- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്ന മുറി പുറത്തു നിന്ന് പൂട്ടി എസ് എഫ് ഐയുടെ സമരം; പ്രിൻസിപ്പലിനെയും സ്ത്രീകൾ ഉൾപ്പെടെ 21 അദ്ധ്യാപകരെയും രാത്രി 12 മണിവരെ തടവിലാക്കി കുട്ടി സഖാക്കൾ; ആഹാരവും മരുന്നുമില്ലാതെ വലഞ്ഞ് അദ്ധ്യാപകർ; ഇത് തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥി ക്രൂരത
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ അദ്ധ്യാപകരെ രാത്രി വൈകിയും എസ്എഫ്‌ഐ പ്രവർത്തകർ പൂട്ടിയിട്ടതിൽ ഉയരുന്ന വ്യാപക പ്രതിഷേധം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകരെ സസ്‌പെൻഡുചെയ്തതാണ് സമരത്തിന് കാരണം. എസ്എഫ്‌ഐ പ്രവർത്തകർക്കെതരെ ഏകപക്ഷീയമായ നടപടിയെടുത്തു എന്ന് ആരോപിച്ചായിരുന്നു മണിക്കൂറുകൾ നീണ്ട ഉപരോധം. പ്രിൻസിപ്പലിന്റെ മുറി പൂട്ടിയ എസ്.എഫ്.ഐ പ്രവർത്തകർ അദ്ധ്യാപകരെ ആഹാരം കഴിക്കാൻ പോലും പുറത്തേയ്ക്ക് വിട്ടില്ല.
ഗവ. ലോ കോളേജിലെ പ്രിൻസിപ്പലിനെയും സ്ത്രീകൾ ഉൾപ്പെടെയുള്ള 21 അദ്ധ്യാപകരെയും വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിമുതൽ രാത്രി പന്ത്രണ്ടരവരെ എസ്.എഫ്.ഐ. പ്രവർത്തകർ മുറിയിൽ പൂട്ടിയിട്ടുകയായിരുന്നു. ഇടയ്ക്ക് ലൈറ്റ് ഓഫ് ചെയ്ത് അദ്ധ്യാപകർക്കുനേരേ ആക്രമണം നടത്തിയതായും പരാതിയുണ്ട്. പരിക്കേറ്റ അദ്ധ്യാപികയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോചിപ്പിക്കുന്നതുവരെയും ഇവർക്ക് ഭക്ഷണമോ വെള്ളമോ എത്തിച്ചിരുന്നില്ല. പ്രായമായ അദ്ധ്യാപകർക്ക് മരുന്ന് കഴിക്കാനുണ്ടെന്ന് അറിയിച്ചിട്ടും യാതൊരു ദയവും കാട്ടിയില്ല. അങ്ങനെ കുട്ടി സഖാക്കൾ പുതിയ മാതൃകയായി.
24 എസ് എഫ് ഐ പ്രവർത്തകരെയാണ് അന്വേഷണ വിധേയമായിസസ്‌പെൻഡ് ചെയ്തത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കെഎസ്‌യു എസ്എഫ്‌ഐ സംഘർഷം ഉണ്ടായിരുന്നു. കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചവർക്കെതിരെയാണ് നടപടിയെന്ന് പ്രിൻസിപ്പൽ. കെഎസ്‌യുവിന്റെ അക്രമത്തിന് തെളിവുണ്ടായിട്ടും നടപടി എടുക്കുന്നില്ലെന്ന് ആക്രമണം നേരിട്ട എസ്എഫ്‌ഐ ആരോപിക്കുന്നു. ഇതിനായിരുന്നു അദ്ധ്യാപകരേയും പ്രിൻസിപ്പളിനേയും പൂട്ടിയിട്ടത്.
രാത്രി 12 മണിക്കുശേഷമാണ് പൊലീസ് ഉള്ളിൽ പ്രവേശിച്ച് അവരെ മോചിപ്പിച്ചത്. പൊലീസ് സ്ഥലത്തെത്തി നേരത്തേ ഇടപെടാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് വിദ്യാർത്ഥികളെ നീക്കാൻ പ്രിൻസിപ്പൽ അനുമതി നൽകിയില്ല. കോളേജിൽ സ്റ്റാഫ് കൗൺസിൽ യോഗം നടന്നു കൊണ്ടിരിക്കവേയാണ് പ്രതിഷേധവുമായി എത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ പുറത്തുനിന്ന് മുറി പൂട്ടിയിട്ടത്. അതുകൊണ്ട് തന്നെ മിക്കവാറും എല്ലാവരും മുറിക്കുള്ളിലായി.
അവരെ മോചിപ്പിക്കുന്നതുവരെയും വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ കോളേജ് വളപ്പിൽ മുദ്രാവാക്യവും ഭീഷണിയുമായി നിന്നിരുന്നു. അദ്ധ്യാപകർക്ക് ആഹാരമെത്തിക്കാൻ ശ്രമിച്ച പൊലീസിനോട് എസ്.എഫ്.ഐ. പ്രവർത്തകർ തട്ടിക്കയറി. പ്രിൻസിപ്പലിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും കെ.എസ്.യു. പ്രവർത്തകർക്കെതിരേ നൽകിയ പരാതിയിലും നടപടി വേണമെന്നുമായിരുന്നു എസ്.എഫ്.ഐ. പ്രവർത്തകരുടെ ആവശ്യം.
ലോ കോളേജിൽ 24-ന് നടക്കുന്ന യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയുമടക്കം പൂട്ടിയിട്ട സംഭവത്തിലേക്ക് എത്തിച്ചത്. ചൊവ്വാഴ്ച വനിതാ ഹോസ്റ്റലിനു മുന്നിൽ പ്രചാരണ ബോർഡ് സ്ഥാപിക്കാൻ എസ്.എഫ്.ഐ. ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ലോക കപ്പ് ഫുട്ബോൾ മത്സരസമയത്ത് കെ.എസ്.യു. സ്ഥാപിച്ച ബോർഡ് മാറ്റി അവിടെ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് എസ്.എഫ്.ഐ. പ്രിൻസിപ്പലിനെ സമീപിച്ചത്. ഒടുവിൽ കെ.എസ്.യു.ക്കാർക്ക് സമീപത്തുതന്നെ മറ്റൊരു സ്ഥലം നൽകി പരിഹരിച്ചു.
നാലുമണി കഴിഞ്ഞപ്പോൾ വീണ്ടും തർക്കം തുടങ്ങി. കെ.എസ്.യു. പ്രവർത്തകനായ ഒന്നാംവർഷ വിദ്യാർത്ഥി എസ്.എഫ്.ഐ. പ്രവർത്തകയെ അപമാനിച്ചുവെന്നാരോപിച്ച് ബഹളമായി. ഇരുസംഘടനയിലേയും നാല് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. വിദ്യാർത്ഥിനികൾ ഉൾപ്പെടെ ചികിത്സതേടിയിരുന്നു. രാത്രി 10 മണിയോടെ അകത്തെത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ കെ.എസ്.യു. സ്ഥാപിച്ചിരുന്ന കൊടിമരത്തിനും തോരണങ്ങൾക്കും തീയിട്ടു. ബുധനാഴ്ച സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് തെളിവുശേഖരിച്ച അധികൃതർ 24 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
പ്രിൻസിപ്പലിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് എസ്.എഫ്.ഐ.യും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കെ.എസ്.യു. പ്രവർത്തകരും ആരോപിച്ചു. പൊലീസ് ഇവിടെ ഇടപെടാനാകാതെ മടിച്ചു നിൽക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