കും ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്തതുമായ ചെയ്തികൾ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ അത് സ്വാഭാവികമായും വിമർശനത്തിന് ഇടയാകും. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം. ഏറ്റവും നല്ല യശസ്സിൽ നിൽക്കുന്ന സേനയ്ക്ക് അങ്ങേയറ്റം അവമതിപ്പുണ്ടാക്കാൻ വഴിവയ്ക്കുന്ന ഒന്നായിട്ടാണ് തീർത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത ഒറ്റപ്പെട്ട സംഭവങ്ങളെ സമൂഹം ഗൗരവത്തോടെ ശ്രദ്ധിക്കുന്നുണ്ട്. ജനങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കാത്ത ചില പ്രവർത്തികൾ ഉണ്ടാകുമ്പോൾ അതിനെതിരേ വിമർശനമുണ്ടാകും. അതിൽ അസ്വസ്ഥപ്പെടാതെ വിമർശനത്തെ പോസിറ്റീവായി കാണണം. ആരുടെയും കഞ്ഞികുടി മുട്ടിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമല്ല. എന്നാൽ തെറ്റുചെയ്യുന്ന ഒരാളേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പൊലീസിന് മുന്നറിയിപ്പ് നൽകി
മറുനാടന് മലയാളി ബ്യൂറോ