- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സീനയുടെ തുറന്നു പറച്ചിലിൽ ഞെട്ടി കേരളം
കണ്ണൂർ: സിപിഎമ്മിനെ എല്ലാ അർത്ഥത്തിലും വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ. എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിർമ്മാണം നടക്കുന്നതായും പലതവണ പറമ്പുകളിൽ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തിൽ മരിച്ച വേലായുധന്റെ അയൽവാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമ്മാണം സജീവമാണെന്ന രാഷ്ട്രീയ ആരോപണത്തിന് പുതിയ തലം നൽകും.
ഗ്രാമപഞ്ചായത്ത് ഓഫിസിനും എരഞ്ഞോളി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയുള്ള വീട്ടിലാണ് ഇന്നലെ ഉച്ചയോടെ സ്ഫോടനം നടന്നത്. പറമ്പിൽ തേങ്ങ പെറുക്കാനായി എത്തിയ വേലായുധൻ സ്റ്റീൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. തേങ്ങ പെറുക്കുന്നതിനിടെ കൈയിൽ കിട്ടിയ സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബോംബ് നിർമ്മാണം സിപിഎമ്മിന്റെ അറിവോടെയാണെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ഇവിടെ വടകര എംപി കൂടിയായ ഷാഫി പറമ്പിൽ എത്തി. നാട്ടുകാരുമായി സംസാരിച്ചു. ഇതിന് ശേഷമാണ് നാട്ടുകാരി തന്നെ വെളിപ്പെടുത്തൽ നടത്തിയത്.
'പാർട്ടിക്കാർ ഇതിനുമുൻപും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാൽ അവരുടെ വീടുകളിൽ ബോംബ് എറിയും. പിന്നെ ജീവിക്കാൻ അനുവദിക്കില്ല. ഞങ്ങൾ സാധാരണക്കാരാണ്. ഞങ്ങൾക്ക് ജീവിക്കണം. ഇന്നലെ മരിച്ചത് ഒരു സാധാരണക്കാരനാണ്. ഭയമില്ലാതെ ജീവിക്കണം. ഞങ്ങളുടെ കുട്ടികൾക്ക് പറമ്പിലൂടെ കളിച്ച് നടക്കാൻ കഴിയണം'- സീന പറഞ്ഞു. സീനയുടെ അമ്മയുടെ എതിർപ്പു പോലും അവഗണിച്ചായിരുന്നു വെളിപ്പെടുത്തൽ.
പേടിച്ചാണ് ഇതൊന്നും പറയാത്തത്. സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നു. അതിന് അടുത്ത വീട്ടിൽ വാടകക്കാർ പോലും ബോംബ് കാരണം പേടിച്ചൊഴിഞ്ഞു. ജീവിക്കാൻ അനുവദിക്കണമെന്നാണ് പാർട്ടിക്കാരോടുള്ള അപേക്ഷ. പൊലീസിനെ അറിയിക്കാതെ ബോംബുകൾ പാർട്ടിക്കാർ എടുത്തു കൊണ്ടു പോയിട്ടുണ്ട്. ഞാൻ ഇത് പറയുന്നത് എല്ലാവർക്കും വേണ്ടിയാണ്. പേടിച്ചിട്ട് കാര്യമില്ല. മരിച്ചതും പാവപ്പെട്ട ഒരാളാണ്-സീന പറഞ്ഞു.
എരഞ്ഞോളിയിലെ ബോംബ് സഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ പൊലീസിന്റെ വ്യാപക പരിശോധന. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. അതേസമയം, ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പ്രതികളിലേക്ക് എത്താൻ പൊലീസിനായിട്ടില്ല. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
ഏപ്രിലിൽ പാനൂരിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ ഇന്നലെയാണ് വീണ്ടും മറ്റൊരു സ്‌ഫോടനം കണ്ണൂരിലുണ്ടാകുന്നത്. ഇതിന് പിന്നാലെ കണ്ണൂർ റേഞ്ച് ഡിഐജിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇന്ന് വ്യാപക തിരച്ചിൽ ജില്ലയിൽ ആരംഭിച്ചത്. പാനൂർ, തളിപ്പറമ്പ്, തലശേരി, ന്യൂമാഹി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന. അടച്ചിട്ട വീടുകളും ആളൊഴിഞ്ഞ പറമ്പുകളുമാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്. ഇതിനായി ആൾതാമസമില്ലാത്ത വീടുകളുടെ ലിസ്റ്റ് തയ്യാറാക്കി. സ്‌ക്വാഡുകളായി തിരിഞ്ഞാണ് തിരച്ചിൽ.
ഇന്നലെ ആളൊഴിഞ്ഞ വീട്ടുപരിസരത്ത് ബോംബ് പൊട്ടിയ സാഹചര്യം പരിഗണിച്ചാണ് സമാനസ്ഥലങ്ങൾ പൊലീസ് ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം, വേലായുധന്റെ മരണത്തിൽ പൊലീസ് എടുത്ത കേസിൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. പ്രതികളെ കുറിച്ച് പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഏരഞ്ഞോളിയിലും പരിസരത്തും പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്. സമീപദിവസങ്ങളിലാണ് ബോംബ് സ്ഥലത്തുകൊണ്ടുവന്നിട്ടിട്ടുണ്ടാവുക എന്നാണ് പൊലീസ് സംശയിക്കുന്നത്.