- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി? കാമറ അസിസ്റ്റന്റ് ഷിജുവിന്റെ വിയോഗത്തില്‍ നടി സീമ ജി; അനുശോചിച്ചു ഫെഫ്ക്കയും
മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച കാമറ അസിസ്റ്റന്റ് ഷിജുവിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടി സീമ ജി. നായര്‍. ഷിജുവിന്റെയും അമ്മയുടെയും മൃതദേഹം കണ്ടെത്തിയെന്നും ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തിയെന്നും അവര്‍ ഫേസ്ബുക്കില്‍ അനുശോചന കുറിപ്പായി കുറിച്ചു.
'നിരവധി സീരിയലുകളില്‍ ഫോക്കസ് പുള്ളറായ ഷിജുവും വയനാട് ദുരന്തത്തില്‍ പെട്ടിരുന്നു… ഷിജുവിന്റെയും അമ്മയുടെയും മൃതദേഹം കണ്ടെത്തി… ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി' -എന്നിങ്ങനെയായിരുന്നു നടിയുടെ കുറിപ്പ്. സൂര്യ ഡിജിറ്റല്‍ വിഷനിലെ കാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് തുടങ്ങിയ നിരവധി സീരിയലുകള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷിജുവിന്റെ മരണ വാര്‍ത്ത നേരത്തെ ഫെഫ്കയും പങ്കുവെച്ചിരുന്നു.
'ഫെഫ്ക എം.ഡി.ടി.വി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍പ്പെട്ട് നമ്മെ വിട്ടുപോയ വിവരം വേദനയോടെ അറിയിക്കുന്നു. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം സുരക്ഷാ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുണ്ട്. കനത്ത പ്രകൃതി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ ജ്യേഷ്ഠനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛനുള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഷിജുവിന്റെ അയല്‍ക്കാരനും കാമറ അസ്സിസ്റ്റന്റും സഹപ്രവര്‍ത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ട ആശ്വാസ വാര്‍ത്തയും പങ്കുവെക്കുന്നു. പ്രണവിന്റെ വീട്ടുകാര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. സൂര്യ ഡിജിറ്റല്‍ വിഷനിലെ കാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തില്‍ അണഞ്ഞുപോയ എല്ലാ സഹോദരങ്ങള്‍ക്കും മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടേയും, ഫെഫ്ക ഡയറക്ടേഴ്സ് യൂനിയന്റെയും പ്രണാമം' -എന്നിങ്ങനെയായിരുന്നു ഫെഫ്കയുടെ കുറിപ്പ്.