തിരുവനന്തപുരം: തിരുവനന്തപുരം നഴ്‌സിങ് കോളേജിൽ പ്രിൻസിപ്പാലും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കേറ്റം. നഴ്‌സിങ് കോളേജിലെ ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും വേണമെന്ന് ആവശ്യപ്പെട്ടെത്തിയ എസ്എഫ്‌ഐ പ്രവർത്തകരാണ് പ്രിൻസിപ്പലുമായി രൂക്ഷമായി വാഗ്വാദത്തിൽ ഏർപ്പെട്ടത്. ഈ വാക്കുതർക്കത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കോളേജിൽ പ്രിൻസിപ്പൽ ഓഫീസിൽ ഇരിക്കുമ്പോൾ എത്തിയ എസ്എഫ്‌ഐ പ്രവർത്തകരായവർ അവരുമായി വാഗ്വാദത്തിൽ ഏർപ്പെടുന്നതാണ് ദൃശ്യങ്ങളിൽ. നഴ്‌സിങ് കോളേജ് വനിത ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും വേണം എന്നതായിരുന്നു എസ്എഫ്‌ഐ പ്രവർത്തകരുടെ ആവശ്യം. എന്നാൽ, എസ്എഫ്‌ഐക്കാർ പറയുന്നത് ഭരണപരമായ കാര്യമാണെന്നും ഫണ്ട് വേണമെന്നുമെല്ലാം പറഞ്ഞെങ്കിലും പ്രവർത്തകർ കേട്ടില്ല.

പിന്നാലെയാണ് വാക്കുതർക്കം രൂക്ഷമായത്. എസ്.എഫ്.ഐക്കാരുടെ ആവശ്യം നിരാകരിച്ച പ്രിൻസിപ്പൽ നിങ്ങൾ ആരാണെന്ന് ചോദിച്ചു കയർത്തു. അലവലാതികളോട് സംസാരിക്കാൻ ഇല്ലെന്നും പൊണ്ണത്തടിമാടന്മാർ വന്ന് തന്നെ അറ്റാക്ക് ചെയ്യാൻ നോക്കുന്നോ പ്രിൻസിപ്പാൾ പറഞ്ഞു. അടിച്ച് ഷേപ്പ് മാറ്റുമെന്നും പറഞ്ഞു. മുറിയിൽ ഇരുന്ന ഒരു പ്രതിമ എടുത്തു കൊണ്ടായിരുന്നു വനിതാ പ്രിൻസിപ്പലിന്റെ ആക്രോശം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

''നീ ആരാ ...ചില അലവലാതികൾ കയറി വന്ന് എന്നെപ്പറ്റി സംസാരിക്കാൻ ഞാൻ സമ്മതിക്കില്ല. ഞാനെന്ന വ്യക്തി കഴിഞ്ഞിട്ടേയുള്ളൂ ബാക്കി. എന്റെയടുത്ത് കളിക്കരുത്. ഒരു സർക്കാർ സ്ഥാപനത്തിലിരുന്ന് എന്നു പറഞ്ഞ് നിന്റയൊക്കെ വായിലുള്ളത് കേൾക്കേണ്ട കാര്യം എനിക്കില്ല. '' പ്രിൻസിപ്പാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. നിങ്ങളെ ഇവിടെ ഇരുത്തില്ല എന്നും എസ്.എഫ്.ഐ നേതാക്കളും പറയുന്നുണ്ട്. രൂക്ഷമായ വാക്കുതർക്കമാണ് ഇരുകൂട്ടരും തമ്മിൽ ഉണ്ടായത്. പ്രിൻസിപ്പലിന്റെ കസേര തെറിപ്പിക്കുമെന്ന ഭീഷണിയും ഉണ്ട്.