പത്തനംതിട്ട: റവന്യൂ വകുപ്പിൽ 25 പേരെ എൽ.ഡി. ക്ലാർക്കായി നിയമിച്ചു കൊണ്ട് കലക്ടർ ഉത്തരവിട്ടതിന് പിന്നാലെ രണ്ടു പേർക്ക് മാത്രം നേരിട്ട് നിയമന ഉത്തരവ് നൽകിയ സംഭവം അന്വേഷിക്കാൻ ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉത്തരവിട്ടു. മറുനാടനാണ് ഇന്നലെ ഈ വാർത്ത പുറത്തു കൈാണ്ടു വന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ എൻജിഓ സംഘും അസോസിയേഷനും പ്രതിഷേധ സമരവുമായി കലക്ടറുടെ ചേംബറിന് മുന്നിലെത്തി. ഇരുകൂട്ടരുമായും ചർച്ച നടത്തിയ കലക്ടർ ഇതു സംബന്ധിച്ച വിശദമായ അന്വേഷണത്തിന് തിരുവല്ല സബ്കലക്ടർ ശ്വേതയെ ചുമതലപ്പെടുത്തി. കലക്ടറുടെ സീക്രട്ട് സെക്ഷനിൽ നിന്നുള്ള അതീവ സുരക്ഷിതമായ കമ്പ്യൂട്ടറിൽ നിന്നാണ് നിയമന ഉത്തരവ് ചോർന്നത്. ഇത് കൈയിൽ കിട്ടിയ കൊല്ലം ജില്ലക്കാരായ രണ്ടു ഉദ്യോഗാർഥികൾ മാത്രം ജോലിയിൽ പ്രവേശിച്ചുവെന്നതാണ് മറുനാടൻ പുറത്തു വിട്ട വാർത്ത.

ശേഷിച്ച 23 പേർക്ക് നിയമന ഉത്തരവ് അയയ്ക്കുകയോ മറ്റ് രണ്ടു പേർക്ക് നൽകിയതു പോലെ കൈവശം കൊടുക്കുകയോ ചെയ്യാതിരുന്നതാണ് വിവാദമായത്. ജോയിന്റ് കൗൺസിലിന്റെ ജില്ലാ നേതാവ് ഇടപെട്ടാണ് വഴിവിട്ട രീതിയിൽ നിയമന ഉത്തരവ് നൽകിയത് എന്നാണ് ആരോപണം. സിപിഐയുടെ സർവീസ് സംഘടനയ്ക്കുള്ളിലെ പടലപ്പിണക്കമാണ് സംഭവം പുറത്തു വരാനും വിവാദമാകാനും കാരണമായത്.

25 പേർക്കും ഒന്നിച്ച് തപാലിൽ നിയമന ഉത്തരവ് അയയ്ക്കണം എന്നാണ് ചട്ടം. നേരിട്ട് ഉത്തരവ് കൈയിലോ വാട്സാപ്പിലോ അയച്ചു കൊടുക്കാൻ നിയമം അനുവദിക്കുന്നില്ല. ഇവിടെ കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കാണ് നിയമന ഉത്തരവ് നേരിട്ട് നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയമനത്തിന് കലക്ടർ അനുവാദം നൽകിയത്. ഇവർ രണ്ടു പേരും തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അടൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. ഇവരുടെ രണ്ടു പേരുടെയും മേൽവിലാസത്തിൽ മാറ്റമുണ്ടായെന്നും അതു കൊണ്ട് നേരിട്ട് കൊണ്ടു പോയി കൊടുത്തുവെന്നുമുള്ള വിശദീകരമാണ് ജോയിന്റ് കൗൺസിൽ നേതാക്കൾ നൽകുന്നത്.

