- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അവനെ അടിച്ചു കൊല്ല് ചേട്ടാ...': പോലീസുകാരനെതിരെ കള്ളക്കഥ മെനഞ്ഞ് എസ്എഫ്‌ഐ; മിഥുന്റെ കൂടെയുണ്ടായിരുന്ന പേരറിയാത്ത യുവതിയേയും പ്രതിയാക്കി; അടിച്ചവര്‍ക്ക് സ്റ്റേഷന് ജാമ്യം; കൊണ്ടവര്‍ ഇനി മുന്‍കൂര്‍ ജാമ്യം കോടതിയില്‍ നിന്നെടുക്കണം; ഇത് അധികാര തണലില്‍ എന്തിനും മടിക്കാത്ത എസ് എഫ് ഐ പ്രതികാര രാഷ്ട്രീയം; ആ സഹോദരിയേയും കേസില്‍ പ്രതിയാക്കുമ്പോള്‍

തിരുവനന്തപുരം: അധികാരത്തിന്റെ തണലില്‍ ആരെയും എന്തും ചെയ്യാമെന്ന അഹന്തയ്ക്ക് ഒടുവിലത്തെ ഉദാഹരണമായി മാളിലെ പോലീസുകാരനെതിരെയുള്ള മര്‍ദ്ദനക്കേസ് മാറുന്നു. കുടുംബത്തോടൊപ്പം മാളിലെത്തിയ എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മിഥുന്‍ റോയിയെ എസ്എഫ്‌ഐ ഗുണ്ടകള്‍ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍, ഇപ്പോള്‍ മിഥുനെതിരെ ചുമത്തിയിരിക്കുന്ന എഫ്.ഐ.ആറിലെ പരാമര്‍ശങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. മര്‍ദ്ദനമേറ്റ പോലീസുകാരനെ ക്രൂരനായി ചിത്രീകരിക്കാന്‍ എസ്എഫ്‌ഐ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ എഫ്.ഐ.ആര്‍.
'അവനെ അടിച്ചു കൊല്ല് ചേട്ടാ...' എന്ന് മിഥുനൊപ്പമുണ്ടായിരുന്ന യുവതി ആക്രോശിച്ചു എന്നാണ് എസ്എഫ്‌ഐക്കാരനായ പരാതിക്കാരന്‍ വിനയ് പ്രകാശ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ പുറത്തുവന്ന നിരവധി വീഡിയോ ദൃശ്യങ്ങളില്‍ എവിടെയും ഇത്തരമൊരു പരാമര്‍ശം ആരും നടത്തുന്നതായി കേള്‍ക്കാനില്ല. മര്‍ദ്ദനമേറ്റ മിഥുനെ പ്രതിരോധിക്കാന്‍ ശ്രമിച്ച സഹോദരിയെ പോലും കേസിലേക്ക് വലിച്ചിഴയ്ക്കാനായി കെട്ടിച്ചമച്ചതാണ് ഈ മൊഴിയെന്ന് വ്യക്തം. എസ്എഫ്‌ഐക്കാര്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോകളില്‍ പോലും ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കേസ് ബലപ്പെടുത്താനായി പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിഥുന്റെ സഹോദരിയായിരുന്നു കൂടെയുണ്ടായിരുന്നത്. ഇതോടെ സഹോദരിയും കേസില്‍ പ്രതിയായി. മിഥുന്റെ കൂടെയുണ്ടായിരുന്നത് മറ്റാരെങ്കിലും ആയിരിക്കുമെന്ന് കരുതി നല്‍കിയ മൊഴിയാണ്. പേരറിയാത്ത സ്ത്രീയെന്നാണ് എഫ് ഐ ആറിലുള്ളത്.
കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്‍വലിക്കാന്‍ മിഥുന്‍ ആവശ്യപ്പെട്ടെന്നും അത് നിരസിച്ചപ്പോഴുള്ള വിരോധം മൂലം ഇടിവള (ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നുമാണ് എഫ്.ഐ.ആറിലെ വിചിത്രമായ വാദം. ഭാരതീയ ന്യായ സംഹിതയിലെ 296, 351(2), 115(2), 118(1), 3(5) എന്നീ ഗുരുതരമായ വകുപ്പുകളാണ് മിഥുനെതിരെ ചുമത്തിയിരിക്കുന്നത്. മര്‍ദ്ദനമേറ്റ പോലീസുകാരനെത്തന്നെ പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ജ് ചെയ്തതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് ഉറപ്പാണ്. ഇതിന് വേണ്ടിയുള്ള മൊഴിയാണ് നല്‍കിയത്. അത് അക്ഷരം പ്രതി പോലീസ് എഫ് ഐ ആറിലും ആക്കി. ഇതോടെ മുന്‍കൂര്‍ ജാമ്യം എടുക്കാതെ ഇനി മിഥുനും സഹോദരിക്കും പുറത്തു പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയുമായി. മിഥുനേയും സഹോദരിയേയും അറസ്റ്റു ചെയ്ത് ജയിലില്‍ അടക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്.
പുതുവത്സര രാത്രിയില്‍ നിയമലംഘനം നടത്തിയ എസ്എഫ്‌ഐക്കാരെ തടഞ്ഞതിലുള്ള പകപോക്കലാണ് ഈ സംഭവത്തിന് പിന്നിലെന്ന് മിഥുന്‍ ആരോപിക്കുന്നു. പോലീസിനെ പോലും വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാനും പിന്നീട് അവര്‍ക്കെതിരെ തന്നെ കള്ളക്കേസുകള്‍ നല്‍കാനും മടിക്കാത്ത എസ്എഫ്‌ഐയുടെ ഈ 'പ്രതികാര ശൈലി' സേനയ്ക്കുള്ളിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അധികാരത്തിന്റെ പിന്‍ബലത്തില്‍ നീതിയെ അട്ടിമറിക്കുന്ന ഈ നടപടി സാധാരണക്കാരന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ്. തിരുവനന്തപുരം മാളില്‍ വെച്ച് കുടുംബത്തോടൊപ്പം എത്തിയ പോലീസുകാരനെ വളഞ്ഞിട്ട് തല്ലിയ എസ്എഫ്‌ഐ ഗുണ്ടകള്‍ ഇപ്പോള്‍ പുതിയ കള്ളക്കഥയുമായി രംഗത്തെത്തിയിരിക്കുകയാണ്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിചിത്രമായ വാദങ്ങള്‍ കേട്ടാല്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് പൊതുസമൂഹം.
എസ്എഫ്‌ഐക്കാര്‍ തന്നെ ആവേശത്തോടെ പകര്‍ത്തിയ വീഡിയോകളില്‍ പോലുമില്ലാത്ത ഈ 'കൊലവിളി' ഇപ്പോള്‍ എഫ്.ഐ.ആറില്‍ എങ്ങനെ വന്നു? പോലീസുകാരന്റെ കൂടെയുണ്ടായിരുന്ന സഹോദരിയെ പോലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഒതുക്കിത്തീര്‍ക്കാനുള്ള ഈ നീക്കം ആരുടെ ബുദ്ധിയാണ്? പ്രതികാരം തീര്‍ക്കാന്‍ ഏതറ്റം വരെയും പോകുമെന്നതിന് തെളിവാണ് മിഥുനെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍.


