- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് നിന്നുള്ള ഡോക്ടറ്റേറ് വ്യാജമെന്ന് ആരോപിച്ച് ഡോ.വിളനിലത്തെ എസ്എഫ്‌ഐ വെള്ളം കുടിപ്പിച്ചത് നീണ്ട നാലുവർഷം; സർവകലാശാല വളപ്പിൽ പോലും കയറ്റാത്ത ആ പ്രക്ഷോഭത്തിന്റെ യഥാർത്ഥ കാരണം ഇന്നും ദുരൂഹം; വ്യാജനെന്ന് മുദ്രകുത്തി എസ്എഫ്‌ഐ അധിക്ഷേപിച്ച വിസിയെ ഒടുവിൽ ആദരിച്ചത് എ കെ ജി സെന്ററിൽ വച്ചും; ആ കഥ ഇങ്ങനെ
തിരുവനന്തപുരം: കേരള സർവ്വകലാശാലക്ക് പുതിയ വൈസ് ചാൻസലറെ നിയമിക്കുന്നതിനെ ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർവ്വകലാശാലയും തമ്മിലുള്ള തർക്കം പുതിയ വഴിത്തിരിവിൽ എത്തിനിൽക്കുന്ന സമയത്ത് തന്നെയാണാണ് കേരള സർവ്വകലാശാലയിൽ ഒരു പക്ഷെ ഏറ്റവുമധികം അഗ്‌നിപരീക്ഷകളെ നേരിട്ട വൈസ്ചാൻസലർ ആയിരുന്ന ഡോ.ജെ.വി.വിളനിലം വിടവാങ്ങുന്നത്.
ഡോ.വിളനിലം വൈസ് ചാൻസലർ ആയിരുന്ന കാലഘട്ടത്തിലാണ് കേരളത്തിൽ ഏറ്റവുമധികം നീണ്ടു നിന്ന പ്രക്ഷോഭത്തിനും തുടക്കമാകുന്നത്. കേരള സർവ്വകലാശാലയിലെ അദ്ധ്യാപകൻ ആയിരിക്കെ ലീവെടുത്ത് അമേരിക്കയിൽ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം മടങ്ങി എത്തിയാണ് അദ്ദേഹം വൈസ് ചാൻസലർ പദവി ഏറ്റെടുക്കുന്നത്. കേരള സർവ്വകലാശാലയിലെ ജേണലിസം വിഭാഗത്തിന്റെ മേധാവിയുടെ കസേരയിൽ നിന്നാണ് അദ്ദേഹം വൈസ്ചാൻസലർ പദവിയിൽ എത്തുന്നത്.
ഇന്ത്യയിലും അമേരിക്കയിലുമായി വർഷങ്ങളോളം ഡോ.വിളനിലം അദ്ധ്യാപനം നടത്തിയിരുന്നു. കേരളത്തിൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനത്തിന് തുടക്കമിട്ടതും അദ്ദേഹമാണ്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ വിളനിലത്തിനെ എമിരിറ്റസ് പ്രൊഫസർ പദവി നൽകി ആദരിച്ചിട്ടുണ്ട്. 1992 -96 കാലഘട്ടത്തിൽ വി സി.ആയിരിക്കുമ്പോഴാണ് കേരളത്തിൽ വൻ വിദ്യാർത്ഥിപ്രക്ഷോഭത്തിന് തുടക്കമിട്ട വിളനിലത്തിന് എതിരെയുള്ള ആരോപണം പുറത്ത് വരുന്നത്.
കേരളസർവ്വകലാശാലയിലെ ജേണലിസം വകുപ്പിലെ വിദ്യാർത്ഥികൾ ആയിരുന്ന എം.ആർ.ഹരിയും ജെ.രാജശേഖരൻ നായരുമാണ് വിവാദത്തിന് തീകൊളുത്തിയത്. ഡോ.ജെ.വി വിളനിലത്തിന്റെ ഇംഗ്ലണ്ടിൽ നിന്നുള്ള ഡോക്ടറേറ്റ് വ്യാജമാണ് എന്നായിരുന്നു ആരോപണം. അന്ന് കെ.കരുണാകരൻ സർക്കാർ ആയിരുന്നു കേരളം ഭരിച്ചിരുന്നത്. വിളനിലത്തിന് എതിരെ ശക്തമായ പ്രക്ഷോഭവുമായി എസ്.എഫ്.ഐയും മറ്റ് ഇടത്പക്ഷ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി.
