- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപുത്തൻ വന്ദേഭാരത് കണ്ടപ്പോൾ ഉള്ളിൽ കയറി സെൽഫിയെടുക്കാൻ മോഹം; തിരുവല്ലയിൽ നിന്നു സെൽഫിയെടുക്കാൻ കയറിയപ്പോൾ ഓട്ടോമാറ്റിക് വാതിലടഞ്ഞു; ഓട്ടോ ഡ്രൈവർ ഇറങ്ങിയത് കോട്ടയത്ത്; ഒരു അതിവേഗ വന്ദേ ഭാരത് സെൽഫിയുടെ കഥ!
പത്തനംതിട്ട: കഴിഞ്ഞദിവസം വന്ദേ ഭാരത് ട്രെയിനിൽ തിരുവല്ലയിൽ നിന്ന് 89 പേർക്ക് കോട്ടയം വരെ പോകാനുള്ള സൗജന്യപാസ് റെയിൽവേ നൽകിയിരുന്നു. മറ്റു സ്റ്റേഷനുകളിൽ നിന്നു കയറിയ പലരും ഇവിടെ ഇറങ്ങാനുമുണ്ടായിരുന്നു. ഇതൊക്കെ കണ്ട് നിൽക്കാതെ സെൽഫികളെടുക്കുന്ന തിരക്കിലായിരുന്നു പലരും. അതായത്് ട്രെയിനിന്റെ അരികിലും അകത്തു കയറിയുമൊക്കെ ചിത്രം പകർത്താനുള്ള തിരക്ക്. 1.45 ആയപ്പോഴേക്കും മുന്നറിയിപ്പില്ലാതെ വാതിലുകൾ അടഞ്ഞു. ട്രെയിൻ കോട്ടയത്തേക്കു നീങ്ങി. ഇതിനിടയിൽ സെൽഫിയെടുക്കാൻ ട്രെയിനിൽ കയറിയ റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഇറങ്ങാനാകുന്നതിനു മുൻപു സ്ലൈഡിങ് വാതിലുകൾ അടഞ്ഞു. ഇദ്ദേഹത്തിനു പിന്നീടു കോട്ടയത്താണ് ഇറങ്ങാൻ കഴിഞ്ഞത്.
ഒരു സ്വപ്ന സാഫല്യമായിരുന്നു തിരുവല്ലക്കാർക്ക് കഴിഞ്ഞദിതവസം. കൊല്ലം കഴിഞ്ഞാൽ കോട്ടയത്തു മാത്രമാണു നിലവിൽ വന്ദേ ഭാരതിനു സ്റ്റോപ്പുള്ളത്. എന്നാൽ വന്ദേ ഭാരതിന്റെ ആദ്യ ഓട്ടമായതുകൊണ്ടു മാത്രം ഉച്ചയ്ക്ക് 1.39നു തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിർത്തി. 12.40ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂർ വൈകി. എന്നാലും വന്ദേ ഭാരതിന്റെ ആദ്യ ഓട്ടം കാണാൻ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആയിരങ്ങൾ അണിനിരന്നു. ില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്ന് എത്തിയവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ബിജെപി പ്രവർത്തകർ പൂക്കളും കൊടികളുമായാണു എത്തിയത്. ആറന്മുളയിൽ നിന്നെത്തിയ സംഘം വഞ്ചിപ്പാട്ടു പാടിയാണു വന്ദേ ഭാരതിനെ വരവേറ്റത്.
എന്തായാലും വന്ദേ ഭാരത് എകസ്പ്രസിനെ കേരളം ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് ഇന്നലെ കേരളം കണ്ടത്. സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകൾ യാത്രയിൽ പങ്കാളികളായി. കേരളത്തിന്റെ പാളത്തിലൂടെ, ഇതുവരെ കണ്ടിട്ടില്ലാത്ത വേഗത്തിൽ കാസർകോട്ടേക്കു കുതിച്ച കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസിനു സ്വാഗതമേകാനും ആദ്യയാത്രയെ മൊബൈലിൽ ചിത്രീകരിക്കാനുമാണ് തിരക്കായിരുന്നു ഇന്നലെ. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് ഇന്നലെ യാത്ര നടന്നത്.
