- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റിയറിങ് വിട്ടു ഡാൻസ് ചെയ്യുന്ന ഡ്രൈവർമാരെയും കാതടപ്പിക്കുന്ന ഡി.ജെയും ഉള്ള ബസുകൾ പ്രിയം; നൂറിന് മേലേ കുതിക്കുന്ന അടിപൊളി ബസുകൾ ബുക്ക് ചെയ്യാൻ ടൂർ ഓപ്പറേറ്റർമാരാകുന്നത് സീനിയർ വിദ്യാർത്ഥികൾ; കണ്ണൂരിൽ കാഴ്ചക്കാരായി രക്ഷിതാക്കളും സ്കൂൾ അധികൃതരും
കണ്ണൂർ: കണ്ണൂരിൽ ടൂർ ഓപറേറ്ററായി മാറുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണെന്ന് മോട്ടോർവാഹനവകുപ്പ് അന്വേഷണത്തിൽ തെളിഞ്ഞു. കലാലയങ്ങളിലെ ടൂറുകൾ ഓപറേറ്റു ചെയ്യുന്നതും നിയമലംഘനങ്ങൾ നിരന്തരം നടത്തുന്ന ബസുകൾക്ക് പണം പിരിച്ചുകൊടുക്കുന്നതും വിദ്യാർത്ഥികൾക്ക് വിട്ടുകൊടുത്ത് മാറി നിൽക്കുകയാണ് വിദ്യാലയങ്ങളിലെയും കോളേജുകളിലെയും അധികൃതർ.
ഓൺ ലൈനായാണ് ഇവർ ടൂർ പാക്കേജിന് ബുക്ക് ചെയ്യുന്നത്. മുഴുവൻ തുകയും ആദ്യമേ നൽകി അടിപൊളി ബസുകൾക്കാണ് ബുക്ക് ചെയ്യുന്നത്. ഇതുപലപ്പോഴും ടൂർ പോകുന്ന ദിവസം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവർ ചെയ്യുന്നത്. തെക്കൻജില്ലകളിൽ നിന്നാണ് ഇരമ്പി പായുന്ന ടൂറിസ്റ്റു ബസുകൾ ബുക്ക് ചെയ്യുന്നത്. സോഷ്യൽമീഡിയയിലൂടെ കാണുന്ന സ്റ്റിയറിങ് വിട്ടു ഡാൻസ് ചെയ്യുന്ന ഡ്രൈവർമാരെയും കാതടിപ്പിക്കുന്ന ഡി.ജെയുള്ള ബസുകളാണ് ഇതരജില്ലകളിൽ നിന്നും കണ്ണൂരിലേക്ക് ഇവർ വിളിച്ചു കൊണ്ടുവരുന്നത്.
ഇത്തരത്തിൽ നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹനവകുപ്പ് അധികൃതർ റെയ്ഡു നടത്തി പിടികൂടി. കഴിഞ്ഞദിവസം തലശേരി ബ്രണ്ണൻ കോളേജിലെ ബി.ബി.എ.വിദ്യാർത്ഥികളുടെ വിനോദയാത്രയാണ് മോട്ടോർ വാഹനവകുപ്പ് തടഞ്ഞത്. ബി.ബി.എ. വിദ്യാർത്ഥികളെയും കൊണ്ട് ചിക്മഗളൂരുവിലേക്ക് വിനോദയാത്ര പോകാനെത്തിയതായിരുന്നു ബസ്. വ്യാഴാഴ്ച രാത്രിയാണ് കണ്ണൂർ ജില്ലയിലെ മേലൂർ മമ്മാക്കുന്ന് പാലത്തിനുസമീപം നിർത്തിയിട്ട ബസിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥർ യാത്ര തടഞ്ഞു.
ഇതരജില്ലയിൽ നിന്നെത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസിനെതിരെയാണ് നടപടി. വിദ്യാർത്ഥികളെ കയറ്റുന്നതിനുമുൻപ് മമ്മാക്കുന്ന് പാലത്തിന് സമീപം നിർത്തിയിട്ട ബസിനെ ജില്ലയിലെ ടൂറിസ്റ്റ് ബസ് ഉടമസ്ഥരുടെ സംഘടന തന്നെ തടഞ്ഞിരുന്നു. അവർ അറിയിച്ചതനുസരിച്ചാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗംപരിശോധനയ്ക്ക് എത്തിയത്.
പരിശോധന നടത്തിയപ്പോൾ പ്രത്യക്ഷത്തിൽ തന്നെ നിയമലംഘനം കണ്ടെത്തിയ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിനോദയാത്രാ വേളകളിൽ അച്ചടക്കം പാലിക്കണമെന്ന് പറയുന്ന അദ്ധ്യാപകരെ വിദ്യാർത്ഥികൾ യാത്രയിൽ നിന്നും ഒഴിവാക്കുന്നതായും പരാതിയുണ്ട്. തങ്ങളുടെ താളത്തിന് തുള്ളുന്നവരെ മാത്രമാണ് ഇവർ ഇത്തരംഅടിപൊളിയാത്രകളിൽ ഉൾക്കൊള്ളിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്