വിലാസം മാറിയതിന്റെ പേരിൽ രണ്ടു പേർക്ക് നേരിട്ട് നിയമന ഉത്തരവ് നൽകിയെന്ന വിശദീകരണം വിശ്വാസയോഗ്യമല്ല. ശേഷിക്കുന്ന 23 പേർക്കും എന്തു കൊണ്ട് നിയമന ഉത്തരവ് തപാലിൽ അയച്ചില്ലെന്ന ചോദ്യത്തിന് മറുപടിയില്ല. കലക്ടറേറ്റിൽ നിന്ന് തപാൽ മുഖാന്തരം വേണം നിയമന ഉത്തരവ് അയയ്ക്കാൻ. അത് തപാൽ രേഖപ്പെടുത്തുന്ന ബുക്കിൽ എഴുതുകയും വേണം. ഇവിടെ ഈ നടപടിക്രമം ഒന്നും പാലിച്ചിട്ടില്ല. ജില്ലാ പി.എസ്.സി ഓഫീസറുടെ നിയമന ശിപാർശ പ്രകാരം 25 ഉദ്യോഗാർഥികളെ എൽ.ഡി ക്ലാർക്ക് തസ്തികയിൽ ജില്ലാ റവന്യൂ ഭരണ വിഭാഗത്തിൽ നിയമനം നൽകി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത് നവംബർ 18 നാണ്. ഓരോരുത്തർക്കും നിയമന ഉത്തരവ് അയച്ച് അവർ വന്ന് ജോയിൻ ചെയ്യാൻ ഒരാഴ്ചയോളം സമയം എടുക്കും. ഇതിനിടെയാണ് തങ്ങൾക്ക് വേണ്ടപ്പെട്ട രണ്ടു പേർക്ക് അവർക്ക് ഏറ്റവും സൗകര്യ പ്രദമായ അടൂരിൽ നിയമനം നൽകിയത്.

തങ്ങൾക്ക് വേണ്ടപ്പെട്ടവരെ അവർ ആഗ്രഹിച്ചിടത്ത് തന്നെ നിയമിക്കാൻ ജോയിന്റ് കൗൺസിൽ നേതൃത്വം ഇടപെട്ടിരുന്നുവെന്ന ആരോപണം ഉണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ചിലർക്ക് മാത്രമായി ചട്ടം ലംഘിച്ച് നിയമന ഉത്തരവ് നൽകിയതെന്നും പറയുന്നു. കലക്ടറുടെ സീക്രട്ട് സെക്ഷൻ ജോയിന്റ് കൗൺസിലുകാരുടെ കുത്തകയാണ്. മറ്റൊരു സർവീസ് സംഘടനയിലും പെട്ടവർക്ക് ഇവിടെ പ്രവേശനമില്ലാത്ത അവസ്ഥയാണ്. അതു കൊണ്ടു തന്നെ എല്ലാ ഉത്തരവാദിത്വവും സംഘടനയിൽപ്പെട്ടവർക്ക് തന്നെയാണ്. ഈ സംഭവത്തിൽ സെക്ഷന്റെ ചുമതലയുള്ള ക്ലാർക്കിനെ ബലിയാടാക്കി തലയൂരാനുള്ള ശ്രമം നടന്നു വരികയാണ്.
കലക്ടറേറ്റിൽ നിന്നുള്ള ഉത്തരവ് താലൂക്ക് ഓഫീസിൽ കിട്ടാതെ രണ്ടു പേർക്ക് ജോലിയിൽ പ്രവേശിക്കാൻ അനുവാദം കൊടുത്ത അടൂർ തഹസിൽദാർക്കെതിരേയും നടപടി വന്നേക്കും. വിവരമറിഞ്ഞ് റവന്യൂ മന്ത്രിയുടെ ഓഫീസിൽ നിന്ന് അടിയന്തര ഇടപെടൽ ഉണ്ടായി. റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

