ന്യൂഡൽഹി: അഭിഭാഷക രംഗത്ത് നിന്ന് നേരിട്ട് സുപ്രീംകോടതിയിൽ ജഡ്ജിയാകുക. അപൂർവമായ ഈ നേട്ടത്തിന് അരികെയാണ് മലയാളിയും സീനിയർ അഭിഭാഷകനുമായ കെ.വി. വിശ്വനാഥൻ. മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥനെയും ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയെയുമാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ചേർന്ന കൊളീജിയമാണ് ഇരുവരെയും സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ ശുപാർശ ചെയ്തത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും എം.ആർ ഷായും വിരമിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരുടെ ഒഴിവുണ്ട്. ഈ ഒഴിവിലേക്കാണ് ജസ്റ്റിസ് പി.കെ മിശ്രയുടെയും സീനിയർ അഭിഭാഷകൻ കെ.വി വിശ്വനാഥിന്റെയും പേര് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്.

കെ.വി വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജി ആയി ഉയർത്താനുള്ള ശുപാർശ യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിലെ കൊളീജിയം പരിഗണിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവർ കൊളീജിയം ശുപാർശ ചർച്ച ചെയ്യുന്നതിലെ നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശയിൽ ഒപ്പുവെക്കാൻ അന്ന് തയ്യാറായിരുന്നില്ല.



കെ.വി. വിശ്വനാഥനെ ജഡ്ജിയായി ഉയർത്താനുള്ള ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ അദ്ദേഹം ഭാവിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകാനുള്ള സാധ്യത ഏറെയാണ് . 2030 ഓഗസ്റ്റ് പതിനൊന്നിന് ജസ്റ്റിസ് ജെ.ബി. പർഡിവാല ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി കെ.വി. വിശ്വനാഥന് ഒമ്പത് മാസം രാജ്യത്തിന്റെ പരമോന്നത കോടതിയിലെ അധിപനാകാൻ സാധിച്ചേക്കും.

സുപ്രീംകോടതി ജഡ്ജിയാവാൻ ഏറ്റവും അനുയോജ്യനാണ് കെ.വി. വിശ്വനാഥനെന്നും നിയമരംഗത്തെ അദ്ദേഹത്തിന്റെ പ്രവൃത്തി പരിചയവും ജ്ഞാനവും സുപ്രീംകോടതിക്കു മുതൽക്കൂട്ടാകുമെന്നും കൊളീജിയം പ്രമേയത്തിൽ പറയുന്നു. അഭിഭാഷക രംഗത്ത് നിന്ന് നേരിട്ട് ഒരാൾ മാത്രമെ സുപ്രീംകോടതിയിൽ നിലവിൽ ജഡ്ജിയായിട്ടുള്ളൂ എന്നും കൊളീജിയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാലക്കാട് കൽപാത്തി സ്വദേശിയായ കെ.വി. വിശ്വനാഥൻ കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്. 1988ൽ തമിഴ്‌നാട് ബാർ കൗൺസിലിൽ എന്റോൾ ചെയ്തു. രണ്ട് ദശാബ്ദക്കാലം സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു. 2009ൽ സീനിയർ അഭിഭാഷകനായി. ഭരണഘടന വിഷയങ്ങൾ, ക്രിമിനൽ നടപടികൾ, വാണിജ്യ വ്യവഹാരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കേസുകളിൽ പ്രാഗത്ഭ്യം തെളിയിച്ചു. അടുത്തിടെ സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട കേസിലും ഹാജരായിരുന്നു.

കഴിഞ്ഞ 32 വർഷമായി അഭിഭാഷകനാണ് കെ വി വിശ്വനാഥൻ. സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2009ലാണ് സീനീയർ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1966 മെയ് 16ന് ജനിച്ച വിശ്വനാഥൻ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായാൽ 2031 മെയ് 25 വരെയായിരിക്കും പദവിയിൽ തുടരാനാകുക. 2030 ഓഗസ്റ്റ് 11ന് ജസ്റ്റിസ് ജെ ബി പർദിവാല വിരമിക്കുമ്പോൾ 2031 മെയ് 25 വരെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്താനുള്ള സാധ്യത വിശ്വനാഥന് മുന്നിലുണ്ട്. 34 ജഡ്ജിമാരുടെ അംഗബലമുള്ള സുപ്രീം കോടതിയിൽ നിലവിൽ 32 ജഡ്ജിമാരാണുള്ളത്. ജൂലായ് രണ്ടാം വാരത്തോടെ നാല് ഒഴിവുകൾ കൂടിയുണ്ടാകും.