തിരുവനന്തപുരം: കേരളത്തിന്റെ ഖജനാവ് കാലിയാണ്. എന്നാൽ പണമുള്ളവരിൽ നിന്ന് അത് ഈടാക്കാൻ സർക്കാരിന് താൽപ്പര്യമില്ല. അബ്കാരി കുടിശികയിനത്തിൽ സർക്കാർ പിരിച്ചെടുക്കാനുള്ളത് 267 കോടി രൂപയാണ്. ഈ തുക വേണ്ടെന്ന് വയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. പലിശയിളവും മുതലിൽ ആനുകൂല്യവും നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിവഴി കുടിശിക പിരിക്കുമെന്ന് ഏപ്രിലിൽ പുതിയ മദ്യനയത്തിൽ പ്രഖ്യാപിച്ചിരുന്നു. അത് ഇതുവരെ നടന്നിട്ടില്ല. അനുമതി തേടിയുള്ള ഫയലിൽ ധനകാര്യവകുപ്പ് തീരുമാനമെടുക്കാത്തതാണു കാരണം. അബ്കാരി മുതലാളിമാരുടെ സമ്മർദ്ദമാണ് ഇതിന് കാരണം. ഈ തുക ഒഴിവാക്കിയാൽ അത് രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ടായി കിട്ടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ഫണ്ട് ഒഴിവാക്കുന്നതെന്നും ആരോപണമുണ്ട്.

1970 മുതൽ 2000 വരെ കാലത്ത് കള്ളുഷാപ്പ് ലേലത്തിനെടുത്ത അബ്കാരികൾ സർക്കാരിലേക്കു നൽകാനുള്ളതാണു തുക. ഷാപ്പുകൾ നഷ്ടത്തിലായെന്നും കേസിൽപെട്ടെന്നുമെല്ലാം കാരണം നിരത്തിയാണു കുടിശിക വരുത്തിയത്. ഇതിൽ 60 കോടി രൂപ മുതലിനത്തിലാണ്. ബാക്കി പലിശയും പിഴപ്പലിശയും. ഈ മുതലാളിമാരെല്ലാം ഇന്ന് ബാർ നടത്തുന്നവരാണ്. ചിലർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകൾ പോലുമുണ്ട്. പാവപ്പെട്ടവരെ പിഴിഞ്ഞ് നികുതി ഈടാക്കുന്ന സർക്കാരുകൾക്ക് ഈ മുതലാളിമാരെ പിണക്കാൻ താൽപ്പര്യമില്ല. ഇതിന് വേണ്ടിയാണ് പുതിയ നീക്കം.

പലിശ ഒഴിവാക്കി, മുതലിൽ നിശ്ചിത ശതമാനം ഇളവു നൽകി ആംനെസ്റ്റി സ്‌കീം നടപ്പാക്കാനായിരുന്നു തീരുമാനം. 25 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനാകുമെന്നും കണക്കുകൂട്ടി.പിരിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് എഴുതിത്ത്ത്തള്ളാനെങ്കിലും, പല ജില്ലകളിലും ആ വഴിയാണു സ്വീകരിക്കുന്നത്. വില്ലേജ് ഓഫിസർ മുതൽ കലക്ടർ വരെയുള്ളവരുടെ റിപ്പോർട്ട് എക്‌സൈസിനു ലഭ്യമാക്കിയാണ് ധനവകുപ്പിന്റെ അനുമതിയോടെ എഴുതിത്ത്ത്തള്ളൽ. രാഷ്ട്രീയസമ്മർദവും മറ്റും മൂലം പലയിടത്തും കുടിശിക എഴുതിത്ത്ത്തള്ളി.

സംസ്ഥാനത്ത് അബ്കാരി കുടിശിക പിരിക്കുന്നതിൽ ഗുരുതര വീഴ്ച. 281.25 കോടി രൂപ അബ്കാരികളിൽ നിന്നും സർക്കാരിന് കുടിശിക ലഭിക്കാനുണ്ട്. എന്നാൽ ഇത് പിരിച്ചെടുക്കുന്നതിന് സർക്കാരിന് ശുഷ്‌കാന്തിയില്ലാത്തത് അബ്കാരികളുമായിട്ടുള്ള അവിശുദ്ധ കൂട്ടാണെന്ന ആരോപണമാണ് ഉയരുന്നത്. കുടിശിക അബ്കാരികളിൽ നിന്നോ, അനന്തരവകാശികളിൽ നിന്നോ ഈടാക്കുന്നതിന് റവന്യു റിക്കവറി നടപടികൾ ത്വരിതപ്പെടുത്താൻ എല്ലാ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന മുമ്പ് സർക്കാർ നൽകിയിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ അബ്കാരി കുടിശിക പിരിക്കാനുള്ളത്.

ജില്ല, അബ്കാരി കുടിശിക ( കോടിയിൽ ) ചുവടെ

1. തിരുവനന്തപുരം - 77.11
2. കൊല്ലം - 45.11
3. പത്തനംതിട്ട- 13.71
4. ആലപ്പുഴ - 7.13
5. കോട്ടയം - 21.39
6. ഇടുക്കി - 20.85
7. എറണാകുളം - 2.92
8. തൃശൂർ - 67.94
9. പാലക്കാട് - 14.54
10. മലപ്പുറം - 0.31
11.കോഴിക്കോട് - 4.13
12. വയനാട് - 1.74
13. കണ്ണൂർ - 1.16
14. കാസർഗോഡ് - 3. 16

സാധാരണ കച്ചവടക്കാർ കൃത്യസമയത്ത് ഇ-റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ നടപടിയെടുക്കുന്ന ചരക്ക് സേവന നികുതി വകുപ്പ് അബ്കാരികളിൽ നിന്ന് നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ മൃദുസമീപനം കാണിക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 2011 ഏപ്രിൽ മുതൽ 2016 ഏപ്രിൽ വരെയുള്ള ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 53.96 കോടിയായിരുന്നു നികുതി കുടിശ്ശിക. കാലക്രമേണ ഇത് വർധിച്ച് 127.79 കോടിയായി ഉയർന്നു. 2016 ഏപ്രിൽ മുതൽ 2022 ജനുവരി വരെ നികുതി കുടിശ്ശിക വരുത്തിയ അബ്കാരികളിൽനിന്ന് 60.04 ലക്ഷം രൂപ പിഴയീടാക്കിയിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.

നികുതി കുടിശ്ശിക ഈടാക്കാൻ നിയമതടസ്സങ്ങളൊന്നുമില്ലെന്ന് പറയുമ്പോഴും ചില ജില്ലകളിൽ കോടതി വ്യവഹാരങ്ങൾ മൂലം കുടിശ്ശിക പിരിച്ചെടുക്കാൻ കഴിയുന്നില്ലെന്നും അധികൃതർ പറയുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ അബ്കാരി നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ കാണിക്കുന്ന അലംഭാവം അബ്കാരി രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.