സെൻട്രൽ റെയിൽവേസ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത് നിശ്ചയിച്ചതിലും വൈകി. ഇടയ്ക്ക് ഒരുമണിക്കൂറോളം വൈകിയോടിയ വന്ദേഭാരത് തുടർന്ന് വേഗത്തിലായി. അഞ്ചുകഴിഞ്ഞ് ഷൊർണൂർ എത്തുമ്പോൾ വൈകിയസമയം അരമണിക്കൂറിൽ താഴെയാക്കി. വന്ദേഭാരത് കടന്നുപോകുന്ന റെയിൽപ്പാതയ്ക്കു സമീപത്തെ ജനവാസകേന്ദ്രങ്ങളിലും വൻജനക്കൂട്ടം നിരന്നു. പാളത്തിന്റെ ഓരങ്ങളിലും നിർത്തിയ സ്റ്റേഷനുകളിലും വന്ദേഭാരതിനെ മൊബൈലിൽ പകർത്തിയും സെൽഫിയെടുത്തും ജനങ്ങളും ബിജെപി. പ്രവർത്തകരും ആവേശംകൊണ്ടു.
തിരുവനന്തപുരത്തുനിന്ന് കയറി കൊല്ലത്തിറങ്ങിയ വിദ്യാർത്ഥികൾ വൻ ആവേശത്തിലായിരുന്നു. പ്രധാനമന്ത്രിയുമായി സംവദിക്കുന്ന കുട്ടികളായതിനാൽ വൻ സുരക്ഷയായിരുന്നു അവർക്ക്. മത്സരങ്ങളിൽ വിജയിച്ച, തലസ്ഥാന നഗരത്തിലെ വിവിധ സ്‌കൂളുകളിലെയും ശ്രീചിത്ര പുവർഹോമിലെയും കുട്ടികളാണ് പ്രധാനമന്ത്രിയുമായുള്ള സംവാദത്തിന് അർഹരായത്.
വന്ദേഭാരതിന്റെ ആദ്യയാത്രക്കാരാകാൻ സോവനീർ ടിക്കറ്റുമായി എത്തിയവർ രാവിലെ ആറിനു മുമ്പുതന്നെ സെൻട്രൽ സ്റ്റേഷനുമുന്നിൽ വരിനിന്നു. കർശനപരിശോധനകൾക്കുശേഷം ഏഴരയ്ക്കാണ് ഇവരെ സെൻട്രൽ സ്റ്റേഷനിലേക്ക് കയറ്റിയത്. എട്ടരയോടെ തീവണ്ടിയിൽ പ്രവേശിപ്പിച്ചു. മാധ്യമ പ്രവർത്തകർ, റെയിൽവേജീവനക്കാർ, സ്‌കൂൾ വിദ്യാർത്ഥികൾ, റെയിൽഫാൻസുകാർ, ബ്ലോഗർമാർ, പ്രമുഖ വ്യക്തികൾ എന്നിവർക്ക് സീറ്റുകൾ അനുവദിച്ചിരുന്നു.
ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, എം.എസ്. ഫൈസൽ ഖാൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ., സംഗീതസംവിധായകരായ വിദ്യാധരൻ, ഔസേപ്പച്ചൻ, ഗായകൻ പി. ജയചന്ദ്രൻ, ബിജെപി. നേതാവ് പി.കെ. കൃഷ്ണദാസ്, യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര, കെ-റെയിൽ വിരുദ്ധ സമരനായിക റോസ്ലിൻ, മറ്റു ചലച്ചിത്രപ്രവർത്തകർ തുടങ്ങിയവർ വിവിധ സ്റ്റേഷനുകളിൽനിന്ന് വന്ദേഭാരതിലെ ആദ്യയാത്രക്കാരായി.
മറുനാടന് മലയാളി ബ്യൂറോ