ഇംഗ്ലണ്ടിലെ സസെക്‌സ് സർവകലാശാലയിൽ നിന്നും അദ്ദേഹം നേടിയ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണം ഉന്നയിച്ച് എസ്എഫ്‌ഐ നാല് വർഷം നീണ്ട സമരത്തിന് തുടക്കം കുറിച്ചു. വൈസ് ചാൻസ്‌ലറെ സർവകലാശാല വളപ്പിൽ കയറ്റാതെ എസ്എഫ്‌ഐ വഴിയിൽ തടഞ്ഞു. തെരുവുകളിൽ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി. സർവകലാശാലയിലേക്ക് പോകാൻ പറ്റാതായതോടെ ഡോ. ജെ. വി. വിളനിലം സ്വന്തം വീട്ടിൽ സർവകലാശാല സിറ്റിക്കേറ്റ് യോഗം വിളിച്ച് ചേർത്ത സംഭവം വരെയുണ്ടായി.
എസ്.എഫ്.ഐ നേതാവായിരുന്ന സുനിൽ.സി.കുര്യൻ ആയിരുന്നു സമരം നയിച്ചത്. അങ്ങേയറ്റം അക്രമാസക്തമായ സമരം ഏറെ നാൾ നീണ്ടു നിന്നു. ഡോ.വിളനിലത്തിന് സർവ്വകലാശാല ഓഫീസിൽ ഇക്കാലയളവിൽ ഓഫീസിൽ കയറാനും കഴിഞ്ഞില്ല. ക്രമേണ അക്രമ സമരം കെട്ടടങ്ങി. പക്ഷെ ഒരു വൈസ് ചാൻസലർ എന്ന നിലയിൽ കേരള സർവ്വകലാശാലയിൽ അദ്ദേഹം നടപ്പാക്കാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഒന്നും നടപ്പിലാക്കാൻ ഈ സമരം അനുവദിച്ചില്ല.
കാലം പിന്നെയുമുുരണ്ടു. സിപിഎമ്മിന്റെ സംസ്ഥാനത്തെ ആസ്ഥാനമായ എ.കെ.ജി സെന്ററിൽ പാർട്ടിയുടെ പോഷക സംഘടന സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ ഡോ.വിളനിലം എത്തി. സമുന്നതനായ ഒരു സിപിഎം നേതാവ് വിളനിലത്തെ സ്വാഗത പ്രസംഗത്തിൽ വിശേഷിപ്പിച്ചത് ആഗോളതലത്തിൽ പ്രശസ്തനായ മാധ്യമവിദഗ്ധൻ എന്നായിരുന്നു. പക്ഷെ ഇപ്പോഴും ഒരു സംശയം ബാക്കി നിൽക്കുന്നു. എന്തിന് വേണ്ടി ആയിരുന്നു അന്ന് സമരം നടത്തിയത് ഒപ്പം എന്ത് കാരണത്താലാണ് സമരം പിൻവലിച്ചത് എന്നും. വിളനിലത്തിന്റെ പി എച്ഡി വിഷയത്തിൽ എസ്എഫ്‌ഐയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് അന്ന് നിയോഗിച്ച അന്വേഷണ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. അന്ന് സമര നേതാവായിരുന്ന സുനിൽ.സി.കുര്യൻ ഇന്ന് ജീവിച്ചിരിപ്പില്ല. വിളനിലം വിടവാങ്ങുമ്പോൾ എസ്എഫഐക്ക് ഓർക്കാൻ ഉണ്ടാകുക നാലുവർഷം നീണ്ട ആ പാഴ് സമരത്തെ കുറിച്ചായിരിക്കും.
മറുനാടന് മലയാളി ബ്യൂറോ