- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിമരുന്നിനെതിരായ അന്വേഷണ പരമ്പരയിൽ ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാർത്ത ചമച്ചെന്ന് ആരോപിച്ച് സൈബർ സഖാക്കൾ; ആരോപണം തെറ്റെന്ന് തെളിയിച്ച് ചാനൽ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ കുട്ടിസഖാക്കളുടെ ആക്രമണം; കൊച്ചി ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്‌ഐ പ്രവർത്തകർ
കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിൽ എസ്എഫ്‌ഐ പ്രവർത്തകർ അതിക്രമിച്ച് കയറി ഭീഷണി മുഴക്കി. കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയെന്നാണ് ചാനലിന്റെ പരാതി. ഇന്ന് വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവർത്തകർ പാലാരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുള്ളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്റെപ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ തള്ളി മാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിട്ടുണ്ട്.
എസ്എഫ്‌ഐയുടെ അതിക്രമത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. കൈക്കരുത്ത് കാട്ടിയുള്ള ഭീഷണിക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. സംഭവത്തിൽ സംസ്ഥാന സർക്കാർ വളരെ വേഗത്തിൽ, അന്വേഷണത്തിന് ഉത്തരവിടണമെന്നും ചാനൽ ആവശ്യപ്പെട്ടു.
ലഹരിമരുന്നിനെതിരായ അന്വേഷണ പരമ്പരയിൽ വ്യാജ വാർത്ത ചമച്ചെന്ന് ആരോപിച്ച് സൈബർ സഖാക്കൾ സോഷ്യൽ മീഡയയിൽ വ്യാപക പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇതിന്റെ തുടർച്ചയാണ് എസ്എഫ്‌ഐയുടെ ഓഫീസ് ആക്രമണം. വ്യാജ വാർത്ത എന്ന പ്രചാരണം തെറ്റെന്ന് തെളിയിക്കുന്നതാണ് പി.വി. അൻവർ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു.
നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് തയ്യാറാക്കിയ പരമ്പരയിലെ ഒരു അഭിമുഖത്തിനെതിരെയായിരുന്നു ആരോപണങ്ങളുയർന്നിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ സ്റ്റാഫിന്റെ ബന്ധുവിന്റെ കുട്ടിയെ കൊണ്ട് വീഡിയോയിൽ അഭിനയിച്ചിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു പി.വി. അൻവർ എംഎൽഎയടക്കമുള്ളവർ ആരോപിച്ചിരുന്നത്
2022 ജൂലൈയിൽ വിദ്യാർത്ഥിനിയുടെ അച്ഛൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടി ഉയർത്തിക്കാട്ടിയാണ് ഏഷ്യാനെറ്റിന്റെ പ്രതികരണം. വെളിപ്പെടുത്തൽ നടത്തിയ കുട്ടിയെ കുറിച്ചുള്ള പ്രത്യേക വാർത്തയും ചാനൽ നൽകിയിരുന്നു.
പരമ്പരയിൽ മൂന്നാം ദിവസം നൽകിയ വാർത്ത സ്‌കൂൾ കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ചായിരുന്നു. കണ്ണൂരിലെ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയെ രാസവസ്തുക്കൾ നൽകി സഹപാഠി ചൂഷണം ചെയ്ത സംഭവമാണ് ഇതിൽ വിവരിച്ചത്. എന്നാൽ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്ത സൃഷ്ടിക്കുകയാണെന്നും സൈബർ സഖാക്കൾ ആരോപിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നൽകിയിരിക്കുന്നത് വ്യാജ വാർത്തയല്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്ന വീഡിയോയും ചാനലിന്റെ റിപ്പോർട്ടിലുണ്ട്.
തില്ലങ്കേരിമാരും ആയങ്കിമാരും സൃഷ്ടിക്കപ്പെടുന്നത് ഇങ്ങനെ
അതേസമയം, ആകാശ് തില്ലങ്കേരിമാരും, അർജ്ജുൻ ആയെങ്കിമാരും എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്ന് എസ്.എഫ്.ഐക്കാർ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ നടത്തിയ പേക്കൂത്തുകൾ വരച്ചുകാട്ടുന്നുവെന്ന് എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.
'പിണറായി വിലാസം ന്യായീകരണ തൊഴിലാളികൾ മാത്രമായി അധഃപതിച്ച എസ്.എഫ്.ഐക്കാർ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസ് അക്രമിച്ചത് ജനാധിപത്യവിരുദ്ധമാണ്.ഇവരുടെയൊക്കെ മാധ്യമ സ്വാതന്ത്ര്യത്തെ പറ്റിയുള്ള ക്ലാസുകൾ ആത്മാർത്ഥതയില്ലാത്തതാണെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു.
നിയമവിരുദ്ധമായി ഏഷ്യാനെറ്റ് ന്യൂസ് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ പോലും ആർജ്ജവം ഇല്ലാത്ത കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നാണോ എസ്.എഫ്.ഐയുടെ ഇത്തരം പേക്കൂത്തുകളിലൂടെ പൊതുസമൂഹം തിരിച്ചറിയേണ്ടത്.
എസ്.എഫ്.ഐ ക്രിമിനലിസത്തിനെതിരെയും, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അക്രമിച്ച നടപടിക്കെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.'
കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ പ്രതിഷേധിച്ചു
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തി, ജീവനക്കാരെ ദീഷണിപ്പെടുത്തിയ സംഭവത്തിൽ കേരള ജേർണലിസ്റ്റ്‌സ് യൂണിയൽ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണ് എസ്.എഫ്.ഐയുടെ നടപടി. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത എസ്.എഫ്.ഐ നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ ആവശ്യപ്പെട്ടു.
അപലപിച്ച് കെ യു ഡബ്യു ജെ
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണി പെടുത്തുകയും ചെയ്ത എസ് എഫ് ഐ നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുന്നു.
വാർത്തകളോട് വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ലിത്.
കുറ്റക്കാർക്കെതിരെ അടിയന്തരമായി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്‌ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽസെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
കെ.യു.ഡബ്ല്യു.യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
ഏഷ്യാനെറ്റ് ന്യൂസിന്റെ പാലാരിവട്ടത്തെ റീജ്യനൽ ഓഫിസിൽ വെള്ളിയാഴ്ച വൈകീട്ട് എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറി ജോലി തടസ്സപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ നിന്നുണ്ടായത്. സ്ഥാപനത്തിൽ പ്രവേശിച്ച് മുദ്രാവാക്യം മുഴക്കിയതും സ്ഥാപനത്തിന് മുന്നിൽ അധിക്ഷേപ ബാനർ കെട്ടിയതും അപലപനീയമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.ആർ. ഹരികുമാറും സെക്രട്ടറി എം.സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