പത്തനംതിട്ട: സെറ്റ് ഇല്ലാത്ത അധ്യാപകരെ എന്തു ചെയ്യണം? നിലനിര്‍ത്തണോ പിരിച്ചു വിടണോ? പിരിച്ചു വിട്ടാല്‍ കുട്ടികള്‍ പെരുവഴിയിലാകും. വിട്ടില്ലെങ്കില്‍ കോടതിയലക്ഷ്യവും. എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍.

സംസ്ഥാനത്ത് പ്ലസ് ടു കോഴ്സ് ആരംഭിച്ച് മൂന്നു പതിറ്റാണ്ടാകുമ്പോഴും നിരവധി സ്‌കൂളുകളില്‍ ഇപ്പോഴും താല്‍കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നത്. ഇതില്‍ അധികവും സര്‍ക്കാര്‍ സ്‌കൂളുകളുമാണ്. ബന്ധപ്പെട്ട വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്വേഷനും ബി.എഡും സെറ്റും ആണ് യോഗ്യതയായി വേണ്ടത്. ഈ യോഗ്യത ഉള്ളവരെ ലഭിക്കുന്നില്ലെങ്കില്‍ സമാനമായ മറ്റ് യോഗ്യതകള്‍ ഉള്ളവരെയും പരിഗണിക്കുന്ന രീതിയാണ് തുടര്‍ന്ന് വന്നിരുന്നത്. മലയോര മേഖലയിലെ സ്‌കൂളുകളിലും മറ്റും ഇത്തരത്തില്‍ യോഗ്യത ഉള്ളവരെ കണ്ടെത്തുക അത്ര എളുപ്പമല്ല. താത്ക്കാലിക അധ്യാപകരുടെ വേതനവും കുറവായതിനാല്‍ ഇവിടങ്ങളിലേക്ക് പോകാന്‍ പലരും തയ്യാറല്ല.

ഇതില്‍ തന്നെ ജൂനിയര്‍ അധ്യാപകര്‍ക്ക് ദിവസ വേതനം വളരെ മോശമാണ്. പല വിഷയങ്ങളിലും പഠിപ്പിക്കാന്‍ കുറച്ചു മണിക്കുറുകള്‍ മാത്രമാണ് ലഭിക്കുക. എന്നാല്‍ എല്ലാ ദിവസവും സ്‌കൂളുകളില്‍ എത്തുകയും വേണം. അതിനാല്‍ തന്നെ ഉയര്‍ന്ന യോഗ്യത ഉള്ള പലരും പോകാന്‍ തയാറാകുന്നില്ല. അതിനാല്‍ സമീപ ദേശങ്ങളില്‍ നിന്നും എത്തുന്ന പി.ജിയും ബിഎഡും ഉള്ളവര്‍ക്ക് താല്‍കാലിക നിയമനം നല്‍കും. സെറ്റിന് പുറമെ എം.എഡും ഡോക്ടറേറ്റും ഉള്ളവരും നിയമനത്തിനായി എത്താറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ സെറ്റ് ഉള്ളവരെ മാത്രമേ നിയമിക്കാന്‍ കഴിയു.

ഇതാണ് പ്രിന്‍സിപ്പല്‍മാരെ ബുദ്ധിമുട്ടിലാക്കുന്നത്. ക്ലാസുകള്‍ ആരംഭിക്കും മുന്‍പ്തന്നെ അധ്യാപക നിയമനം പൂര്‍ത്തിയാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. സ്ഥിരം തസ്തിക ഇല്ലാത്തിടത്തെല്ലാം ഇതോടെ താത്ക്കാലികഅധ്യാപക നിയമനം പൂര്‍ത്തിയാക്കി. എന്നാല്‍ ഇപ്പോള്‍ സെറ്റ് യോഗ്യതയില്ലാത്തവരേയും അധ്യാപകരായി നിയമിക്കാമെന്ന വ്യവസ്ഥ സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുകയാണ്. ഇതനുസരിച്ചാണ് മുന്‍ വ്യവസ്ഥപ്രകാരം നിയമിച്ച യോഗ്യതയില്ലാത്തവരെ പിരിച്ചുവിടാനുള്ള നിര്‍ദേശം നടപ്പാക്കിയാല്‍ പഠനം തടസപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത്. സെറ്റ് യോഗ്യതക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും നിയമിക്കാമെന്ന 2024 മേയ് 30-ലെ ഉത്തരവ് തുടരാന്‍ കഴിയില്ലെന്നാണ് ഇപ്പോഴുള്ള ഉത്തരവില്‍ പറയുന്നത്. 2024-ലെ ഉത്തരവ് പ്രകാരം സെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും നിയമനത്തിന് പരിഗണിച്ചിരുന്നു. പ്രത്യേകിച്ച് സോഷ്യല്‍ വര്‍ക്ക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേര്‍ണലിസം തുടങ്ങിയ

വിഷയങ്ങളില്‍ സെറ്റ് ഉള്ളവര്‍ കുറവാണ്.

അതിനാല്‍ താത്ക്കാലിക നിയമനം ലഭിച്ചവരെ ഒഴിവാക്കിയാല്‍ വിദ്യാലയങ്ങളില്‍ അധ്യയനം നിലയ്ക്കുകയും സ്‌കൂള്‍ പ്രവര്‍ത്തനം തന്നെ താറുമാറാകുകയും ചെയ്യുമെന്നും പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു. കോടതി ഉത്തരവ് ആയതിനാല്‍ നടപ്പിലാക്കാന്‍ മാത്രമേ പ്രിന്‍സിപ്പല്‍മാര്‍ക്ക് കഴിയു. ഇതോടെ പലയിടത്തും അധ്യയനം തന്നെ തടസപ്പെടും.കൃത്യമായ നിര്‍ദേശം നല്കാന്‍ വിദ്യാഭ്യാസ വകുപ്പിനും കഴിയുന്നില്ല. ഇതിനിടെ ചിലയിടങ്ങളില്‍ പി.ടി.എ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അധ്യാപക -രക്ഷാകര്‍തൃ സമിതി ഇതു സംബന്ധിച്ച് എം.എല്‍.എമാര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. അധ്യാപക നിയമന വിഷയത്തില്‍ യഥാസമയം തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ഇക്കൊല്ലത്തെ ഹയര്‍ സെക്കന്‍ഡറി പഠനത്തെയും വാര്‍ഷിക പരീക്ഷയെയും പ്രതികൂലമായി ബാധിക്കും. തുടര്‍ന്ന് വരുന്ന മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനത്തെയും ഇത് തടസപ്പെടുത്തും.

കേന്ദ്ര സിലബസുകളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷകളില്‍ അവസരം ലഭിക്കുന്നു എന്ന പരാതി നിലനില്‍ക്കെയാണ് ഇപ്പോള്‍ കേരള സിലബസ് സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.