സീക്രട്ട് സെക്ഷനിലെ സൂപ്രണ്ടിന്റെ യൂസർ ഐഡിയും പാസ്വേർഡും തന്ത്രത്തിൽ കൈക്കലാക്കിയാണ് നിയമന ഉത്തരവ് പ്രിന്റ് എടുത്ത് ഉദ്യോഗാർഥികൾക്ക് നേരിട്ട് കൊണ്ടുക്കൊടുത്തത്. ഇതുമായി ഇവർ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ അടൂർ തഹസിൽദാർ കലക്ടറേറ്റിലേക്ക് വിളിച്ച് വിവരം അറിയിച്ചിരുന്നു. താലൂക്ക് ഓഫീസിൽ കലക്ടറുടെ ഉത്തരവ് പിന്നാലെ വന്നോളുമെന്നും ഇപ്പോൾ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നുമായിരുന്നുവത്രേ കലക്ടറേറ്റിൽ നിന്ന് കിട്ടിയ ഉപദേശം.വിവാദം കൊടുമ്പിരിക്കൊണ്ടതോടെ ശേഷിച്ച 23 പേർക്കും ഇന്നലെ തന്നെ രജിസ്ട്രേഡ് തപാലിൽ നിയമന ഉത്തരവ് അയച്ചു. ഡെസ്പാച്ച് സെക്ഷനിൽ അവസാന നിമിഷം തിരിമറിക്ക് ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല.

ജില്ലാ കലക്ടർ കഴിഞ്ഞ 18 ന് പുറപ്പെടുവിച്ച എൽ.ഡി ക്ലാർക്ക് നിയമന ഉത്തരവ് കലക്ടറേറ്റിൽ നിന്നും ഔദ്യോഗികമായി ഉദ്യോഗാർഥികൾക്ക് അയച്ചു കൊടുക്കുന്നതിന് മുൻപ് ചോർന്നതിൽ എൻ.ജി.ഓ സംഘിന്റെ പ്രതിഷേധം. ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കലക്ടറുമായി ചർച്ച നടത്തുകയും ചെയ്തു. വളരെ പ്രധാനപ്പെട്ടതും രഹസ്യാത്മകവുമായ ഉത്തരവ് ചോർത്തി നൽകുകയും അതിൽ ഉൾപ്പെട്ട രണ്ട് ഉദ്യോഗാർഥികളെ അടൂർ താലൂക്ക് ഓഫീസിൽ നിയമിച്ചിരിക്കുകയാണ്.

ഔദ്യോഗിക നിയമന രേഖ ഓഫീസിൽ നിന്നും ചോർത്തി നൽകി നിയമനത്തിന്റെ വിശ്വാസൃത തകർത്ത് നിയമ ലംഘനം നടത്തിയ കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എൻ.ജി.ഓ സംഘ് കലക്ടറേറ്റിൽ ധർണ നടത്തിയത്. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പി. അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ്, ജില്ലാ സെക്രട്ടറി ജി. അനീഷ്, ജില്ലാ ട്രഷറാർ എം രാജേഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നേതാക്കൾ ജില്ലാ കലക്ടറുമായി ചർച്ച നടത്തി. കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കുമെന്ന് കലക്ടർ ഉറപ്പു നൽകിയെന്ന് നേതാക്കൾ പറഞ്ഞു. നടപടിയുണ്ടാകാത്ത പക്ഷം സമരം ശക്തമാക്കും.

റവന്യൂ വകുപ്പിൽ പുതുതായി നിയമിച്ച 25 ക്ലാർക്കുമാരുടെ നിയമന ഉത്തരവ് അയക്കുന്നതിൽ അട്ടിമറി നടത്തി സ്വന്തക്കാർക്ക് മാത്രം ജോലിയിൽ പ്രവേശിക്കുന്ന തരത്തിൽ നടപടി സ്വീകരിച്ചതിനെതിരെ എൻ.ജി.ഓ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിന് മുമ്പിൽ സമരം നടത്തി. ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ ഈ വിഷയത്തിൽ എൻക്വയറി കമ്മിറ്റിയെ നിയമിച്ചതായി അറിയിച്ചു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഉപരോധ സമരം സെറ്റോ ചെയർമാൻ പി.എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ബിജു ശാമുവേൽ , തുളസീ രാധ , തട്ടയിൽ ഹരികുമാർ, ഷെമിം ഖാൻ , അബു കോശി,വിഷ്ണു സലിം കുമാർ, ഡി. ഗീത, വിനോദ് മിത്രപുരം, പിക്കു വി സൈമൺ, അനിൽ കുമാർ, ദിലീപ് ഖാൻ ,ജീഷ്ണു , അനു കെ അനിൽ, നൗഫൽ ഖാൻ എന്നിവർ പ്രസംഗിച്ചു.