- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സഫോക്കിലെ വ്യോമസേനാസ്ഥാനത്തിന് സമീപത്ത് വെച്ച് ഏഴുപേര്‍ അറസ്റ്റില്‍; നിരോധിത സംഘടനയായ പാലസ്തീന് ആക്ഷനെ പിന്തുണച്ചു എന്ന് ആരോപണം; എന്തും വെട്ടിത്തുറന്ന് പറയുന്ന കെമി ബെയ്ഡ്‌നോക്കിന്റെ ശൈലി ബ്രിട്ടീഷുകാര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നു; ജനപ്രീതിയില്‍ നെയ്ജല്‍ ഫരാജിനെ പിന്തള്ളി ടോറി നേതാവ്
സഫോക്കിലെ വ്യോമസേനാസ്ഥാനത്തിന് സമീപത്ത് വെച്ച് ഏഴുപേര്‍ അറസ്റ്റില്‍

ലണ്ടന്‍: നിരോധിത സംഘടനയായ പലസ്തീന്‍ ആക്ഷനെ പിന്തുണച്ചു എന്ന സംശയത്തില്‍ സഫോക്കിലെ വ്യോമസേനാസ്ഥാനത്തിനു പുറത്ത് വെച്ച് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാവിലെ ലേക്കന്‍ഹീത്ത് എയര്‍ബേസിന്റെ പ്രധാന കവാടത്തിന് പുറത്തുവെച്ചായിരുന്നു അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും അറസ്റ്റിലായത്. ഇറാന്‍ യുദ്ധത്തിനെതിരായ ഒരു പ്രതിഷേധം നടക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. ഒരു സമാധാന ശിബിരം നടന്നുവരികയായിരുന്നു അവിടെ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറാന്‍ വെടിവെച്ചു വീഴ്ത്തിയ അമേരിക്കന്‍ ഫൈറ്റര്‍ ജെറ്റ് ലേക്കന്‍ഹീത്തില്‍ നിന്നായിരുന്നു പറന്നുയര്‍ന്നത് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധക്കാര്‍ എയര്‍ബേസിനു മുന്‍പില്‍ പ്രതിഷേധിക്കാന്‍ എത്തിയത്. മുന്‍ സൈനിക ഉദ്യോഗസ്ഥനായ റിട്ട. കേണല്‍ ക്രിസ് റോംബെര്‍ഗ് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ് നടന്നതെന്ന് പരിപാടി സംഘടിപ്പിച്ച ലേക്കന്‍ഹീത്ത് അലയന്‍സ് ഫോര്‍ പീസ് എന്ന സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, നിരോധിത സംഘടനയെ പിന്തുണച്ചു എന്ന സംശയത്തില്‍ അഞ്ചു പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തതായി സഫോക്ക് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. അവരെ ബറി സെയിന്റ് എഡ്മണ്ട്‌സ് പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സെന്ററില്‍ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പക്ഷപാതമോ, ഭയമോ കൂടാതെ സുതാര്യമായി നിയമം നടപ്പിലാക്കാനുള്ള കടമ സഫോക്ക് പോലീസിനുണ്ടെന്നും അതാണ് ചെയ്യുന്നതെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു പലസ്തീന്‍ ആക്ഷനെ നിരോധിത സംഘടനയായി ഹൈക്കോടതി പ്രഖ്യാപിച്ചത്.
വ്യോമസേനാസ്ഥാനത്തിനു മുന്‍പില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച മറ്റ് രണ്ടുപേരെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് മെയ് 22 ന് ഇപ്‌സ്വിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. അതില്‍ ഒരാള്‍ക്ക് മേല്‍ പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും കേസുണ്ട്. ഈ കേസില്‍ ഇയാള്‍ ഏപ്രില്‍ 27 ന് കോടതിയില്‍ ഹാജരാകണം.
നെയ്ജല്‍ ഫരാജിനെ മറികടന്ന് ജനപ്രീതിയില്‍ കെമി ബെയ്ഡ്‌നോക്ക് മുന്നില്‍
ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച നേതാവായി. അവരുടെ തുറന്നടിച്ചുള്ള സംസാര രീതിയാണ് ജനങ്ങളെ ഏറ്റവുമധികം ആകര്‍ഷിക്കുന്നതെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ജനപ്രീതി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ബെയ്ഡ്‌നോക്ക് ഇപ്പോള്‍ അക്കാര്യത്തില്‍ റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജിനെയും മറികടന്നിരിക്കുകയാണ്.
ഒക്ടോബറിലെ പാര്‍ട്ടി സമ്മേളനത്തിനു മുന്‍പ് മൈനസ് 32 ല്‍ ആയിരുന്ന കെമി ബെയ്ഡ്‌നോക്കിന്റെ ജനപ്രീതി ഏറ്റവും പുതിയ സര്‍വ്വേയില്‍ മൈനസ് 9 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ മൈനസ് 11 സ്‌കോര്‍ ലഭിച്ച ലിബറല്‍ ഡെമോക്രാറ്റ്‌സ് നേതാവ് സര്‍ എഡ് ഡേവിയേയും, മൈനസ് 16 ലഭിച്ച റിഫോം നേതാവ് നെയ്ജല്‍ ഫരാജിനെയും കടത്തിവെട്ടി ഇവര്‍ ബ്രിട്ടനിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച നേതാവായി മാറി.
മുന്‍ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്‌നാറുടെ നികുതി വിവാദത്തിലും, പീറ്റര്‍ മാന്‍ഡെല്‍സന്‍ വിവാദത്തിലും പ്രധാനമന്ത്രിയെ വെല്ലുവിളിച്ചതടക്കമുള്ള അവര്‍ അടുത്ത കാലത്ത് നടത്തിയ ചില ഇടപെടലുകളാണ് അവരുടെ റേറ്റിംഗ് ഉയരാന്‍ ഇടയാക്കിയത്. നേതാവിന്റെ ജനപ്രീതി ഏറെ വര്‍ദ്ധിക്കുമ്പോഴും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പ്രതീക്ഷിക്കാന്‍ ഏറെയൊന്നും ഈ സര്‍വ്വേയും നല്‍കുന്നില്ല. അതേസമയം, പൊതുജനങ്ങളുടെ താല്പര്യം സംരക്ഷിക്കല്‍, സുതാര്യത എന്നീ വിഷയങ്ങളില്‍ കെമി ബെയ്ഡ്‌നോക്ക് ഫരാജിനു പുറകില്‍ തന്നെ തുടരുകയുമാണ്.


