കോട്ടയം: മോഹന്‍ലാല്‍ ചിത്രമായ 'കര്‍മ്മയോദ്ധ'യുടെ തിരക്കഥാ തര്‍ക്കത്തില്‍ വിധി വന്നപ്പോള്‍ സംവിധായകനും നടനുമായ മേജര്‍ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ യഥാര്‍ത്ഥ തിരക്കഥാകൃത്ത് പുതുപ്പള്ളി സ്വദേശി റെജി മാത്യുവാണെന്ന് കോട്ടയം കൊമേഴ്സ്യല്‍ കോടതി പ്രഖ്യാപിച്ചു. സംവിധായകന്‍ മേജര്‍ രവിക്കും സംഘത്തിനും വന്‍ തുക പിഴ ചുമത്തിക്കൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്.

വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍

ജഡ്ജി മനീഷ് ഡി.എ പുറപ്പെടുവിച്ച വിധിയില്‍ റെജി മാത്യുവിന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടു. പരാതിക്കാരന് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ പൂര്‍ണ്ണ പകര്‍പ്പവകാശം റെജി മാത്യുവിനായിരിക്കും.

സിനിമയുടെ റിലീസ് സമയത്ത് ക്രെഡിറ്റില്‍ കാണിച്ചിരുന്ന ഷാജി, സുമേഷ് എന്നിവരുടെ പേരുകള്‍ തിരക്കഥാകൃത്തുക്കളെന്ന നിലയില്‍ കോടതി റദ്ദാക്കി.

2012-ല്‍ ലഫ്റ്റനന്റ് കേണല്‍ മാധവന്‍ നായര്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു 'കര്‍മ്മയോദ്ധ'. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പേ തിരക്കഥയെച്ചൊല്ലി നിയമയുദ്ധം ആരംഭിച്ചിരുന്നു.

2012-ല്‍ മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് 'കര്‍മ്മയോദ്ധ'. തന്റെ കഥയും തിരക്കഥയും അനുമതിയില്ലാതെ ഉപയോഗിച്ചാണ് സിനിമ നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു.

തിരക്കഥ സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന് രേഖപ്പെടുത്തിയും, അഞ്ച് ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചുമാണ് അന്ന് സിനിമ റിലീസ് ചെയ്തത്. സിനിമയുടെ ക്രെഡിറ്റില്‍ ഷാജി, സുമേഷ് എന്നിവരുടെ പേരുകള്‍ തിരക്കഥാകൃത്തുക്കളായി നല്‍കിയത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് റെജി മാത്യു വാദിച്ചു. ഇത് ചൂണ്ടിക്കാട്ടി 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

സംവിധായകന്‍ മേജര്‍ രവി ഒന്നാം പ്രതിയായ കേസില്‍ നിര്‍മ്മാതാവ് ഹനീഫ് മുഹമ്മദ് ഉള്‍പ്പെടെ അഞ്ചുപേരായിരുന്നു പ്രതികള്‍. കഥ തന്റേതാണെന്നും, സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയില്‍ റെജി മാത്യുവിനോട് കഥ പറഞ്ഞിരുന്നു എന്നുമായിരുന്നു മേജര്‍ രവിയുടെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോട്ടയം കൊമേഴ്സ്യല്‍ കോടതി ജഡ്ജി മനീഷ് ഡി.എ വിധി പുറപ്പെടുവിച്ചത്.